ന്യൂദല്‍ഹി : മദ്യപിച്ച് വിമാനത്തില്‍ സഞ്ചരിച്ച വിദ്യാര്‍ത്ഥി സഹയാത്രികന്റെ മേല്‍ മൂത്രമൊഴിച്ചു. ന്യൂയോര്‍ക്കില്‍ നിന്ന് ന്യൂദല്‍ഹിയിലേക്കുള്ള എഎ 292 വിമാനത്തിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന വിദ്യാര്‍ത്ഥി ഉറക്കത്തിനിടെ മൂത്രമൊഴിക്കുകയായിരുന്നു. ന്യൂയോര്‍ക്കില്‍നിന്ന് രാത്രി 9.15-ന് പുറപ്പെട്ട് ദല്‍ഹിയില്‍ ശനിയാഴ്ച ഉച്ചയോടെ ഇറങ്ങിയ വിമാനത്തിലാണ് സംഭവം.
യുഎസ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥിയാണ് യുവാവ്. യാത്രയ്ക്കിടെ മദ്യലഹരിയിലായിരുന്ന ഇയാള്‍ ഉറക്കത്തില്‍ മൂത്രമൊഴിച്ചു. ഇത് സമീപത്തുള്ളയാളുടെ ദേഹത്തായി. ഇതോടെ സഹയാത്രികന് അധികൃതരെ അറിയിക്കുകയായിരുന്നു. അതേസമയം മൂത്രമൊഴിച്ച വിദ്യാര്‍ത്ഥി ക്ഷമാപണം നടത്തിയതിനാല്‍ അയാളുടെ അഭ്യര്‍ത്ഥന മാനിച്ച് പോലീസില്‍ അറിയിക്കുന്നില്ലെന്ന് സഹയാത്രികന് പറഞ്ഞു. എന്നാല്‍ വിമാനം അധികൃതര്‍ വിഷയം ഗൗരവത്തിലെടുക്കുകയും വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോളറെ വിവരമറിയിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ ദല്‍ഹി പോലീസിന് കൈമാറി.
എന്നാല്‍ ജീവനക്കാരോടും ഇയാള്‍ ക്ഷമാപണം നടത്തിയതായി എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. പോലീസ് മൊഴി രേഖപ്പെടുത്തിവരികയാണെന്ന് എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥന് പറഞ്ഞു. ഇന്ത്യയുടെ വ്യോമയാന നിയമങ്ങള്‍ അനുസരിച്ച് ഒരു യാത്രക്കാരന് അച്ചടക്കലംഘനത്തിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ ക്രിമിനല്‍ നിയമപ്രകാരമുള്ള നടപടിക്ക് പുറമേ കുറ്റകൃത്യത്തിന്റെ തോത് അനുസരിച്ച് നിശ്ചിത സമയത്തേക്ക് വിമാനയാത്രയ്ക്ക് വിലക്കുണ്ടാകും.
കഴിഞ്ഞ വര്‍ഷം എയര്‍ ഇന്ത്യ വിമാനത്തില്‍ ന്യൂയോര്‍ക്കില്‍നിന്നു ദല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെ സഹയാത്രികയുടെ ദേഹത്തു ശങ്കര്‍ മിശ്ര എന്നയാള്‍ മൂത്രമൊഴിച്ച സംഭവം വിവാദമായിരുന്നു. മാസങ്ങള്‍ക്കിടെ ഇത് രണ്ടാംതവണയാണ് വിമാനത്തില്‍ മൂത്രമൊഴിക്കുന്ന സംഭവമുണ്ടാകുന്നത്. കേസില്‍ മിശ്രയ്ക്കെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ജാമ്യം ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: