തിരുവനന്തപുരം: മലയാളി വ്യവസായിയുടെ ആതിഥ്യ മര്യാദയ്ക്ക് റഷ്യയുടെ ആദരവ്. കോവളത്തെ ഉദയസമുദ്ര ബീച്ച് റിസോര്‍ട്ട് ഉടമ രാജശേഖരന് നായരെ മാര്‍ച്ച് 15 ന് റഷ്യന്‍ പാര്‍ലമെന്റിന്റെ അധോ സഭയായ സ്റ്റേറ്റ് ഡുമയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് നല്കി ആദരിക്കും. മൂന്നു വര്‍ഷത്തിലൊരിക്കല്‍ ബിസിനസ്സ് പ്രതിഭകളുടെ ആഗോള സമ്മേളനം സ്റ്റേറ്റ് ഡുമയില്‍ ചേരാറുണ്ട്. ഇത്തവണ മാര്‍ച്ച് 14, 15 തീയതികളിലാണ് പരിപാടി.
ലോകമെമ്പാടുമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മാതൃകയായി അതുല്യമായ ബിസിനസ് മാനേജ്മെന്റ് ശൈലിയിലൂടെ ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് മേഖലയിലും ടൂറിസം മേഖലയിലും മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാണ് രാജശേഖരന് നായരെ ആദരിക്കുന്നതെന്ന് ചടങ്ങിന് നേതൃത്വം നല്കുന്ന ഇന്റര്‍നാഷണല്‍ ഡിപ്ലോമാറ്റിക് ഇന്സ്റ്റിറ്റിയൂഷന് അധ്യക്ഷന്‍ ഡോ സര്‍ജി ഡെവര്നോയ് പറഞ്ഞു. റഷ്യന്‍ പാര്‍ലമെന്റ് ഹാളില്‍ നടക്കുന്ന ആഗോളസമ്മേളനത്തില്‍ ലഭിക്കുന്ന അവാര്‍ഡ് വലിയ അംഗീകാരമായി കരുതുന്നതായി രാജശേഖരന് നായര്‍ പറഞ്ഞു.
ടൂറിസം എസ്ക്സലന്‍സ് അവാര്‍ഡ് നല്കി ലണ്ടന്‍ ഹൗസ് ഓഫ് പാര്‍ലമെന്റ് നേരത്തെ ആദരിച്ചിച്ചുണ്ട്.നെയ്യാറ്റിന്‍കര താലൂക്കിലെ ചെങ്കല്‍ എന്ന ഗ്രാമത്തില്‍ ഇടത്തരം കുടുംബത്തില്‍ ശ്രീധരന് നായരുടേയും രുക്മണിയമ്മയുടേയും മകനായ രാജശേഖരന് നായരുടെ വിജയം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മാത്രമല്ല ജീവിത വിജയം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കെല്ലാം മാതൃകയാണ്.
ജോലിതേടി 16-ാം വയസ്സില്‍ വീടുവിട്ടിറങ്ങി. തമിഴ് നാട്ടിലും മുംബയിലും പച്ചക്കറിക്കടയിലും ഹോട്ടലിലുമൊക്കെ ചെറുജോലികള്‍. കഠിനാധ്വാനത്തിനൊപ്പം ഈശ്വരാനുഗ്രഹവും ഉണ്ടായപ്പോള്‍ മുംബൈയില്‍ ഹോട്ടല്‍ മേഖലയില്‍ സ്വന്തമായ മേല്‍വിലാസം. 25 വര്‍ഷത്തെ അനുഭവസമ്പത്തുമായി ജന്മനാടായ കേരളത്തില്‍ ഹോട്ടല്‍ വ്യവസായത്തിന് തുടക്കം . ഏറെ പ്രതിബന്ധങ്ങള്‍ മറികടന്ന് കോവളത്ത് ഉദയ സമുദ്ര എന്ന ലോക നിലവാരമുള്ള ബീച്ച് റിസോര്‍ട്ട് പടുത്തുയര്‍ത്തി.
വെള്ളാറിന്റെ മുഖച്ഛായ മാറ്റുന്ന സ്ഥാപനമായ ഉദയസമുദ്ര ബീച്ച് റിസോര്‍ട്ട് ഉയര്ന്നതിനെകുറിച്ച് രാജശേഖരന് നായര്‍ പറയുന്നതിങ്ങനെ-
‘കോവളത്തിനടുത്ത് വെള്ളാറില്‍ സമുദ്രത്തോടു ചേര്‍ന്ന പാറക്കൂട്ടവും ചാലുകളും ഉള്ള സ്ഥലം. അവിടെ പാറപൊട്ടിക്കുന്ന സ്തീകളുടെ അവസ്ഥ വേദനയാണുണ്ടാക്കിയത്. ഇടതുകൈയില്‍ കുട്ടിയെ എടുത്ത് മുലയൂട്ടുകയും വലത് കൈകൊണ്ട് പാറ പൊട്ടിക്കുകയും ചെയ്യുന്ന യുവതിയുടെ ചിത്രം ഒപ്പമുണ്ടായിരുന്ന വിദേശി എടുത്തപ്പോള്‍ വിഷമമാണ് തോന്നിയത്. ചിത്രം നല്ലതായിരുന്നുവെങ്കിലും നമ്മുടെ ദാരിദ്ര്യമാണല്ലോ പ്രതിഫലിപ്പിക്കുന്നത് എന്നത് പ്രയാസപ്പെടുത്തി. അവിടെ ഒരു റിസോര്‍ട്ട് എന്ന ആശയം ഉണ്ടായത് അതില്‍നിന്നാണ്’
225 ലക്ഷ്വറി മുറികളുള്ള കേരളത്തിലെ ഏറ്റവും വലിയ ബീച്ച് റിസോര്ട്ടാണിത്്. പഞ്ചനക്ഷത്ര പദവിയുള്ള സംസ്ഥാനത്തെ ചുരുക്കം സ്ഥാപനങ്ങളിലൊന്ന്. തുടര്‍ച്ചയായി മികച്ച നക്ഷത്ര ഹോട്ടലിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ്. ലോകത്തെ മികച്ച ബീച്ച് റിസോര്‍ട്ട് ഹോട്ടല്‍. ശംഖുമുഖത്ത് എയര്‍പോര്‍ട്ട് ഹോട്ടലായ ഉദയ സ്യൂട്ട്സ്, വിമാന യാത്രികര്‍ക്ക് ഭക്ഷണമൊരുക്കുന്ന ഉദയ ഫ്ളൈറ്റ് കാറ്ററിങ് യൂണിറ്റ്, ആലപ്പുഴയിലെ ബീച്ച് റിസോര്‍ട്ട എന്നിവയും അതിഥി സേവയുടെ മഹത്വം ഉയര്‍ത്തുന്ന സ്ഥാപനങ്ങളായി വളര്‍ന്നു. കവടിയാറില്‍ അത്യാധുനിക കണ്വെന്ഷന് സെന്ററും വാഗമണിലെ പഞ്ചനക്ഷത്ര ഹോട്ടലും വലിയ പദ്ധതികളായി മാറി. അതിഥി സല്‍ക്കാര വ്യവസായത്തിനു പുറത്ത് രാജശേഖരന് നായര്‍ കേരളത്തില്‍ ആരംഭിച്ച സംരംഭമാണ് ചെങ്കലിലെ സായികൃഷ്ണ പബഌക് സ്കൂള്‍. 300 കുട്ടികളുമായി ആരംഭിച്ച സ്കൂളില്‍ ഇപ്പോള്‍ 2000ലധികം പേരുണ്ട്. സൗകര്യത്തിന്റെ കാര്യത്തില്‍ സംസ്ഥാനത്തെ മികച്ച സ്കൂളുകളിലൊന്നായി മാറി.
ബിസിനസ്സ് രംഗത്ത് വിജയിച്ച് മുന്നേറുമ്പോഴും പൊതുരംഗത്തും സേവന സാംസ്ക്കാരികം മേഖലയിലും രാജശേഖരന് നായര്‍ സജീവമാണ്. ചെങ്കല്‍ മഹേശ്വരം ശിവപാര്‍വ്വതി ക്ഷേത്രത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം ഉയരുന്നതില്‍ രാജശേഖരന് നായര്‍ക്ക് വലിയ പങ്കുണ്ട്. അലങ്കാര മണ്ഡപം, ചിത്രമതില്‍, മണിമണ്ഡപം എന്നിവയെല്ലാം സ്വന്തം പണം ഉപയോഗിച്ച് നിര്‍മ്മിച്ച് തീരദേശ ക്ഷേത്രങ്ങളായ ശംഖുമുഖം ദേവീക്ഷേത്രത്തിനും കോവളം ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിനും മുഖച്ഛായ മാറ്റിയതും രാജശേഖരന് നായരാണ്.ബോംബെ കേരളീയ സമാജം പ്രസിഡന്റ് ഉള്‍പ്പെടെ നിരവധി സംഘടനകളുടെ ഭാരവാഹിയുമാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക