തൃശൂര്‍ : ഏറെ നാളായി നീണ്ടു നില്ക്കുന്ന അനിശ്ചിതത്വങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കും ഒടുവില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന് ജാഥയില്‍ പങ്കെടുക്കാന്‍ തൃശൂരില്‍. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് നയിക്കുന്ന പ്രതിരോധ ജാഥ കണ്ണൂരില്‍ എത്തിയപ്പോഴും ഇപി പങ്കെടുത്തിരുന്നില്ല. റിസോര്‍ട്ട് വിവാദങ്ങള്‍ക്ക് പിന്നാലെ ഇത്തരത്തില്‍ വിട്ടു നില്‍ക്കുന്നത് ഏറെ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.
താന്‍ ജാഥയില്‍ അംഗമല്ലെന്നായിരുന്നു ഇപി ആദ്യം പ്രതികരിച്ചത്. ജാഥയില്‍ എവിടെവെച്ചും എപ്പോള്‍ വേണമെങ്കിലും പങ്കെടുക്കാമായിരുന്നുവെന്നാണ് എം.വി. ഗോവിന്ദന് പ്രതികരിച്ചത്. എന്നാല്‍ ജാഥ മാത്രമല്ല സംഘടനാ പ്രവര്‍ത്തനം. ജാഥയില്‍ പങ്കെടുക്കാന്‍ ഇനിയും വൈകിയിട്ടില്ലെന്നാണ് തൃശൂര്‍ എത്തിയ ഇ.പി. മാധ്യമങ്ങളോട് പ്രതികരിച്ചത്.
പാര്‍ട്ടിയുമായി താന്‍ ഇടഞ്ഞിട്ടില്ല. പ്രതിരോധ ജാഥയില്‍ പങ്കെടുക്കുന്നില്ലന്നെത് മാധ്യമങ്ങളുണ്ടാക്കിയ പ്രശ്നങ്ങളാണ്. ഇപ്പോള്‍ ജാഥയില്‍ പങ്കെടുക്കുന്നത് ആരുടേയും പ്രത്യേക നിര്‍ദ്ദേശ പ്രകാരം അല്ലെന്നും ഇ.പി. പറഞ്ഞു. വൈകിട്ട് തേക്കിന്‍കാട് മൈതാനിയില്‍ വെച്ചാണ് തൃശ്ശൂര്‍ ജില്ലയിലെ ആദ്യ ദിവസത്തെ ജാഥയുടെ സമാപന സമ്മേളനം. ഈ പരിപാടിയില്‍ ആയിരിക്കും ഇ.പി. ജയരാജന് പങ്കെടുക്കുക. ജാഥ തുടങ്ങിയ ദിവസം മുതല്‍ തന്നെ ഇ.പി. ജയരാജന്റെ അസാന്നിധ്യം വലിയതോതില്‍ ചര്‍ച്ചയായിരുന്നു. പ്രതിരോഥ ജാഥ കണ്ണൂരിലെത്തിയപ്പോഴും ഇ.പി. ജയരാജന് പരിപാടിയില്‍ പങ്കെടുത്തിരുന്നില്ല. ഇതിന് പിന്നാലെ ജാഥയില്‍ പങ്കെടുക്കാതെ ദല്ലാള്‍ നന്ദകുമാറിന്റെ വീട്ടില്‍ വെച്ച് നടന്ന പരിപാടിയില്‍ ഇ.പി. പങ്കെടുത്തത് വിവാദമായിരുന്നു. കഴിഞ്ഞ ദിവസം എകെജി സെന്ററില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് പിന്നാലെയാണ് ഇ.പി. ജാഥയില്‍ പങ്കെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: