Categories: Kerala

മൈക്ക്കാരനെതിരെ പരസ്യമായി തട്ടിക്കയറി ഗോവിന്ദന്‍ മാസ്റ്റര്‍; നിന്റെ മൈക്കിന്റെ തകരാറിന് ഞാനാണോ ഉത്തരവാദിയെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍

Published by

തിരുവനന്തപുരം:  ജനകീയപ്രതിരോധ ജാഥയില്‍ പ്രസംഗിക്കുന്നതിനിടെ മൈക്ക് ശരിയാക്കാന്‍ വന്ന പയ്യനോട് കയര്‍ത്ത് എം.വി. ഗോവിന്ദന്‍മാസ്റ്റര്‍.  ഇതിന്റെ വീഡിയോ ഇപ്പോള്‍ വൈറലാണ്, സമൂഹമാധ്യമങ്ങളില്‍ ട്രോള്‍ ബഹളമാണ്..  

മൈക്കിനടുത്ത് നിന്ന് സംസാരിക്കാന്‍ പറഞ്ഞതിനായിരുന്നു ഗോവിന്ദന്‍മാസ്റ്റര്‍ മൈക്ക് ഒപ്പറേറ്ററായ പയ്യനോട് അനാവശ്യമായി തട്ടിക്കയറിയത്. ഏഷ്യാനെറ്റ് ന്യൂസിലെ റെയ്ഡിനെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കെയാണ് മൈക്ക് ഓപ്പറേറ്റര്‍ എത്തിയത്. ശബ്ദം കേള്‍ക്കാത്തതിനെ തുടര്‍ന്നാണ് പയ്യന്‍ മൈക്കിനടുത്ത് നിന്ന് സംസാരിക്കാന്‍ ഗോവിന്ദന്‍ മാസ്റ്ററെ  ഉപദേശിച്ചത്. ഇതോടെ ഗോവിന്ദന്‍ മാഷ് നിയന്ത്രണം വിട്ട് പയ്യനോട് സുദീര്‍ഘമായി പൊട്ടിത്തെറിക്കുകയായിരുന്നു.  

തൃശൂരിലെ മാളയിലാണ് സംഭവം. “അങ്ങോട്ട് പൊയ്‌ക്കോ…നിന്റെ മൈക്കിന്റെ തകറാറിന് ഞാനാണോ ഉത്തരവാദി. മൈക്കിന്റെ അടുത്ത് നിന്ന് പറയണമെന്നാണ്  ഈ ചെങ്ങായി പറയുന്നത്. ആദ്യായിട്ട് മൈക്കിന്റെ മുന്‍പില്‍ പ്രസംഗിക്കുന്നയാളോട് വിശദീകരിക്കുന്നത്പോലെയാണ്. കുറേ സാധനമുണ്ടായിട്ടും കൈകാര്യംചെയ്യാനറിയില്ല. മൈക്ക് ചെറുതായതല്ല പ്രശ്നം. ഏറ്റവും ആധുനികമായ ടെക്നോളജി ഉപയോഗിച്ച് കൈകാര്യം ചെയ്യേണ്ടഉപകരണമാണ്  മൈക്ക്. കൊറേ ഉപകരണങ്ങള്‍ വാരിവലിച്ചുകൊണ്ടുവന്നതുകൊണ്ടൊന്നും കാര്യമില്ല”. – ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.  

പൊതുവേ യാത്രയുമായി ബന്ധപ്പെട്ട് ഗോവിന്ദന്‍ മാസ്റ്റര്‍ നടത്തിയ വിശദീകരണങ്ങള്‍ ഫലിക്കുന്നില്ല എന്ന ചില വിമര്‍ശനങ്ങള്‍ പാര്‍ട്ടിക്കുള്ളിലും ഉയരുന്നതായി പറയുന്നു. ഷൊര്‍ണൂരില്‍ നിന്നും അപ്പമുണ്ടാക്കി എറണാകുളത്ത്കൊണ്ടു പോയി വിറ്റ് ലാഭമുണ്ടാക്കാമെന്ന് കെ-റെയിലിന്റെ നേട്ടങ്ങള്‍ നിരത്തിയതിനെതിരെ  ട്രോളുകളുടെ ബഹളമാണ്. ഒരിയ്‌ക്കുലം ഷൊര്‍ണ്ണൂരിലെ ആള്‍ക്ക് കെ റെയിലില്‍ പോയി  അപ്പം വിറ്റ് ലാഭമുണ്ടാക്കാനാവില്ലെന്ന് വിശദമായ മറുപടികള്‍ വന്നുകൊണ്ടിരിക്കുന്നതിനെ ചെറുക്കാന്‍ ഗോവിന്ദന്‍മാസ്റ്റര്‍ക്ക് ആവുന്നില്ല. ഗോവിന്ദന്‍ മാസ്റ്ററുടെ ഇത്തരം വിവരക്കേടിനെ പിന്തുണയ്‌ക്കാന്‍ പാര്‍ട്ടിയില്‍ ആരും കൂട്ടിനെത്തുന്നതുമില്ല.  

ലൈഫ് മിഷന്‍ പദ്ധതിയില്‍ ഇഡി രവീന്ദ്രനെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ്. അതിനിടയിലാണ് ഏഷ്യാനെറ്റിലെ റെയ്ഡ് വിവാദം. കടുത്തചൂടിനിടയില്‍ നടത്തുന്ന ഈ യാത്രയില്‍ പങ്കെടുക്കാനെത്തുന്നവര്‍ നന്നേചുരുക്കം. തൊഴിലുറപ്പ് തൊഴിലാളികളെ ഭീഷണിപ്പെടുത്തി കേള്‍വിക്കാരായി എത്തിക്കുന്നതിനെതിരെയും വിമര്‍ശനം ഉയരുന്നുണ്ട്. എല്ലാം കൂടിനിയന്ത്രണം വിട്ടിരിക്കുന്ന ഗോവിന്ദന്‍മാസ്റ്ററുടെ ഈ പൊട്ടിത്തെറി സ്വാഭാവികം മാത്രമെന്ന് സമൂഹമാധ്യമങ്ങള്‍. 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക