കോഴിക്കോട്: ഇന്ത്യ ഇതാദ്യമായി ആതിഥേയത്വം വഹിക്കുന്ന വേള്‍ഡ് ഫൂട്ട് വോളി ചാമ്പ്യന്‍ഷിപ്പ് ഇന്ന് മുതല്‍ 26 വരെ ലയണ്‍സ് പാര്ക്കിന് പുറകില്‍ ബീച്ച് ഗ്രൗണ്ടില്‍ നടക്കും. നാളെ വൈകീട്ട് 5 മണിക്ക് മേയര്‍ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡി അധ്യക്ഷത വഹിക്കും. തോട്ടത്തില്‍ രവീന്ദ്രന് എംഎല്‍എ മുഖ്യാതിഥിയാകും.
ഉദ്ഘാടനത്തിന് മുന്നോടിയായി ബീച്ച് ഹോട്ടലിന് മുന്നില്‍ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര ലയണ്‍സ് പാര്ക്കിന് സമീപം സമാപിക്കും.6 മണിക്ക് കളി ആരംഭിക്കും. ഒന്നാം ദിവസം 8 കളി നടക്കും. ഫ്രാന്‍സ് X വിയ്റ്റ്നാം, റൊമാനിയ X നേപ്പാള്‍, യുഎഇ X ബംഗ്ലാദേശ്, ഇറാഖ് X ഇന്ത്യ ഡി, ഇന്ത്യ- എ X ഫ്രാന്‍സ്, റൂമാനിയ X ഇന്ത്യ- ബി, യുഎഇ X ഇന്ത്യ സി, ഇന്ത്യ എ X വിയറ്റ്നാം എന്നിവര്‍ ഏറ്റുമുട്ടും.ദിവസവും വൈകീട്ട് 5 മണി മുതല്‍ 9 മണി വരെയാണ് കളി.
ടൂര്‍ണമെന്റില്‍ പങ്കെടുക്കാനുള്ള വിദേശ ടീമുകള്‍ എല്ലാവരും എത്തി. ആദ്യ സംഘമായ വിയറ്റ്നാം ടീമിന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വീകരണം നല്കി. ഫെഡറേഷന് സെക്രട്ടറി എ.കെ. മുഹമ്മദ് അഷറഫ്, ചീഫ് കോ- ഓര്‍ഡിനേറ്റര്‍ ടി.എം. അബ്ദുറഹിമാന്, സംഘാടക സമിതി വൈസ് ചെയര്മാന് എം. മുജീബ് റഹ്മാന്, ബാബു കെന്‍സ, ആഷിക്ക് കടാക്കലകം എന്നിവര്‍ നേതൃത്വം നല്കി. ഫൂട്ട് വോളി അസോസിയേഷന് ഓഫ് ഇന്ത്യയും ഫൂട്ട് വോളി അസോസിയേഷന് ഓഫ് കേരളയും സംയുക്തമായാണ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: