കൊച്ചി : ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ പ്ലാസ്റ്റിക് കത്തുന്നത് അണയ്ക്കാനായില്ല. പത്തിലധികം ഫയര്‍ഫോഴ്സ് യൂണിറ്റുകളെത്തിയാണ് തീ അണയ്ക്കാന്‍ ശ്രമം നടത്തുന്നതെങ്കിലും പ്ലാസ്റ്റിക് മലയിലുണ്ടായ തീപിടിത്തം ഇനിയും അണയ്ക്കാനായിട്ടില്ല. അതിനാല്‍ നഗരത്തിലും പരിസരത്തും പുക മൂടിയിരിക്കുന്ന കാഴ്ചയാണ്.
വ്യാഴാഴ്ചയാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റിന് തീപിടിച്ചത്. പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടിക്കിടക്കുന്ന ഏക്കറുകണക്കിന് ഭാഗത്തേക്ക് തീ പടരുകയും. 50 അടിയോളം ഉയരത്തില്‍ മല പോലെ കിടക്കുന്ന മാലിന്യത്തിലേക്ക് തീ പടരുകയായിരുന്നു. തീയും പുകയും ഉയര്‍ന്നതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് അഗ്നിരക്ഷാ സേനയുടെ ഇരുപതോളം യൂണിറ്റുകളെത്തി. ഇവരുടെ ശ്രമത്തിനിടയിലും തീ കൂടുതല്‍ ഭാഗത്തേക്ക് പടര്‍ന്നു.
പൂര്‍ണ്ണമായും തീ അണയ്ക്കാന്‍ സാധിക്കാത്തിനാല്‍ ഇത് കൊച്ചി നഗരത്തിന്റെ പല ഭാഗങ്ങളും പുകയാല്‍ മൂടിയിരിക്കുകയാണ്. ബ്രഹ്മപുരത്തിന്റെ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ പുകയാണ്. പത്തിലധികം ഫയര്‍ഫോഴ്സ് യൂണിറ്റുകളാണ് തീയണയ്ക്കല്‍ ശ്രമം നടത്തുന്നത്. ആവശ്യമെങ്കില്‍ ഫയര്‍ഫോഴ്സിനെ സഹായിക്കാന്‍ നാവികസേനയും സന്നദ്ധത അറിയിച്ചിട്ടുണ്ട്.
ബ്രഹ്മപുരം, കരിമുകള്‍, പിണര്‍മുണ്ട, അമ്പലമുകള്‍, പെരിങ്ങാല, ഇരുമ്പനം, കാക്കനാട് പ്രദേശങ്ങളിലാണ് പുകശല്യം കൂടുതലുള്ളത്. തീപ്പിടിത്തത്തില്‍ പ്ലാന്റിനുള്ളിലെ ബയോ മൈനിങ് നടക്കുന്ന പ്രദേശമുള്‍പ്പെടെ കത്തിച്ചാമ്പലായി. കോര്‍പ്പറേഷന്റെ സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റിലേക്കും തീ പടര്‍ന്നു. മാലിന്യ സംസ്കരണത്തിനായി പ്ലാന്റിലുണ്ടായിരുന്ന നൂറോളം തൊഴിലാളികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരിക്കുകയാണ്.
പ്ലാസ്റ്റിക് കത്തുന്ന ദുര്‍ഗന്ധവും രൂക്ഷമാണ്. പ്രദേശങ്ങളിലെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ശ്വാസംമുട്ട് അനുഭവപ്പെടുന്നതായി നാട്ടുകാര്‍ പറഞ്ഞു. പ്ലാന്റിന്റെ നാല് വശവും കത്തിപ്പിടിച്ചതോടെ അഗ്നിരക്ഷാ സേനയ്ക്ക് കടന്നുചെല്ലാന്‍ കഴിയാത്ത അവസ്ഥയിലാണ്. വാഹനങ്ങള്‍ കടന്നുപോകുന്നതിന് ഒരു സംവിധാനവും ഇല്ല. അതിനാല്‍ ഓസ് വലിച്ചാണ് അഗ്നിരക്ഷാ സേന വെള്ളം ചീറ്റിക്കുന്നത്.
ജില്ലാ കളക്ടറും മേയര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ബ്രഹ്മപുരത്ത് നേവി ഹെലികോപ്റ്റര്‍ നിരീക്ഷണം നടത്തി. സതേണ്‍ നേവല്‍ കമാന്‍ഡില്‍നിന്നുള്ള ഹെലികോപ്റ്റര്‍ ബ്രഹ്മപുരത്ത് രംഗനിരീക്ഷണം നടത്തി. നേവിയുടെ ഒരു സ്ക്വാഡും പ്രദേശത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. അതേസമയം മാലിന്യ പ്ലാന്റില്‍ വേണ്ട അഗ്നി സുരക്ഷാ സംവിധാനം ഒരുക്കണമെന്ന ഫയര്‍ഫോഴ്സിന്റെ റിപ്പോര്‍ട്ടില്‍ കൊച്ചി കോര്പ്പറേഷന് നടപടിയെടുക്കാത്തതാണ് നഗരം പുക മൂടാന്‍ കാരണമായതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ബ്രഹ്മപുരത്ത് ഏക്കറുകണക്കിന് മാലിന്യ കൂമ്പാരം ഇടക്കിടെ കത്തിയിട്ടും അലംഭാവത്തിലാണ് സര്‍ക്കാരും കൊച്ചി കോര്‍പ്പറേഷനും.
മുന്‍ കളക്ടര്‍ മുഹമ്മദ് വൈ. സഫറുള്ളയുടെ ഉത്തരവ് പ്രകാരം മാലിന്യം നീക്കി ഫയര്‍ഫോഴ്സ് വാഹനങ്ങള്‍ക്ക് കൂമ്പാരത്തിനുള്ളിലേക്ക് കടക്കാന്‍ വഴി ഒരുക്കിയിരുന്നു. ഇത് എവിടെയാണെന്ന് ആര്‍ക്കുമറിയില്ല. കടമ്പ്രയാറില്‍ ഫയര്‍ ഹൈഡ്രന്റ് സ്ഥാപിച്ചാല്‍ തീപിടിത്തം ഉടന്‍ അണക്കാന്‍ വെള്ളം എത്തിക്കാന്‍ സൗകര്യമാകുമെന്ന റിപ്പോര്‍ട്ടും കാണാനില്ല. തീപിടിത്തമുണ്ടായാല്‍ ഉടനടി നിയന്ത്രണ വിധേയമാക്കാന്‍ അഗ്നി സുരക്ഷ സംവിധാനം ഒരുക്കണമെന്ന് രണ്ട് വര്‍ഷം മുന്‍പ് ഫയര്‍ഫോഴ്സും റിപ്പോര്‍ട്ട് നല്‍കിയെങ്കിലും നടപടിയൊന്നുമായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: