കൊച്ചി : ബ്രഹ്മപുരത്ത് പത്തോളം വരുന്ന അഗ്നിശമന സേനാ യൂണിറ്റുകള്‍ തീ അണക്കാനുള്ള ശ്രമം തുടരുന്നു. പൂര്‍ണ്ണമായി അല്ലെങ്കിലും 80ശതമാനം തീ കെടുത്താന്‍ സാധിച്ചെന്നാണ് ഫയര്‍ഫോഴ്സ് അറിയിച്ചത്. ബ്രഹ്മപുരം തീപിടുത്തതിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് അടിയന്തരയോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
ഇന്ന് രാവിലെ എറണാകുളം കളക്ടറേറ്റില്‍ വെച്ച് നടക്കുന്ന യോഗത്തില്‍ എറണാകുളം ജില്ലയുടെ ചുമതലയുള്ള മന്ത്രി പി.രാജീവും ജില്ലാ കളക്ടറും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പോലീസ്, അഗ്നിരക്ഷാ ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്. മൂന്ന് ദിവസമായി കൊച്ചിയെ മൂടി നില്ക്കുന്ന പുക കാരണമുള്ള ആരോഗ്യപ്രശ്നങ്ങള്‍ കണക്കിലെടുത്താണ് അടിയന്തരയോഗം ചേരുന്നത്.
രാത്രി കാറ്റിന്റെ ദിശ മാറിയതോടെ കൊച്ചി നഗരത്തിന്റെ എല്ലാ ഭാഗത്തേക്കും പുകഎത്തിയിരുന്നു. ഇന്ന് രാവിലെയോടെ സ്ഥിതിയില്‍ അല്പം മാറ്റമുണ്ട്. ബ്രഹ്മപുരത്തെ തീപിടുത്തതെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി സിറ്റി പോലീസ് കമ്മീഷണര്‍ കെ.സേതുരാമന് അറിയിച്ചു. അതേസമയം ബ്രഹ്മപുരത്ത് തീയണയ്ക്കാനുള്ള ശ്രമം അന്തിമഘട്ടത്തിലാണെന്ന് അഗ്നിക്ഷാസേന അറിയിച്ചു. ഇന്ന് തന്നെ തീ പൂര്‍ണമായി അടയ്ക്കാനാവും എന്നാണ് പ്രതീക്ഷിക്കുന്നത്.
ഫയര്‍ഫോഴ്സിന്റെ 25 യൂണിറ്റും നാവിക സേനയുടെ 2 യൂണിറ്റുമാണ് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തി വരുന്നത്.ഇതിനോടകം എണ്‍പതം ശതമാനം തീയും അണച്ചു കഴിഞ്ഞു. അവശേഷിക്കുന്ന അഗ്നി കൂടി അണയ്ക്കാനുള്ള ശ്രമത്തിലാണെന്നും ജില്ലാ ഫയര്‍ഫോഴ്സ് മേധാവി എന്‍.സതീശന് വ്യക്തമാക്കി. മിനിറ്റില്‍ 5000 ലിറ്റര്‍ വെള്ളം വലിച്ചെടുക്കാന്‍ സാധിക്കുന്ന ഹൈ പ്രഷര്‍ പമ്പ് വഴി പുഴയില്‍ നിന്നും വെള്ളം എടുത്ത് തീയില്‍ ഒഴിച്ചു കൊണ്ടിരിക്കുകയാണ്.
നിലവില്‍ കൊച്ചിയിലെ കുണ്ടന്നൂര്‍ ഭാഗത്ത് കനത്ത പുകയുണ്ടെന്നാണ് റിപ്പോര്‍ട്ട്. കൊച്ചിയിലെ വായു ഗുണനിലവാരം മോശം അവസ്ഥയില്‍ എത്തി നില്‍ക്കുകയാണ്. മലിനീകരണം ഉണ്ടാക്കുന്ന കണങ്ങളുടെ അളവ് അനുവദനീയമായതിലും ആറിരട്ടിയിലധികമാണെന്നാണ് വിവരം. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി.
തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് കൊച്ചി കോര്പ്പറേഷന് 1.8 കോടി രൂപ പിഴ ചുമത്തും. പ്ലാസ്റ്റിക് മാലിന്യത്തിന് തീപിടിച്ചതുമൂലം വന്‍ പാരിസ്ഥിതിക ആഘാതമാണുണ്ടായതെന്ന് വിലയിരുത്തിയാണ് തീരുമാനം. നിയമപരമായ നടപടികള്‍ക്ക് ചീഫ് എന്‍ജിനീയറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മലിനീകരണ നിയന്ത്രണബോര്‍ഡ് ചെയര്മാന് എ.ബി. പ്രദീപ് കുമാര്‍ പറഞ്ഞു.
ബയോ മൈനിങ് നടപടികള്‍ പൂര്‍ത്തിയാക്കേണ്ട സമയം കഴിഞ്ഞു. നടപടിക്രമങ്ങള്‍ പാലിക്കുന്നതില്‍ വന്ന വീഴ്ചയാണ് സ്ഥിതി ഗുരുതരമാക്കിയത്. ഫയര്‍ ഹൈഡ്രന്റുകള്‍ പ്രവര്‍ത്തിച്ചിട്ടില്ല. പരിസ്ഥിതിക്കുണ്ടായ ആഘാതവും മറ്റു നഷ്ടങ്ങളുമെല്ലാം വരുംദിവസങ്ങളില്‍ കൂടുതലായി വിലയിരുത്തും. അതിന്റെ അടിസ്ഥാനത്തില്‍ നഗരസഭയ്ക്ക് വീണ്ടും പിഴ ചുമത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: