കോഴിക്കോട്: ഉമ്മളത്തൂര്‍ വെള്ളിപറമ്പ് തലക്കുന്നത്ത് തലാഞ്ചേരി വീട്ടില്‍ പി.ടി. ഉണ്ണിമാധവന് നായര്‍ (86) അന്തരിച്ചു. ജന്മഭൂമിയുടെ കോഴിക്കോട്ടെ ആദ്യലേഖകനായിരുന്നു. ഏറെ നാളായി ചികിത്സയിലായ അദ്ദേഹം വ്യാഴാഴ്ച ഉച്ചതിരിഞ്ഞാണ് അന്തരിച്ചത്.
പീടിയക്കണ്ടി അപ്പുണ്ണി നായരുടെയും അമ്മുണ്ണിയമ്മയുടെയും മകനായിരുന്നു. കോഴിക്കോട് വെള്ളിപറമ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തറവാടായ തലാഞ്ചേരിയില്‍ നിന്ന് ജനസംഘത്തില്‍ ആകൃഷ്ടടനായ ഉണ്ണിമാധവന് ആ പ്രദേശത്തെ സംഘ പ്രസ്ഥാനങ്ങളുടെയും ജനസംഘം- ബിജെപിയുടെ പ്രധാന പ്രവര്‍ത്തകനുമായി. കോഴിക്കോട് ജനസംഘം ഓഫീസിലെ ആദ്യകാല ചുമതലക്കാരില്‍ ഒരാളായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളെജ് വികസനസമിതിയംഗമായിരുന്നു.
ജന്മഭൂമിയില് ദീര്‍ഘനാളത്തെ സേവനത്തിനു ശേഷം 1998 ല്‍ വിരമിച്ചു. കോഴിക്കോട് പ്രസ്ക്ലബ്ബിന്റെ ട്രഷറര്‍ ആയിട്ടുണ്ട്. സീനിയര്‍ ജേര്‍ണലിസ്റ്റ് യൂണിയന് പഴയകാല പത്രപ്രവര്‍ത്തകനായ കെ.കെ. മേനോന്റെ പേരിലേര്‍പ്പെടുത്തിയ പ്രഥമ അവാര്‍ഡ്, വിജില്‍ ഹ്യൂമന്റൈറ്റ്സ് മനുഷ്യാവകാശ സംഘടനയുടെ പത്രപ്രവര്‍ത്തകര്‍ക്കുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
ജനസംഘ സംസ്ഥാന ഓഫീസിന്റെ സെക്രട്ടറിയായി, ജില്ലാകമ്മിറ്റി അംഗമായിരുന്നു. കക്കോടി മോരിക്കര സ്വദേശി പരേതയായ സതീദേവിയായിരുന്നു ഭാര്യ.
വിമോചന സമരം, മലപ്പുറം ജില്ലാ രൂപീകരണ വിരുദ്ധ സമരം, കെ.ജി. മാരാരുടെ നേതൃത്വത്തില്‍ നടന്ന വാളയാര്‍ ചെക്പോസ്റ്റ് സമരം എന്നിവിടങ്ങളില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ചു. സഹോദരങ്ങള്‍: ശ്രീമതിയമ്മ, സഹദേവന്, പരേതരായ സുധാകരന് നായര്‍, രാജഗോപാലന്‍ നായര്‍ സഹോദരങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: