ഷാജന് സി. മാത്യു
സേലം: ആധുനികതയുടെ തേരോട്ടത്തില്‍ നിലംപതിക്കാത്തതായി ഈ കമാനം മാത്രം. മലയാള സിനിമയില്‍ പിന്നണി ഗാനം പിറന്നതിന്റെ 75 വര്‍ഷം ഇന്നു പൂര്‍ത്തിയാകുമ്പോള്‍ അതു റിക്കാര്‍ഡ് ചെയ്ത ‘സേലം മോഡേണ്‍ തിയേറ്റേഴ്സ്’ പേരിനു മാത്രം ബാക്കിയുണ്ട്. സേലം- ഏര്‍ക്കാട് റൂട്ടില്‍ വലതു വശത്തു കാണുന്ന കമാനത്തിലൂടെ കടന്നു തിയേറ്റര്‍ കാണാമെന്നു കരുതിയാല്‍ തെറ്റി. തിയേറ്ററര്‍ നിന്നിരുന്ന സ്ഥലത്ത് ഇന്നു ഹൗസിങ് കോളനിയാണ്. ‘മോഡേണ്‍ തിയേറ്റേഴ്സ്- സുന്ദര്‍ ഗാര്‍ഡന്‍സ്’ എന്ന പേരില്‍ മാത്രം മോഡേണ്‍ തിയേറ്ററും അതിന്റെ ഉടമസ്ഥന് ടി.ആര്. സുന്ദരവുമായുള്ള ബന്ധം നില നിര്‍ത്തിയിരിക്കുന്നു. ‘സുന്ദരം മുതലാളിയുടെ മക്കളൊക്കെ വിദേശത്താണ്. വര്‍ഷത്തിലൊരിക്കല്‍ വരും.’ സെക്യൂരിറ്റി മുരുകന് പറഞ്ഞു. മലയാള സിനിമയില്‍ നടീ നടന്മാര് ലൈവായി പാടി അഭിനയിച്ചിരുന്ന കാലത്താണ് കൊച്ചിയിലെ ആര്‍ട്ടിസ്റ്റ് പി.ജെ. ചെറിയാന് ഹിന്ദി, തമിഴ് സിനിമകളുടെ മാതൃകയില്‍ പിന്നണി ഗാനം
ഉള്‍പ്പെടുത്തി മലയാളത്തില്‍ ‘നിര്‍മല’ എന്ന സിനിമ നിര്‍മിക്കാന്‍ തീരുമാനിക്കുന്നത്. ഒരു മലയാളി നിര്‍മിച്ച ആദ്യ മലയാള സിനിമ കൂടിയായിരുന്നു അത്. എല്ലാത്തിനും ഉന്നത നിലവാരം നിഷ്കര്‍ഷിച്ചിരുന്ന പി.ജെ. ചെറിയാന് ഗാനരചനയുടെ ചുമതല ഏല്പിച്ചത് സാക്ഷാല്‍ ജി. ശങ്കരക്കുറുപ്പിനെ!. സംഗീത സംവിധായകരായത് ഇ.ഐ. വാര്യരും പി.എസ്. ദിവാകറും.
തൃപ്പൂണിത്തുറക്കാരായ ടി.കെ. ഗോവിന്ദ റാവുവും സരോജിനി മേനോനും ഈ സിനിമയിലൂടെ മലയാളത്തിലെ ആദ്യ പിന്നണി ഗായകരായി. പി. ലീലയുടെ ആദ്യ മലയാള ഗാനവും ഇതിലാണ് റിക്കാര്‍ഡ് ചെയ്തത്. പി.കെ. രാഘവന്, വിമല ബി. വര്‍മ്മ, വാസുദേവക്കുറുപ്പ് എന്നിവരും പാടി. ചിത്രം സംവിധാനം ചെയ്തത് പി.വി. കൃഷ്ണയ്യര്‍.
അന്നു ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച തിയേറ്ററായിരുന്ന സേലം മോഡേണില് ചെറിയാന് പിന്നണി സംഘവുമായി എത്തുമ്പോള്‍ സ്വന്തം സിനിമകളുടെതന്നെ വലിയ തിരക്കിലായിരുന്നു തിയേറ്റര്‍ ഉടമ ടി.ആര്. സുന്ദരം. എങ്കിലും മലയാള സിനിമയുടെ ആധുനികതയെ അദ്ദേഹം സ്വാഗതം ചെയ്തു. മാസങ്ങള്‍ സേലത്തു താമസിച്ചു റിഹേഴ്സല്‍ ചെയ്താണു റിക്കാര്‍ഡിങ് പൂര്‍ത്തിയാക്കിയതെന്ന് അന്ന് സംഘത്തിലുണ്ടായിരുന്ന തൃപ്പൂണിത്തുറ സ്വദേശിനി വിമല ബി. വര്‍മ്മ ഓര്‍മിക്കുന്നു. പുറത്തെ റോഡിലൂടെ പോയിരുന്ന വാഹനങ്ങളുടെ ശബ്ദം റിക്കാര്‍ഡിങ്ങിനു ശല്യമാകാതിരിക്കാന്‍ തകരഷീറ്റുകളും സാരികളും വരെ വലിച്ചുകെട്ടി മറച്ചിരുന്നു.
ഇന്നത്തെ ആധുനിക റിക്കാര്‍ഡിങ് സ്റ്റുഡിയോകള്ക്കു ചിന്തിക്കാന്‍ പോലും കഴിയാത്ത പരിമിതികള്‍ക്കു നടുവില്‍നിന്നാണ് ആദ്യ മലയാള പിന്നണി ഗാനം പിറന്നത്. ഒരു ചെറിയ ശബ്ദം പുറത്തുനിന്നു കേട്ടാല്‍ വീണ്ടും ആദ്യം മുതല്‍ തുടങ്ങണമായിരുന്നു റിക്കാര്‍ഡിങ്. കഠിനാധ്വാനത്തിനു ശേഷമാണ് 14 പിന്നണി ഗാനങ്ങളുമായി 1948 ഫെബ്രുവരി 25ന് ‘നി
ര്‍മല’ കോഴിക്കോട് കോറണേഷന്‍, എറണാകുളം മേനക, തിരുവനന്തപുരം ശ്രീപദ്മനാഭ തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. പാടുക പൂങ്കുയിലേ, ഏട്ടന് വരുന്ന ദിനമേ, കരുണാകര പീതാംബര… തുടങ്ങിയവ നിര്‍മലയിലെ ശ്രദ്ധേയ ഗാനങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: