ചാലക്കുടി:സ്കൂട്ടറില്‍ ബാഗില്‍ ഒളിപ്പിച്ച നിലയില്‍ മയക്കമരുന്നായ സിന്തറ്റിക് സ്റ്റാമ്പ് ചാലക്കുടി എക്സൈസ് പിടികൂടി.ഇതുമായി ബന്ധപ്പെട്ട് നായരങ്ങാടി കാളിയാങ്കര വീട്ടില്‍ ഷീലാ സണ്ണി (51)യെ എക്സൈസ് അറസ്റ്റ് ചെയ്തു. ഷീലയുടെ സ്കൂട്ടറില്‍ നിന്നുമാണ് ലഹരി സ്റ്റാമ്പ് കണ്ടെത്തിയത്.
ഏകദേശം ഒരു ലക്ഷം രൂപവിലവരുന്ന 12 സ്റ്റാമ്പുകളാണ് കണ്ടെത്തിയത്. ചാലക്കുടി മെയിന്‍ റോഡിന് സമീപം ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന ഷീല ലഹരി വസ്തുക്കള്‍ കൈമാറുന്നുവെന്ന രഹസ്യവിവരം കിട്ടിയതിനെ തുടര്‍ന്ന് എക്സൈസ് പരിശോധന നടത്തുകയായിരുന്നു. ബ്യൂട്ടിപാര്‍ലറില്‍ എത്തുന്ന യുവതികള്‍ക്ക് ലഹരി സ്റ്റാമ്പ് ഇവര്‍ വില്പന നടത്താറുണ്ട്. ബ്യൂട്ടി പാര്‍ലറില്‍ വരുന്നവര്‍ക്കാണ് ഇവര്‍ മയക്കമരുന്ന് സൂക്ഷിക്കുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. നാവിന് മുകളിലോ അടിയിലോ വെയ്ക്കുന്നതോടെ പതുക്കെ ലഹരിബാധ ഉണ്ടാകുന്നതാണ് അനുഭവം.
ഷീലയ്ക്ക് ലഹരി സ്റ്റാമ്പ് നല്‍കിയതാരാണെന്നും എക്സൈസ് അന്വേഷിക്കുന്നുണ്ട്. ഇരിങ്ങാലക്കുട എക്സൈസ് ഇന്‍സ്പെക്ടര്‍ സതീശന്, പ്രിവന്റീവ് ഓഫീസര്‍മാരായ ജയദേവന്, ഷിജു വര്‍ഗീസ്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി.എസ്. രജിത, സി.എന്‍. സിജി, ഡ്രൈവര്‍ ഷാന്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: