തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ചികിത്സാസഹായം അനുവദിക്കുന്നതില്‍ ഗുരുതര ക്രമക്കേടെന്ന് വിജിലന്‍സ് കണ്ടെത്തല്‍. അപേക്ഷിക്കാത്തവരുടെ പേരിലും ഫണ്ട് നല്‍കി. തട്ടിപ്പ് നടത്തുന്നത് ഏജന്റുമാരും ഡോക്ടര്‍മാരും ഉദ്യോഗസ്ഥരും ചേര്‍ന്നുള്ള സംഘം. സമ്പന്നരായ വിദേശ മലയാളികള്‍ക്കും ചികിത്സാ സഹായം നല്‍കി. ഒരു ഡോക്ടര്‍ മാത്രം നല്‍കിയത് 1500റിലധികം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍. ഇത്തരത്തില്‍ ഗുരുതര ക്രമക്കേടുകളാണ് കളക്‌ട്രേറ്റുകളില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്.
ഏജന്റുമാര്‍ ദുരിതാശ്വാസ നിധി തട്ടിയെടുക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്നലെ രാവിലെ മുതല്‍ 14 കളക്‌ട്രേറ്റുകളിലും വിജിലന്‍സ് സംഘം പരിശോധന നടത്തിയത്. തിരുവനന്തപുരം അഞ്ചുതെങ്ങ് പഞ്ചായത്തില്‍ ഒരു ഏജന്റിന്റെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് അപേക്ഷിച്ച 16 അപേക്ഷകളില്‍ തുക അനുവദിച്ചതായി കണ്ടെത്തി. കരള്‍ രോഗിയുടെ അപേക്ഷയില്‍ ഹൃദയസംബന്ധമായ രോഗമാണെന്ന സര്‍ട്ടിഫിക്കറ്റിലാണ് പണം അനുവദിച്ചത്. കൊല്ലത്ത് 20 അപേക്ഷകളിലെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ 13 എണ്ണം എല്ലുരോഗ വിദഗ്ധനായ ഒരു ഡോക്ടര്‍തന്നെ നല്‍കിയതാണ്. പുനലൂര്‍ താലൂക്കില്‍ ഒരു ഡോക്ടര്‍ ഏകദേശം 1500 സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. കരുനാഗപ്പള്ളിയില്‍ 14 അപേക്ഷകളിലെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളില്‍ 11 എണ്ണവും ഒരു ഡോക്ടറുടേതാണ്. മാത്രമല്ല ഒരു വീട്ടിലെ എല്ലാവര്‍ക്കും രണ്ട് ഘട്ടങ്ങളിലായി നാല് സര്‍ട്ടിഫിക്കറ്റുകള്‍ ഒരു ഡോക്ടര്‍ രണ്ടു ദിവസങ്ങളിലായി നല്‍കി. ആധാര്‍കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍ സമര്‍പ്പിക്കാത്തവര്‍ക്കും അപേക്ഷയില്‍ ഒപ്പ് രേഖപ്പെടുത്താത്തവര്‍ക്കും വരെ തുക അനുവദിച്ചു.
അപേക്ഷയോടൊപ്പമുള്ള വരുമാന സര്‍ട്ടിഫിക്കറ്റുകളും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികതയും തുടര്‍ന്നുള്ള ദിവസങ്ങളില്‍ പരിശോധിക്കാനാണ് വിജിലന്‍സിന്റെ തീരുമാനം. മാത്രമല്ല ഏജന്റുമാരും ഉദ്യോഗസ്ഥരും കമ്മീഷന്‍ കൈപ്പറ്റിയിട്ടുണ്ടോയെന്നതും വിശദമായ പരിശോധനയ്‌ക്ക് വിധേയമാക്കുമെന്നാണ് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം അറിയിച്ചത്.
ഒരേ ആള്‍ക്ക് ഹൃദ്രോഗത്തിനും ക്യാന്‍സറിനും രണ്ട് കളക്‌ട്രേറ്റില്‍ നിന്ന് സഹായം, സര്‍ട്ടിഫിക്കറ്റ് എല്ലുരോഗ വിദഗ്ധന്‍ വക
കോട്ടയം മുണ്ടക്കയത്ത് ഒരാള്‍ക്ക് 2017ല്‍ ഹൃദയസംബന്ധമായ അസുഖത്തിന് കോട്ടയം കളക്‌ട്രേറ്റില്‍ നിന്നും 5000 രൂപയും 2019ല്‍ ഇതേ അസുഖത്തിന് ഇടുക്കിയില്‍ നിന്നും 10,000 രൂപയും അനുവദിച്ചു. ഇതേ ആള്‍ക്ക് തന്നെ 2020ല്‍ കോട്ടയത്ത് ക്യാന്‍സറിന് 10,000 രൂപയും നല്‍കി. ഇതിലേക്കെല്ലാം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് കാഞ്ഞിരപ്പള്ളി സര്‍ക്കാര്‍ ആശുപത്രിയിലെ എല്ലുരോഗ വിദഗ്ധനാണ്. ജോര്‍ജ്ജ് എന്നയാളുടെ പേരിലുള്ള അപേക്ഷയിലെ ഫോണ്‍ നമ്പരില്‍ വിളിച്ചപ്പോള്‍ അയാളല്ല അപേക്ഷ സമര്‍പ്പിച്ചതെന്നും വിജിലന്‍സ് കണ്ടെത്തി.
എറണാകുളത്ത് മൂന്നു ലക്ഷം സഹായം ലഭിച്ച പ്രവാസിക്ക് ഇരുനില വീടും കാറും മെഡിക്കല്‍ ലബോറട്ടറിയും
എറണാകുളത്ത് വിജിലന്‍സ് പരിശോധിച്ചത് 16 ധനസഹായരേഖ. ഇതില്‍ മൂന്നെണ്ണത്തില്‍ ഗുരുതര ക്രമക്കേട്. ഒരാള്‍ക്ക് 3,00,000 രൂപയും മറ്റൊരാള്‍ക്ക് 45,000 രൂപയുമാണ് അനുവദിച്ചത്. സഹായം ലഭിച്ച സമ്പന്നനായ വിദേശമലയാളിക്ക് ഇരുനില വീടും കാറുമുണ്ട്. ഇയാള്‍ മെഡിക്കല്‍ ലബോറട്ടറിയുടേയും ഉടമയാണെന്ന് കണ്ടെത്തി. ഇടുക്കിയില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ പേരും രോഗവിവരങ്ങളും വെട്ടിത്തിരുത്തിയത് നിരവധി തവണ. മറ്റൊരപേക്ഷയോടൊപ്പമുള്ളത് ഏജന്റിന്റെ ഫോണ്‍ നമ്പരാണെന്നും കണ്ടെത്തി. മലപ്പുറം നിലമ്പൂരില്‍ ചിലവായ തുക രേഖപ്പെടുത്താത്ത മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളിലും ഫണ്ട് അനുവദിച്ചു.
സ്‌പെഷലിസ്റ്റ് അല്ലാത്ത ഡോക്ടര്‍മാര്‍ ഗുരുതര രോഗങ്ങള്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി. പാലക്കാട് പരിശോധിച്ച 15 അപേക്ഷകളിലെ അഞ്ചെണ്ണത്തില്‍ ഹൃദയസംബന്ധമായ അസുഖത്തിനുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ആയുര്‍വേദ ഡോക്ടറാണ്. ഈ അഞ്ച് അപേക്ഷകളും ഒരേ ഏജന്റാണ് നല്‍കിയിരിക്കുന്നത്. കാസര്‍കോട് രണ്ട് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഒരേ കൈയക്ഷരത്തിലുള്ളതാണ്. എന്നാല്‍ അതില്‍ ഒപ്പ് പതിച്ചിരിക്കുന്നത് രണ്ട് ഡോക്ടര്‍മാരാണെന്നും കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: