ഹൈദരാബാദ്: രണ്ട് ദശകം മുന്‍പാണത്. ഹൈദരാബാദിലെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ ചരിത്രമെഴുതി ഒരു ഇന്ത്യന്‍ പെണ്‍കുട്ടി. ഡബ്ല്യുടിഎ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരം, അതായിരുന്നു സാനിയ മിര്‍സ. ഇന്നലെ അതേ സ്റ്റേഡിയത്തില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കു മുന്നില്‍ റാക്കറ്റ് താഴെ വയ്ക്കുമ്പോള്‍ വനിതാ ടെന്നീസിലെ ഒരു നക്ഷത്രമായിക്കഴിഞ്ഞിരുന്നു സാനിയ.
ദുബായ് ഓപ്പണോടെ രാജ്യാന്തര ടെന്നീസ് കരിയറിനു വിരാമമിട്ട സാനിയ, വിടവാങ്ങലിന് തെരഞ്ഞെടുത്തത് സ്വന്തം നാട്. അവിടെ പ്രദര്‍ശന മത്സരം കളിച്ചാണ് താരം വിടവാങ്ങിയത്. രോഹന് ബൊപ്പണ, ക്രിക്കറ്റ് താരം യുവരാജ് സിങ്, ടെന്നീസ് കോര്‍ട്ടുകളിലെ തന്റെ പ്രിയ കൂട്ടുകാരി ബെഥാനി മാറ്റക് സാന്‍ഡ്സ് എന്നിവര്‍ക്കൊപ്പമാണ് സാനിയ അവസാന മത്സരം കളിച്ചത്. ഇതില്‍ സാനിയ കളിച്ച ടീം രണ്ടും ജയിച്ചു. മൂന്ന് വീതം ഡബിള്‍സ്, മിക്സഡ് ഡബിള്‍സ് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള സാനിയ, ഡബിള്‍സ് റാങ്കിങ്ങില്‍ ഒന്നാമതുമെത്തിയിരുന്നു.
മുന്‍ കേന്ദ്ര കായിക മന്ത്രി കൂടിയായ നിയമമന്ത്രി കിരണ്‍ റിജിജു, ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീന്, സിനിമ താരം ദുല്‍ഖര്‍ സല്മാന് അടക്കം സന്നിഹിതരായിരുന്നു. ഇവിടെ വിശിഷ്ടാതിഥികള്‍ അടങ്ങിയ വേദിയില്‍ അവസാന മത്സരം കളിക്കുന്നതില്‍ ആവേശഭരിതയാണെന്ന് സാനിയ പറഞ്ഞു. സാനിയ ഇന്ത്യന്‍ ടെന്നീസിനു മാത്രമല്ല, ഇന്ത്യന്‍ കായികരംഗത്തിനാകെ പ്രചോദനമാണെന്നാണ് റിജുജു പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: