പാലക്കാട്: വനത്തില്‍ പ്രസവിച്ച ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു. പാലക്കാട് തളികക്കല്ലില്‍ വനത്തിലാണ് സംഭവം.ഊരുനിവാസിയായ കണ്ണന്റെ ഭാര്യ സുജാത (29) പ്രസവിച്ച കുഞ്ഞാണ് മരിച്ചത്. 25 ആഴ്ചയായിരുന്നു കുഞ്ഞിന്റെ വളര്‍ച്ച.
വ്യാഴാഴ്ച വൈകിട്ട് നാലരയോടെയാണ് സുജാത പ്രസവിച്ചത്. മാസം തികയും മുമ്പ് ജനിച്ച കുഞ്ഞിനെയും അമ്മയെയും കഴിഞ്ഞ ദിവസം തൃശൂര്‍ മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റിയിരുന്നു. ഊരില്‍ വെള്ളമില്ലാത്തതിനാലാണ് കാട്ടില്‍ പോയതെന്നാണ് സുജാതയുടെ ഭര്‍ത്താവ് കണ്ണന് പറഞ്ഞത്. കോളനിയിൽ നിന്നും നാല് കിലോമീറ്റർ അകലെ ഉൾവനത്തിൽ കുടിൽ കെട്ടി താമസിക്കുകയായിരുന്നു. അമ്മ കമലം കണ്ണന്റെ സഹോദരി തത്ത എന്നിവരും വനത്തിൽ ഇവർക്കൊപ്പം ഉണ്ടായിരുന്നു.
കുഞ്ഞിന് 680 ഗ്രാം തൂക്കം മാത്രമാണ് ഉണ്ടായിരുന്നത്. ശാരീരിക ബുദ്ധിമുട്ടുകൾ കാരണം ഈ മാസം 17ന് സുജാതയെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. മതിയായ പരിചരണം കിട്ടാത്തതിനെ തുടർന്ന് വീണ്ടും വനത്തിലെത്തി താമസം തുടരുകയായിരുന്നു. സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ റിപ്പോർട്ട് തേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: