തിരുവനന്തപുരം: കേരളത്തില്‍ നിന്ന് ഇസ്രയേലിലേക്കു പോയി മുങ്ങുന്നത് സ്ഥിരം പരിപാടി. പരാതികള്‍ വേണ്ടത്ര ഗൗരവത്തോടെ കാണാറില്ല. കേരളത്തില്‍ നിന്ന് നിരവധി പേര് ഇസ്രയേലിലേക്ക് പോയി മുങ്ങിയിട്ടുണ്ടെന്നാണ് വിവരം. പരാതി നല്കാത്തതിനാല് എത്ര പേരാണെന്ന് കൃത്യമായ കണക്കും സംസ്ഥാനത്തില്ല. ഇസ്രയേല്‍ സന്ദര്‍ശനത്തിനിടെ കര്ഷകന് ബിജു കുര്യന് മുങ്ങിയതോടെയാണ് നിരവധി പേരുടെ മുങ്ങല്‍ പുറത്തു വരുന്നത്.
അതേസമയം, ബിജു കുര്യനെക്കുറിച്ച് വിവരമൊന്നുമില്ലെന്ന് കൃഷി മന്ത്രി പി.പ്രസാദ് പറഞ്ഞു. ബിജു വീട്ടിലേക്കു വിളിച്ചതായി അദ്ദേഹത്തിന്റെ സഹോദരന് പറഞ്ഞിരുന്നു. അദ്ദേഹം ക്ഷമാപണവും നടത്തി. കുടുംബാംഗങ്ങള്‍ ആരുംതന്നെ കാണാതായതു സംബന്ധിച്ച് ബുദ്ധിമുട്ടു പറയുന്നില്ല. ബിജു മുങ്ങിയത് ബോധപൂര്‍വമായിരുന്നു. അതിനാലാണ് സംഘത്തിലുള്ളവര്‍ ഇസ്രയേലില്‍നിന്നു വിമാനം കയറിയതിനുശേഷം ബിജു നാട്ടിലേക്കു സന്ദേശം അയച്ചതെന്ന് മന്ത്രി പറഞ്ഞു.
ബിജുവിന്റെ വിസ റദ്ദാക്കാന്‍ എംബസിക്കു നിര്‍ദേശം നല്കി. ബിജുവിനെ കണ്ടെത്താനും നാട്ടിലെത്തിക്കാനും സര്‍ക്കാര്‍ നടപടി സ്വീകരിക്കും. ഒരാള്‍ മുങ്ങിയതിന്റെ പേരില്‍ വിദേശ സന്ദര്‍ശനം അവസാനിപ്പിക്കാനാകില്ലെന്നു മന്ത്രി പറഞ്ഞു. തീര്‍ഥയാത്രയ്ക്ക് പോകുന്നവര്‍, ബന്ധുക്കളെ കാണാന്‍ പോകുന്നവര്‍ തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി വിസ സംഘടിപ്പിച്ച് പോകുന്നവരാണ് ഇസ്രയേലില്‍ മുങ്ങുന്നവരില് അധികവും. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നു ലഭിക്കുന്നതിനെക്കാള്‍ മൂന്ന് ഇരട്ടിയിലധികം ദിവസ വേതനം അവിടെ ലഭിക്കും.
ഫെബ്രുവരി 11ന് 26 അംഗ സംഘവുമായി ഇസ്രയേലിലേക്ക് പോയ കേരളത്തിലെ തീര്‍ഥയാത്രാ സംഘത്തിലെ ആറു പേര് മുങ്ങി. ഫാ. ജോര്‍ജ് ജോഷ്വാ ആയിരുന്നു സംഘത്തലവന്. സംഘം തിരികെ എത്തിയപ്പോള്‍ ആറു പേരില്ല. പാസ്പോര്‍ട്ടും വസ്ത്രങ്ങളും എടുക്കാതെയാണ് ആറു പേരും പോയതെന്നും അക്കൂട്ടത്തില്‍ 69 വയസ്സുള്ള വനിതകളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുങ്ങിയവരെ കണ്ടുപിടിക്കാന്‍ ഡിജിപിക്ക് പരാതി നല്‍കിയെങ്കിലും അന്വേഷണം പ്രത്യേക സംഘത്തിന് ഏല്‍പ്പിച്ചതായുള്ള മറുപടിയാണ് ലഭിച്ചത്. തീര്‍ഥയാത്രാ സംഘത്തിന് വിസ നല്‍കാറില്ല. താത്കാലികമായി പോയി വരാനുള്ള പെര്‍മിറ്റ് മാത്രമാണ് കൊടുക്കുന്നത്. ഇത് മുങ്ങുന്നതിനു കൂടുതല്‍ സൗകര്യമാകുന്നുണ്ട്. കേന്ദ്ര ആഭ്യന്തര വകുപ്പ് വിദേശകാര്യ മന്ത്രാലയം വഴി ഇസ്രയേല്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടാലേ മുങ്ങുന്നവരെ കണ്ടെത്താനാകൂ. എന്നാല്‍ ഇസ്രയേലിലെ ഇന്ത്യന്‍ എംബസിക്ക് പരാതി നല്‍കുക മാത്രമാണ് സംസ്ഥാനത്ത് നടന്നു വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: