ഹൈദരാബാദ്: വാറങ്കലില്‍ മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥി സ്വയം വിഷം കുത്തിവച്ചു മരിച്ചു. വിഷം കുത്തി വച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മെഡിക്കല്‍ പി.ജി വിദ്യാര്‍ഥിനി ധാരാവതി പ്രീതി (26) മരിച്ചു. സീനിയര്‍ വിദ്യാര്‍ഥിയുടെ റാഗിങ്ങാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചു. എന്നാല്‍, സംഭവത്തിനു പിന്നില്‍ ലൗ ജിഹാദാണെന്ന് ആരോപണവും ശക്തമാണ്. വിഷയവുമായി ബന്ധപ്പെട്ട് സീനിയര്‍ ഡോക്റ്റര്‍ ഡോ. സൈഫിനെ മട്ടേവാഡ പൊലീസ് അറസ്റ്റ് ചെയ്തു. എസ്സി/എസ്ടി അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തു. തന്റെ മകളെ സീനിയേഴ്സ് റാഗ് ചെയ്തതായി പ്രീതിയുടെ അച്ഛനും വാറങ്കല്‍ റെയില്‍വേ പൊലീസ് ഫോഴ്സിലെ എസ്ഐയുമായ ധാരാവതി നരേന്ദര്‍ പറഞ്ഞിരുന്നു. ആത്മഹത്യയുടെ കാരണത്തെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രീതി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതിന് പിന്നില്‍ ലവ് ജിഹാദ് ആണെന്ന് ബി.ജെ.പിയും ആരോപിച്ചു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാനാധ്യക്ഷന്‍ ബണ്ടി സഞ്ജയ് രംഗത്തെത്തി. പ്രീതിയുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പ്രീതിയുടെ മരണത്തില്‍ ആരോഗ്യമന്ത്രി ടി. ഹരീഷ് റാവു അനുശോചിച്ചു. മെഡിക്കല്‍ കോളജിലെ അനസ്തീഷ്യ വിഭാഗത്തില്‍ ഒന്നാം വര്‍ഷ പി.ജി വിദ്യാര്‍ഥിനിയുമായ പ്രീതി ബുധനാഴ്ചയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആശുപത്രിയില്‍ വച്ച് സ്വയം വിഷം കുത്തി വെക്കുകയായിരുന്നു. നില ഗുരുതരമായതോടെയാണ് ഹൈദരാബാദിലെ നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി മരണപ്പെടുകയായിരുന്നു. 2022 ഡിസംബറിലാണ് പ്രീതി അനസ്തേഷ്യ പി.ജിക്ക് ചേര്‍ന്നത്. ഒരു മാസം പിന്നിടുന്നതിന് മുമ്പ് തന്നെ സീനിയേഴ്സ് ഉപദ്രവിച്ചിരുന്നതായി പിതാവ് പറഞ്ഞു. ‘അധിക സമയം ജോലി ചെയ്യാന്‍ ഡോ. സെയ്ഫ് നിര്‍ബന്ധിക്കുന്നതായും ആശുപത്രിയിലെ ഡ്യൂട്ടി സമയത്ത് ശുചിമുറിയില്‍ പോകാന്‍ പോലും അനുവദിക്കുന്നില്ലെന്നും മകള്‍ എന്നോട് പറഞ്ഞിരുന്നു. ബുധനാഴ്ച ഫോണില്‍ ഇക്കാര്യം പറഞ്ഞ ഉടന്‍ ഞാന്‍ മട്ടേവാഡ പൊലീസുമായി ഫോണില്‍ സംസാരിക്കുകയും വിഷയം അന്വേഷിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തതാണ്. ഇതിനുപിന്നാലെയാണ് പ്രീതി വിഷം കുത്തിവച്ചത്.
അറസ്റ്റിലായ സെയ്ഫിനെ വാറംഗലിലെ മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. പിന്നീട് ഖമ്മം ജയിലിലേക്ക് മാറ്റിയതായി വാറങ്കല്‍ പൊലീസ് കമ്മീഷണര്‍ എ.വി. രംഗനാഥ് പറഞ്ഞു. മരിച്ച ഡോക്ടര്‍ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഞായറാഴ്ച വൈകുന്നേരം മുതല്‍ വിവിധ ആദിവാസി സംഘടനകള്‍ ആശുപത്രിയില്‍ തടിച്ചുകൂടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: