ന്യൂദല്‍ഹി: ഹിന്ദുമതമെന്നത് ഒരു ജീവിത രീതിയാണെന്നും അതൊരു മഹത്തായ മതമാണെന്നും സുപ്രീം കോടതി. ഹിന്ദുമതം മതാന്ധത അനുവദിക്കുന്നില്ല, ജസ്റ്റിസ് കെ.എം. ജോസഫ്, ജസ്റ്റിസ് ബി.വി. നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങള്‍ക്കും നഗരങ്ങള്‍ക്കും നല്കിയിരിക്കുന്ന കൈയേറ്റക്കാരുടെ പേരുകള്‍ നീക്കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷകന്‍ അശ്വനി കുമാര്‍ ഉപാധ്യായ സമര്‍പ്പിച്ച ഹര്‍ജി തള്ളുമ്പോഴായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശങ്ങള്‍.
ഹര്‍ജി ഭരണഘടനയുടെ മതേതര സ്വഭാവത്തിന് എതിരാണെന്ന് വ്യക്തമാക്കിയ ജസ്റ്റിസുമാര്‍ ഇത്തരം നീക്കങ്ങള്‍ രാജ്യത്ത് അസ്വസ്ഥതയുണ്ടാക്കുമെന്നും പറഞ്ഞു. ഹിന്ദുമതത്തെ താഴ്‌ത്തിക്കെട്ടരുത്, ലോകം നമ്മെയാണ് എപ്പോഴും നോക്കുന്നത്, ഞാന്‍ ക്രിസ്ത്യാനിയാണ്, പക്ഷേ ഹിന്ദുമതത്തോട് വലിയ താത്പര്യമുണ്ട്, അത് പഠിക്കാനും ശ്രമിച്ചിട്ടുണ്ട്. അതിന്റെ മഹത്വം മനസ്സിലാക്കണം. പ്രത്യേക ലക്ഷ്യത്തോടെ അതിനെ ഉപയോഗിക്കരുത്.
ഹിന്ദുമതം ജീവിത രീതിയാണ്. തത്ത്വചിന്താപരമായി അത് മഹത്തായ മതവുമാണ്. ഞാന്‍ കേരളത്തില്‍ നിന്നാണ് വരുന്നത്. അവിടെ ഹിന്ദുക്കള്‍ പള്ളികള്‍ക്കു സ്ഥലം സംഭാവനയായി കൊടുത്തിട്ടുണ്ട്, ജസ്റ്റിസ് കെ.എം. ജോസഫ് പറഞ്ഞു. ഹിന്ദുമതം ജീവിത രീതിയായതിനാലാണ് എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ ഇന്ത്യക്കു കഴിയുന്നത്. അതുകൊണ്ടാണ് നമുക്കൊന്നിച്ചു ജീവിക്കാന്‍ പറ്റുന്നത്, ജസ്റ്റിസ് നാഗരത്ന അഭിപ്രായപ്പെട്ടു. ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന തന്ത്രമാണ് നമ്മുടെ സമൂഹത്തിലും ഭിന്നതയുണ്ടാക്കിയത്. അതിനാല്‍ മതത്തെ ഇതിലേക്കു വലിച്ചിഴയ്‌ക്കേണ്ട, നാഗരത്ന തുടര്‍ന്നു. രാഷ്‌ട്രപതിയായിരുന്ന ഡോ.എസ്. രാധാകൃഷ്ണന്റെ പുസ്തകം വായിക്കാന്‍ കോടതി അശ്വനി കുമാറിനോടു നിര്‍ദേശിച്ചു.
പഴയ കാലത്തിന്റെ തടവറയില്‍ കഴിയാന്‍ രാജ്യത്തിനാകില്ല, കോടതി പറഞ്ഞു. ഇന്ത്യ പല തവണ കൈയേറ്റത്തിനിരയായിട്ടുണ്ട്. പേരു മാറ്റിയതുകൊണ്ട് അതു ചരിത്രത്തില്‍ നിന്നു തുടച്ചു നീക്കാനാകില്ല, കോടതി തുടര്‍ന്നു. ചരിത്രം തിരുത്തിയെഴുതി അവരൊന്നും ഇന്ത്യ കൈയേറിയിട്ടില്ലെന്ന് നമുക്കു പറയാനാകുമോ? ജസ്റ്റിസ് കെ.എം. ജോസഫ് ചോദിച്ചു. ശരിയാണ്, നമ്മെ വിദേശ കൈയേറ്റക്കാര്‍ ഭരിച്ചിട്ടുണ്ട്. പല തവണ രാജ്യം കൈയേറിയിട്ടുണ്ട്, ചരിത്രം അതിന്റെ ഭാഗം നിര്‍വഹിച്ചിട്ടുമുണ്ട്, ജസ്റ്റിസ് നാഗരത്ന പറഞ്ഞു. കൈയേറ്റക്കാര്‍ക്ക് ഭരണഘടനാപരമായ സംരക്ഷണം നല്കാനാകില്ലെന്ന് അശ്വിനി കുമാര്‍ പറഞ്ഞു. അഫ്ഗാനില്‍ നിന്ന് ഹിന്ദുക്കള്‍ തുടച്ചുനീക്കപ്പെട്ടു. ഇന്ന് ഇന്ത്യയിലെ ഒന്‍പതു സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമാണ്, ക്രൂരരായ വിദേശ കൈയേറ്റക്കാര്‍ക്കു വേണ്ടിയല്ല ഭരണഘടനയെന്നാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്, അദ്ദേഹം കോടതിയില്‍ ബോധിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക