തൃശൂര്‍: തൃശൂര്‍ ഇങ്ങെടുക്കുവാ എന്നത് നടന്‍ സുരേഷ് ഗോപിയുടെ ഏറെ ജനപ്രീതി നേടിയ പ്രയോഗമായിരുന്നു. എന്നാല്‍ എന്താണ് നടന്‍ ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്? ഇക്കാര്യം സുരേഷ് ഗോപി തന്നെ തൃശൂരിലെ നാട്ടികയില്‍ നടന്ന ഒരു ചടങ്ങില്‍ വിശദീകരിച്ചുകൊണ്ട് രംഗത്തെത്തി.
തൃശൂർ കൈകൊണ്ടല്ല, ഹൃദയം കൊണ്ട് എടുക്കുമെന്നാണ് താൻ പറഞ്ഞതെന്നായിരുന്നു സുരേഷ് ഗോപിയുടെ വിശദീകരണം. “തൃശൂർ കൈകൊണ്ട് എടുക്കുമെന്ന് താൻ പറഞ്ഞിട്ടില്ല. ഹൃദയം കൊണ്ടാണ് വേണമെന്ന് പറഞ്ഞത്. നിങ്ങളെനിക്ക് തരണമെന്ന് പറഞ്ഞത്. ഹൃദയം കൊണ്ട് തന്നെ ഞാൻ ഈ തൃശൂർ ഇങ്ങെടുക്കും. എടുത്തു കൊണ്ടേയിരിക്കും”-അദ്ദേഹം വ്യക്തമാക്കി.
നാട്ടിക എസ്എൻ ട്രസ്റ്റ് സ്‌കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ ശ്രമഫലമായി ഒരു വിദ്യാര്‍ത്ഥിയുടെ വീട് ജപ്തി ഒഴിവാക്കാന്‍ ആധാരം തിരികെയെടുത്ത് കുടുംബത്തിന് കൈമാറുന്ന പരിപാടിയ്‌ക്ക് എത്തിയതപ്പോഴാണ് ഈ വിശദീകരണം സുരേഷ് ഗോപി നല്‍കിയത്..
‘തൃശൂർ ഇങ്ങ് എടുക്കുവാ’ എന്ന് പറയുന്ന സുരേഷ് ഗോപി സാർ ഇപ്പോൾ തൃശൂർ ശരിക്കും എടുത്തിരിക്കുകയാണ് എന്ന ഒരു അധ്യാപികയുടെ പ്രസ്താവനയായിരുന്നു അതേക്കുറിച്ച് വിശദീകരണം നല്‍കാന്‍ സുരേഷ് ഗോപിയെ പ്രേരിപ്പിച്ചത്. കൈകൊണ്ട് തൃശൂർ എടുക്കുമെന്ന് പറഞ്ഞിട്ടേയില്ലെന്ന് സുരേഷ് ഗോപി അദ്ധ്യാപികയെ തിരുത്തി. അതും ഇവിടുത്തെ ചടങ്ങുമായി യാതൊരു ബന്ധവുമില്ലെന്ന് സുരേഷ് ഗോപി ഓർമ്മപ്പെടുത്തി. ആ പ്രസ്താവന ഒരു രാഷ്‌ട്രീയ പ്രക്രിയയുടെ ഭാഗമാണ്. പക്ഷെ ഇത് മനുഷ്യൻ മനുഷ്യനെ തിരിച്ചറിയുന്ന കരുതലാണെന്നും അദ്ദേഹം പറഞ്ഞു.
സ്‌കൂളിലെ എൻഎസ്എസിന്റെ നേതൃത്വത്തിൽ ഒരു വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന്റെ കടബാധ്യത ഒഴിവാക്കാന്‍ ലോട്ടറി വിറ്റും ബിരിയാണി ചലഞ്ച് നടത്തിയും സോപ്പുകൾ വിറ്റും 3 മാസം കൊണ്ട് 2 ലക്ഷത്തിലധികം രൂപയാണ് വിദ്യാര്‍ത്ഥികള്‍ സ്വരൂപിച്ചത്. വിദ്യാർത്ഥിയുടെ വിഷമത മനസിലാക്കിയ സ്‌കൂളിലെ എൻഎസ്എസ് പ്രോഗ്രാം കോ-ഓർഡിനേറ്റർ ശലഭ ജ്യോതിഷും, നൂറോളം എൻഎസ്എസ് വോളന്‍റിയർമാരുമാണ് തുക കണ്ടെത്താനായി രംഗത്തിറങ്ങിയത്. ഈ ദൗത്യത്തിന് സുരേഷ് ഗോപി നാല് ലക്ഷം രൂപ നല്‍കിയിരുന്നു. ലക്ഷ്മി സുരേഷ് ഗോപി എംപി ഇനിഷിയേറ്റീവ് ട്രസ്റ്റിന്റെ പേരിലായിരുന്നു തുക നല്കിയത്.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: