ന്യൂദല്‍ഹി : ഇ-സഞ്ജീവനി സാധാരണക്കാര്‍ക്കും ഇടത്തരക്കാര്‍ക്കും വിദൂര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കും ഉള്‍പ്പെടെ സമൂഹത്തിന്റെ നാനാതുറയില്‍ നിന്നുള്ളവര്‍ക്ക് ഒരു ലൈഫ് പ്രൊട്ടക്ഷന്‍ ആപ്പായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓണ്‍ലൈന്‍ മെഡിക്കല്‍ കണ്‍സള്‍ട്ടേഷനുകള്‍ സുഗമമാക്കുന്ന ഇ- സഞ്ജീവനി ആപ്പ് ഇന്ത്യയുടെ ഡിജിറ്റല്‍ വിപ്ലവത്തിന്റെ ശക്തിയെ പ്രതിഫലിപ്പിക്കുന്നു. പ്രതിമാസ റേഡിയോ പരിപാടിയായ മന് കി ബാത്തിന്റെ 98ാം പതിപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിജിറ്റല്‍ സാങ്കേതിക വിദ്യയില്‍ വന്‍ കുതിച്ച് ചാട്ടമാണ് ആധുനിക ഇന്ത്യയില്‍ പ്രകടമാകുന്നത്. ഡിജിറ്റല്‍ ഇന്ത്യയുടെ ശക്തി ഓരോ വീട്ടിലും എത്തിക്കുന്നതില്‍ വ്യത്യസ്ത ആപ്പുകള്‍ വലിയ പങ്കുവഹിക്കുന്നത്. ദൂരെ ഇരുന്നുകൊണ്ട് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഡോക്ടറുമായി സംസാരിച്ച്, രോഗ വിവരങ്ങള്‍ പങ്കുവെയ്ക്കുന്ന ടെലികണ്‍സള്‍ട്ടേഷന്‍ സംവിധാനം രാജ്യത്തെ കോടിക്കണക്കിന് ആളുകള്‍ക്കാണ് ഉപകാരപ്രദമായത്. ടെലി കണ്‍സള്‍ട്ടന്റുമാരുടെ എണ്ണം പത്തുകോടി കവിഞ്ഞു. രോഗിയും ഡോക്ടറുമായുള്ള അത്ഭുതകരമായ ബന്ധം വലിയ നേട്ടമാണെന്നും ഈ സൗകര്യത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ അദ്ദേഹം അഭിനന്ദിച്ചു. ഇന്ത്യയിലെ ജനങ്ങള്‍ സാങ്കേതികവിദ്യയെ തങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കിയതിന്റെ ജീവിക്കുന്ന ഉദാഹരണമാണിത്.
ഇന്ത്യയില്‍ യുപിഐയുടെ ശക്തിയെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയും സിംഗപ്പൂരും തമ്മില്‍ അടുത്തിടെ ആരംഭിച്ച യുപിഐ- പേ ലിങ്കിനെ തുടര്‍ന്ന് ഇരു രാജ്യത്തേയും ജനങ്ങള്‍ അവരുടെ രാജ്യങ്ങളില്‍ ചെയ്യുന്നതുപോലെ തന്നെ ഇപ്പോള്‍ മൊബൈല്‍ ഫോണുകളില്‍ നിന്ന് പണം കൈമാറ്റം ചെയ്യുന്നു.
700 വര്‍ഷങ്ങള്‍ക്ക് ശേഷം ബംഗാളിലെ ത്രിവേണി കുംഭ മഹോത്സവത്തിന്റെ പുനരുജ്ജീവനത്തെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. ഒരു പാരമ്പര്യത്തെ പുനരുജ്ജീവിപ്പിക്കുക മാത്രമല്ല, ഇന്ത്യയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുകയും ചെയ്യുന്ന ജനങ്ങളുടെ ശ്രമങ്ങളെ അഭിനന്ദിക്കുന്നതായും മോദി അറിയിച്ചു.
ഇന്ത്യന്‍ കളിപ്പാട്ടങ്ങള്‍ക്ക് ആഗോള തലത്തില്‍ ലഭിച്ച വന്‍ സ്വീകാര്യതയാണ് ഇപ്പോഴുള്ളത്. വിദേശ രാജ്യങ്ങളില്‍ പോലും ഈ കളിപ്പാട്ടങ്ങള്‍ക്ക് താത്പ്പര്യം വര്‍ധിച്ചു വരുന്ന തരത്തിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. സ്വച്ഛ് ഭാരത് പദ്ധതി ഒരു ബഹുജന പ്രസ്ഥാനമായി മാറിയെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ നിരവധി ശുചിത്വ രീതികള്‍ ഇതുമൂലം സ്വീകരിച്ചു. നമ്മള് ദൃഢനിശ്ചയം ചെയ്താല്‍ ഒരു വൃത്തിയുള്ള ഇന്ത്യയ്ക്കായി നമുക്ക് വലിയ സംഭാവനകള്‍ നല്കാന് കഴിയുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: