കൊച്ചി: മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള പൂക്കോട്ട് കാളികാവ് ക്ഷേത്രത്തില്‍ സിപിഎം നേതാക്കളെ പാരമ്പര്യേതര ട്രസ്റ്റിമാരായി നിയമിച്ചതിനെതിരെയുള്ള കോടതി നടപടിയെ ഹിന്ദു ഐക്യവേദി സ്വാഗതം ചെയ്തു. ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ വിധിയുടെ അടിസ്ഥാനത്തില്‍ സമാന ക്ഷേത്രങ്ങളിലെ നിലവിലുള്ള എല്ലാ രാഷ്ട്രീയ നിയമനങ്ങളും അസാധുവാക്കണമെന്ന് ഹിന്ദു ഐക്യവേദി മലബാര്‍ ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടു. നിരീശ്വരവാദികളെയും ക്ഷേത്രം ആക്രമിച്ച കേസിലെ പ്രതിയെയും ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുള്ളവരെയുമാണ് ദേവസ്വം ബോര്‍ഡ് ഭരണസമിതിയിലുള്പ്പെടുത്തിയിരിക്കുന്നതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ആര്.വി. ബാബു പറഞ്ഞു.
ക്ഷേത്രക്കമ്മിറ്റികള്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റികളെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇത്തരം നിയമനങ്ങള്‍ ഇനി മുതല്‍ നടത്തരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. ക്ഷേത്ര വിശ്വാസികളും വ്യക്തിശുദ്ധിയുള്ളവരുമായവരെ മാത്രമേ ഭരണ സമിതിയില്‍ നിശ്ചയിക്കാവൂ. ക്ഷേത്ര ഭരണത്തില്‍ നിന്നു രാഷ്ട്രീയക്കാര്‍ ഒഴിഞ്ഞ് നില്‍ക്കണമെന്ന് തമിഴ്നാട്ടിലെ ഒരു മഠവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതിയും അഭിപ്രായപ്പെടുകയുണ്ടായി. വിശ്വാസികളെ പുറത്താക്കി ക്ഷേത്ര ഭരണം പിടിച്ചടക്കാനുള്ള സിപിഎം നിലപാടിനേറ്റ തിരിച്ചടിയാണ് ഈ വിധിയെന്നും ആര്.വി. ബാബു അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: