ലെയ്പ്സിഗ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ആദ്യ പാദ പ്രീക്വാര്‍ട്ടറില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് സമനില. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ജര്‍മന്‍ ക്ലബ് ലെയ്പ്സിഗാണ് 1-1ന് സിറ്റിയെ പിടിച്ചുകെട്ടിയത്.
ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ആദ്യപാദ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ നിലവിലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ മാഞ്ചെസ്റ്റര്‍ സിറ്റിക്ക് സമനില. സിറ്റിക്കുവേണ്ടി മഹ്രെസും ലെയ്പ്സിഗിനുവേണ്ടി ഹോസ്കോ ഗ്വാര്‍ഡിയോളും ലക്ഷ്യം കണ്ടു.പന്തടക്കത്തിലും മുന്നേറ്റങ്ങള്‍ നടത്തുന്നതിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും സിറ്റിക്കായിരുന്നു മുന്‍തൂക്കം. എന്നാല്‍ ലെയ്പ്സിഗ് ഗോളിയുടെ മികച്ച പ്രകടനം സിറ്റിയെ വിജയത്തില്‍ നിന്ന് തടഞ്ഞു നിര്‍ത്തുകയായിരുന്നു.
കളിയുടെ തുടക്കം മുതല്‍ സിറ്റിയുടെ മുന്നേറ്റമായിരുന്നു. 14-ാം മിനിറ്റില്‍ റൂബന്‍ ഡയസിന്റെ ഹെഡ്ഡര്‍ ലെയ്പ്സിഗ് ഗോളി രക്ഷപ്പെടുത്തി. പിന്നാലെ മഹ്രെസിന്റെ ഷോട്ട് പ്രതിരോധനിരതാരം ബ്ലോക്ക് ചെയ്തതിനു പിന്നാലെ റോഡ്രി അവസരം പാഴാക്കുകയും ചെയ്തു. 27-ാം മിനിറ്റില്‍ സിറ്റി ലീഡ് നേടി. ഇല്‍കെ ഗുണ്ടോഗന് ഒരുക്കിക്കൊടുത്ത അവസരത്തില്‍ നിന്ന് റിയാദ് മഹ്രെസാണ് ഗോളടിച്ചത്. ആദ്യപകുതിയില്‍ ഒരിക്കല്‍ മാത്രമാണ് ലെയ്പ്സിഗിന് സിറ്റി ഗോളിയെ പരീക്ഷിക്കാന്‍ കഴിഞ്ഞത്. ആദ്യപകുതിയുടെ പരിക്ക് സമയത്തിന്റെ രണ്ടാം മിനിറ്റില്‍ ടിമോ വെര്‍ണര്‍ തൊടുത്ത ഷോട്ട് സിറ്റി ഗോളി രക്ഷപ്പെടുത്തി. ഇതോടെ ആദ്യപകുതിയില്‍ സിറ്റി 1-0ന് മുന്നില്‍.
എന്നാല്‍ രണ്ടാം പകുതിയില്‍ ലെയ്പ്സിഗ് മികച്ച പ്രകടനം പുറത്തെടുത്തതോടെ സിറ്റി പതറി. 70-ാം മിനിറ്റില്‍ ഹോസ്കോ ഗ്വാര്‍ഡിയോള്‍ ഹെഡ്ഡറിലൂടെ നേടിയ ഗോളിലൂടെ ലെയ്പ്സിഗ് സമനില നേടി. രണ്ടാം പാദ മത്സരം മാര്‍ച്ച് 15ന് സിറ്റിയുടെ ഹോം ഗ്രൗണ്ടില്‍വെച്ച് നടക്കും. തുടര്‍ന്നും ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങളുമായി കളം നിറഞ്ഞെങ്കിലും വിജയഗോള്‍ പിറക്കാതിരുന്നതോടെ കളി സമനിലയില്‍ കലാശിച്ചു.
ഇന്ററിന് ജയം
സാന്‍ സിരോ: യുവേഫ ചാമ്പ്യന്‍സ് ലീഗ് ആദ്യ പാദ പ്രീക്വാര്‍ട്ടറില്‍ ഇറ്റാലിയന്‍ കരുത്തന്മാരായ ഇന്റര്‍ മിലാന് വിജയം സ്വന്തമാക്കി. ഏകപക്ഷീയമായ ഒരു ഗോളിന് പോര്‍ട്ടോയെ പരാജയപ്പെടുത്തി. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം പകരക്കാരനായി ഇറങ്ങിയ റൊമേലു ലുകാകുവാണ് വിജയഗോള്‍ നേടിയത്. 86-ാം മിനിറ്റിലായിരുന്നു ലുകാകുവിന്റെ ഹെഡ്ഡര്‍ ഗോള്‍. ഇതിനിടെ 78-ാം മിനിറ്റില്‍ പോര്‍ട്ടോയുടെ മുന്നേറ്റതാരം ഒട്ടാവിയോ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതും അവര്‍ക്ക് തിരിച്ചടിയായി. പിന്നീട് പത്തുപേരുമായാണ് പോര്‍ട്ടോ കളിച്ചത്.
കളിയില്‍ ഇന്ററിന്റെ ആധിപത്യമായിരുന്നു. എന്നാല്‍ പോര്‍ട്ടോ ഗോളിയുടെയും പ്രതിരോധത്തിന്റെയും മികച്ച പ്രകടനമാണ് കൂടുതല്‍ ഗോളുകള്‍ നേടുന്നതില്‍ നിന്ന് ഇന്ററിന്റെ സൂപ്പര്‍ താരനിരയെ തടഞ്ഞുനിര്‍ത്തിയത്. പോര്‍ട്ടോയും ചില മികച്ച മുന്നേറ്റങ്ങള്‍ നടത്തി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഇന്റര്‍ ഗോളിയെ കീഴടക്കാന്‍ കഴിഞ്ഞില്ല. രണ്ടാം പാദ മത്സരം പോര്‍ട്ടോയുടെ ഹോം ഗ്രൗണ്ടില്‍ 15ന് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: