ന്യൂദല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് കനത്ത തിരിച്ചടി. സിബിഐ അറസ്റ്റിനെതിരേ നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ ബെഞ്ചാണ് സിസോദിയയുടെ ഹര്‍ജി തള്ളിയത്. ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കാനാണ് സുപ്രീം കോടതി നിര്‍ദേശിച്ചത്. രാവിലെ കേസ് പരിഗണിച്ചപ്പോള്‍ എന്തുകൊണ്ടാണ് ഹൈക്കോടതിയെ സമീപിക്കാതെ നേരിട്ട് സുപ്രീം കോടതിയിലേക്ക് എത്തിയതെന്ന ചോദ്യം ഉന്നയിച്ചിരുന്നു. കോവിഡ് 19 കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്ര സര്‍ക്കാരിന്റെ വീഴ്ച ചൂണ്ടിക്കാട്ടിയ മാധ്യമപ്രവര്ത്തകന് വിനോദ് ദുവയ്ക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം സുപ്രീം കോടതി 2021ല്‍ റദ്ദാക്കിയിരുന്നു. അന്ന് ദുവ നേരിട്ട് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നെന്ന് സിസോദിയയുടെ അഭിഭാഷകന് അഭിഷേക് സിങ്വി കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് കേസ് വൈകിട്ടേക്ക് മാറ്റിയത്.
ദല്‍ഹിയിലെ മദ്യനയവുമായി ബന്ധപ്പെട്ട താല്പര്യമുള്ളവര്ക്ക് മദ്യലൈസന്‍സ് നല്‍കിയതുള്‍പ്പെടെ കോടികളുടെ അഴിമതിയുമായി ബന്ധപ്പെട്ട് ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്ലാണ് സിബിഐ അറസ്റ്റ് ചെയ്തു. സിസോദിയയ്ക്കെതിരെ കൃത്യമായ തെളിവുകള്‍ ലഭിച്ചിട്ടുള്ളതിനാല്‍ ചോദ്യം ചെയ്യലിനൊടുവില്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
മദ്യനയത്തില്‍ കോടികളുടെ ക്രമക്കേടുള്ളതായി സംശയംതോന്നിയ ലഫ്. ഗവര്‍ണറായിരുന്ന വിജയകുമാര്‍ സക്സേനയാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. കോടികളുടെ അഴിമതി കണ്ടെത്തിയതോടെ 2021 നവമ്പറില്‍ നടപ്പാക്കിയ മദ്യനയം വിവാദത്തെതുടര്‍ന്ന് ആം ആദ്മി സര്‍ക്കാര്‍ 2022ല്‍ പിന്‍വലിച്ചു. വഴിവിട്ട രീതിയില്‍ മദ്യഷാപ്പുകള്‍ അനുവദിച്ചതിലെ തെളിവുകള്‍ നശിപ്പിക്കാന്‍ മനീഷ് സിസോദിയയും കൂട്ടാളികളും 170 തവണയോളം മൊബൈല്‍ ഫോണുകള്‍ മാറ്റിയെന്ന് ഇഡി കണ്ടെത്തിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് കോടികളുടെ അനധികൃത പണമിടപാടാണ് ഇഡിഅന്വേഷിച്ചത്. 3000 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചതില്‍ വ്യവസായികളായ വിജയ് നായര്‍, അഭിഷേഖ് ബോയിന്‍പള്ളി എന്നിവരുള്‍പ്പെടെ ഏഴ് പ്രതികളുണ്ട്. ഈ മദ്യനയഅഴിമതിയിലെ പണം ഗോവയിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആംആദ്മി പാര്‍ട്ടി ഉപയോഗിച്ചുവെന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: