തിരുവനന്തപുരം:‘ഭാരതത്തിലെ സന്യാസിമാര്‍ ആന്തരിക അവയവങ്ങള്‍ പുറത്തേക്കെടുത്ത് കഴുകി വൃത്തിയാക്കി അകത്ത് വെക്കുമായിരുന്നു” എന്ന് നടി നവ്യാ നായരുടെ പ്രസ്താവനയ്‌ക്കെതിരെ നിറയെ ട്രോളുകളാണ് സമൂഹമാധ്യമങ്ങളില്‍. എഴുത്തുകാരന്‍ മാധവന്‍ ഉള്‍പ്പെടെ ട്രോളുമായെത്തി. ”സന്യാസി 1: എന്റെ കിഡ്നി തെളങ്ങണ കണ്ടാ, സന്യാസി 2: അതൊക്കെ എന്ത്, എന്റെ ലിവർ നോക്കിക്കെ” എന്നാണ് എൻഎസ് മാധവന്റെ ട്രോൾ. പലരും ഹിന്ദുത്വത്തെ വിമര്‍ശിക്കാനുള്ള ഒരു അവസരം കൂടിയായി ഇതിനെ എടുത്തിരിക്കുകയാണ്. ഇതിനിടയില്‍ യോഗ ഉള്‍പ്പെടെയുള്ള ഭാരതത്തിന്റെ എല്ലാ മഹനീയമായ പാരമ്പര്യങ്ങളേയും നിഷേധിക്കുന്നവരുടെ തലയ്‌ക്കാണ് സത്യത്തില്‍ ‘നെല്ലിക്കാ തളം’ വെക്കേണ്ടതെന്ന കുറിപ്പുമായി വെള്ളാശേരി ജോസഫ് എന്ന ഒരാള്‍ സമൂഹമാധ്യമത്തില്‍ എത്തിയത്. യോഗയെ ഉള്‍പ്പെടെ വിശദമായി പ്രതിപാദിക്കുന്ന ഈ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ ഒട്ടേറെപ്പേര്‍ പങ്കുവെച്ചു. എന്നാല്‍ നവ്യ പറഞ്ഞത് ശരിയാണെന്നും അതിന്റെ ആധികാരികതയെ കുറിച്ച് വിശദീകരണവുമായി എത്തിയിരിക്കുകയാണ് വെള്ളാശേരി ജോസഫ് എന്നയാള്‍. യോഗയിലെ ‘വസ്ത്ര ധൗതി’ എന്ന ക്ഷാളനക്രിയയെ കുറിച്ചാണ് നവ്യ സംസാരിച്ചത് എന്ന് പറഞ്ഞു കൊണ്ടാണ് ഇയാളുടെ കുറിപ്പ്.
‘ആന്തരിക അവയവങ്ങള്‍ പുറത്തേക്കെടുത്ത് കഴുകി വൃത്തിയാക്കുക’ എന്നതിലൂടെ നവ്യാ നായര്‍ ഉദ്ദേശിച്ചത് മിക്കവാറും യോഗയിലെ ‘വസ്ത്ര ധൗതി’ എന്ന് പറയുന്ന ഒരു ക്ഷാളന ക്രിയയെ കുറിച്ച് ആയിരിക്കുമെന്ന് വെള്ളാശ്ശേരി ജോസഫ് പറയുന്നു. യോഗയിലെ ഈ ‘വസ്ത്ര ധൗതി’-യെ കുറിച്ച് കണ്ടമാനം തെറ്റിദ്ധാരണ പലര്‍ക്കുമുണ്ട്. ആറു മീറ്ററോളം വരുന്ന ഒരുതരം വെള്ള റിബണ്‍ ആണ് ‘വസ്ത്ര ധൗതി’ക്ക് വേണ്ടി സാധാരണ ഉപയോഗിക്കാറുള്ളത്.
ചെറു ചൂടുള്ള ഉപ്പു വെള്ളത്തിന്റെ കൂടെ ഒരറ്റം കയ്യില്‍ പിടിച്ചുകൊണ്ട് ആ റിബണ്‍ വിഴുങ്ങാറാണ് പതിവ്. പിന്നീട് ‘വസ്ത്ര ധൗതി’-യില്‍ അത് പതുക്കെ പതുക്കെ പുറത്തേക്ക് വലിച്ചെടുക്കും. ഗ്യാസ് ട്രബിളിനും അസിഡിറ്റിയില്‍ നിന്നും രക്ഷ നേടാനായാണ് ഈ ശുദ്ധീകരണ ക്രിയ ചെയ്യുന്നത്. ‘വമന ധൗതി’ എന്നുള്ള ശര്‍ദ്ദിപ്പിക്കല്‍ പരിപാടിയെക്കാള്‍ കുറച്ചുകൂടി അഡ്വാന്‍സ്ഡ് ആയുള്ള ഒരു ക്രിയ മാത്രമാണിത്. ശരീരത്തിന് അകത്തുള്ള ഒരു അവയവും വലിച്ച് പുറത്തേക്കെടുക്കുന്നില്ല. ആയുര്‍വേദത്തിലും പഞ്ചകര്‍മ്മ ചികിത്സയുടെ ഭാഗമായി ‘വമനം’ ഉണ്ട്. യോഗയില്‍ അത് കുറച്ചുകൂടി വ്യക്തി ‘എഫര്‍ട്ട്’ എടുത്ത് ചെയ്യണമെന്നേയുള്ളൂ.
സത്യം പറഞ്ഞാല്‍, പൊലിപ്പിച്ച് പൊലിപ്പിച്ച് യോഗയെ കുറിച്ചും, ക്ഷാളന ക്രിയകളെ കുറിച്ചും കണ്ടമാനം തെറ്റിദ്ധാരണകള്‍ ആണ് സാധാരണ ജനത്തിനുള്ളത്. സാധാരണ ജനത്തിന് മാത്രമല്ലാ; വിദ്യാഭ്യാസമുള്ളവര്‍ക്ക് പോലും കണ്ടമാനം തെറ്റിധാരണകളുണ്ട്. യമ, നിയമ, ആസന, പ്രാണായാമം, പ്രത്യഹര, ധ്യാന, ധാരണ, സമാധി – ഇവയാണ് അഷ്ടാംഗ യോഗത്തിലെ എട്ടു രീതികള്‍. ഇതിലൊന്നും യാതൊരു ദുരൂഹതകളുമില്ലാ. നല്ല ഒരു ഗുരുവിന്റ്റെ കീഴില്‍ പോയി ഇതൊക്കെ അഭ്യസിച്ചാല്‍ മാത്രം മതി. മുന്‍ഗറിലെ ‘ബീഹാര്‍ സ്‌കൂള്‍ ഓഫ് യോഗ’ പോലെ ഇതൊക്കെ നന്നായി പഠിപ്പിക്കുന്ന സ്ഥാപനങ്ങളുമുണ്ട്. ഇനി ക്ഷാളന ക്രിയകളെ കുറിച്ച് പറഞ്ഞാല്‍, ജലനേതി, സൂത്രനേതി, വമന ധൗതി, വസ്ത്ര ധൗതി, പ്രക്ഷാളന്‍ – എന്നിങ്ങനെയുള്ള ആറു ക്ഷാളന ക്രിയകളുണ്ട് യോഗയില്‍.
സൈനസൈറ്റിസിനും മൂക്കടപ്പിനും തുമ്മലിനും ജലദോഷത്തിനും എതിരെ പ്രയോഗിക്കുന്ന ഒരു സിമ്പിള്‍ ടെക്‌നിക്കാണ് ജലനേതി. മുക്കിന്റ്റെ ഉള്‍ഭാഗം വൃത്തിയാക്കാന്‍, ഹഠയോഗത്തിലെ ക്ഷാളന ക്രിയകളിലുള്ളതാണ് ജലനേതിയും സൂത്രനേതിയും. ‘ലോട്ടാ നേതി’ എന്ന ഒരു പാത്രം ജലനേതി ചെയ്യാനായി ഉണ്ട്. ജലനേതി ചെയ്യുമ്പോള്‍ ചെറുചൂടുള്ള ഉപ്പുവെള്ളം നാസികാ ദ്വാരത്തിലൂടെ കയറ്റുകയാണ് ചെയ്യുന്നത്. ഉപ്പുവെള്ളം പിന്നീട് വായിലൂടെ പുറത്തു വരും. കടുകെണ്ണ ചിലപ്പോള്‍ ജലനേതി ചെയ്യുമ്പോള്‍ ഉപ്പുവെള്ളത്തിന്റ്റെ കൂടെ ചേര്‍ക്കാറുണ്ട്. സൈനസ് പ്രശ്‌നത്തിനും, വിട്ടുമാറാത്ത ജലദോഷത്തിനും ആഴ്ചയില്‍ ഒരിക്കല്‍ ജലനേതി ചെയ്താല്‍ മതി.
യോഗയിലെ ക്ഷാളന ക്രിയകളുടെ ഭാഗമായി മൂക്കിന്റ്റെ ഉള്‍ഭാഗം ക്‌ളീന്‍ ചെയ്യാന്‍. സൂത്രനേതിയില്‍ ഇപ്പോള്‍ മൂക്കിലൂടെ കടത്താന്‍ യോഗാ കേന്ദ്രങ്ങള്‍ നീളം കുറഞ്ഞ ചെറിയ റബര്‍ ട്യൂബ് ആണ് ഉപയോഗിക്കുന്നത്. പണ്ടൊക്കെ ചകിരിനാര് ഉപയോഗിച്ചിരുന്നു. മുക്കിന്റ്റെ ഉള്‍ഭാഗവും തലച്ചോറും തമ്മില്‍ ബന്ധമുണ്ട്. അതുകൊണ്ട് ജലനേതിയും സൂത്ര നേതിയും ചെയ്യുമ്പോള്‍ തല ഉണരുന്നതുപോലെ തോന്നും.
ഇങ്ങനെ യോഗയിലെ ഓരോരോ ക്രിയകളെ കുറിച്ചും, പോസ്റ്ററുകളെ കുറിച്ചും സമര്‍ത്ഥനായ ഒരു യോഗാ ഗുരുവിന്റ്റെ കീഴില്‍ പഠിച്ചവര്‍ക്ക് സംസാരിക്കാം. പഠിക്കുകയും അഭ്യസിക്കുകയും ചെയ്യാത്തവര്‍ സംസാരിക്കാതിരിക്കുന്നതായിരിക്കും ഉത്തമം. എല്ലാ ഫീല്‍ഡിലും അങ്ങനെയാണല്ലോ. നവ്യാ നായര്‍ അറിവില്ലായ്‌മ കൊണ്ടായിരിക്കാം വിവരക്കേട് പറഞ്ഞത്. പോട്ടെ, സാരമില്ല. മനുഷ്യ ശരീരത്തെ കുറിച്ചും, ആന്തരിക അവയവങ്ങളെ കുറിച്ചും, ചിട്ടയായ യോഗാഭ്യസത്തിലൂടെ മനുഷ്യാവയവങ്ങള്‍ എങ്ങനെ സ്വാധീനിക്കപ്പെടുന്നു എന്നതിനെ കുറിച്ചും ‘ബീഹാര്‍ സ്‌കൂള്‍ ഓഫ് യോഗയും’, BKS അയ്യങ്കാറുമൊക്കെ ഇഷ്ടം പോലെ പുസ്തകങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.
‘ബീഹാര്‍ സ്‌കൂള്‍ ഓഫ് യോഗ’-യുടെ ചില പുസ്തകങ്ങള്‍ ഒക്കെ എഴുതിയിരിക്കുന്നത് ഗ്ലാസ്‌ഗോയില്‍ നിന്ന് മെഡിസിനില്‍ MD വരെ നേടിയ സന്യാസികളാണ്. ‘ബീഹാര്‍ സ്‌കൂള്‍ ഓഫ് യോഗ’-യുടെ പല പുസ്തകങ്ങളും എഴുതിയിട്ടുള്ളത് വിദേശികളാണ്. പ്രസിദ്ധ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളായ എഡിന്‍ബറോ സ്‌കൂള്‍ ഓഫ് മെഡിസിനില്‍ നിന്നും, ഗ്‌ളാസ്‌ഗോ സ്‌കൂള്‍ ഓഫ് മെഡിസിനില്‍ നിന്നും ഉന്നത വിദ്യാഭ്യാസം സിദ്ധിച്ച ഡോക്ടര്‍മാരാണ് ‘ബീഹാര്‍ സ്‌കൂള്‍ ഓഫ് യോഗ’-യില്‍ താമസിച്ചു പഠിക്കുന്നതും പുസ്തകങ്ങളെഴുതുന്നതും.അത്തരക്കാര്‍ അഭിപ്രായം പറയട്ടെ. നവ്യാ നായരെ പോലുള്ളവര്‍ അറിവില്ലാത്ത മേഖലകളെ കുറിച്ച് ഒന്നും സംസാരിക്കാതിരിക്കുന്നതാണ് നല്ലത്. നടി നവ്യാ നായര്‍ ഒരു വിവരക്കേട് പറഞ്ഞു. അതിനെതിരായി ആളുകള്‍ അതിനേക്കാള്‍ വലിയ വിവരക്കേടാണ് വിളമ്പുന്നത്. ”ആയുര്‍വേദം, യോഗ, നാച്ചുറോപ്പതി – ഇവയൊന്നും ഒരു പ്രയോജനവുമുള്ള ചികിത്സാ രീതികളല്ലാ” എന്നൊക്കെയാണ് ആളുകള്‍ അടിച്ചു വിടുന്നത്.
കഴിഞ്ഞ നൂറ്റാണ്ടില്‍ ഋഷികേശില്‍ ഡിവൈന്‍ ലൈഫ് സൊസൈറ്റി സ്ഥാപിച്ച സ്വാമി ശിവാനന്ദ പൂര്‍വാശ്രമത്തില്‍ പ്രസിദ്ധനായ MBBS ഡോക്ടറായിരുന്നു. ഡോക്ടര്‍ കുപ്പു സ്വാമിയാണ് പിന്നീട് സ്വാമി ശിവാനന്ദ സരസ്വതി ആയി മാറിയത്. കേവല യുക്തി വാദവും, യാന്ത്രിക ഭൗതിക വാദവും പറഞ്ഞു യോഗയെ എതിരിടുന്ന ആളുകള്‍ സത്യത്തില്‍ സ്വാമി ശിവാനന്ദയുടെ മുമ്പില്‍ ഒന്നും അല്ല. അക്കാഡമിക് രീതിയില്‍ തന്നെ ചിന്തിച്ചാല്‍ പോലും, മുന്നൂറോളം പുസ്തകങ്ങള്‍ എഴുതിയ സ്വാമി ശിവാനന്ദയെ പോലുള്ളവര്‍ അഗാധ പണ്ഡിതന്മാരായിരുന്നു. ഇത്തരം ഉന്നത വിദ്യാഭ്യാസം സിദ്ധിച്ച ഡോക്ടര്‍മാര്‍ യോഗയുടെ ‘തെറാപ്പിക് ഇഫക്റ്റ്’ അര്‍ത്ഥ ശങ്കക്ക് ഇടയില്ലാത്ത രീതിയില്‍ അവരുടെ പുസ്തകങ്ങകളിലൂടെ വ്യക്തമാക്കി തരുന്നുണ്ട്.
യോഗയുടെ ഗുണങ്ങള്‍ 99 ശതമാനം ‘പ്രാക്റ്റിസിലൂടെ’ അല്ലെങ്കില്‍ പരിശീലനത്തിലൂടെ മാത്രമാണ് ലഭിക്കുന്നത്. അപ്പോള്‍, യാതൊരു രീതിയിലും ഉള്ള യോഗാ പരിശീലനവും ഇല്ലാത്തവര്‍ എങ്ങനെയാണ് ആധികാരികമായി യോഗയെ കുറിച്ച് അഭിപ്രായം പറയുന്നത്? എല്ലാത്തിനേയും കളിയാക്കുക, പുച്ഛിക്കുക – എന്ന മലയാളികളുടെ സ്ഥിരം സ്വഭാവം മാത്രമാണ് ചിലര്‍ ഇത്തരം പ്രവൃത്തികളിലൂടെ പുറത്തെടുക്കുന്നത്.
സായിപ്പിന് യോഗയും, ധ്യാനവും പോലെയുള്ള കാര്യങ്ങളില്‍ തുറന്ന സമീപനമുണ്ട്. ഭൗതിക വാദം പ്രചരിപ്പിക്കുന്ന ഇന്ത്യയിലെ അക്കാഡമിക് പണ്ഡിതര്‍ ഇപ്പോഴും യാന്ത്രിക ഭൗതിക വാദവും, വരട്ടു വാദവും ആയി മുന്നോട്ടു പോകുന്നു. അതുകൊണ്ട് തന്നെ, ഇന്ത്യയിലെ അക്കാഡമിക് പണ്ഡിതരില്‍ പലരും യോഗയിലൂടെ സിദ്ധിക്കുന്ന ആത്മബോധത്തെയോ, ആത്മജ്ഞാനത്തെയോ അംഗീകരിക്കുന്നില്ല. യുക്തി വാദത്തിന്റ്റേയും, ഭൗതിക വാദത്തിന്റ്റേയും വിള നിലങ്ങളായിരുന്ന അമേരിക്കയും, പാശ്ചാത്യ രാജ്യങ്ങളും വരെ ഇപ്പോള്‍ യോഗയും, ധ്യാനവും ഒക്കെ അംഗീകരിച്ചു തുടങ്ങി. അപ്പോള്‍ കേരളത്തിലിരുന്ന് വെറും പൊട്ടന്‍ കുളത്തിലെ തവളകളെ പോലെ അഭിപ്രായം പറയുന്നവര്‍ പല കാര്യങ്ങളും മനസിലാക്കുന്നില്ല എന്ന് മാത്രമേയുള്ളൂ.
ആധുനിക ലോകത്തിലെ പ്രകൃതി ചികിത്സ എന്ന് പറയുന്നത് പഴയപോലെ കറിവേപ്പില ചമ്മന്തിയും, പുതിന വെള്ളവും, പച്ചക്കറിയും പഴങ്ങളും മാത്രം കഴിച്ചുള്ള ഒന്നല്ല. അത്യാധുനിക യന്ത്രങ്ങളുടെ സഹായത്താല്‍ ‘കൊളോണ്‍ ഹൈഡ്രോ തെറാപ്പി’ പോലുള്ള വളരെ സങ്കീര്‍ണമായ ചികിത്സാ രീതികള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഒന്നാണ് ഇന്നത്തെ പ്രകൃതി ചികിത്സ. ബാംഗ്ലൂരിലെ ‘ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാച്ചുറോപ്പതി ആന്‍ഡ് യോഗിക് സയന്‍സസില്‍’ പോയാല്‍ ഇതൊക്കെ മനസിലാകും. ആറു വര്‍ഷം പഠനം കഴിഞ്ഞ ഡോക്ടര്‍മാരാണ് അവിടെ ‘നാച്ചുറോപ്പതി’ പ്രാക്റ്റീസ് ചെയ്യുന്നത്. അവര്‍ ആധുനിക മെഡിസിനും എതിരല്ലാ. ബാംഗ്ലൂരില്‍ സ്ഥിതി ചെയ്യുന്ന ‘ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാച്ചുറോപ്പതി ആന്‍ഡ് യോഗിക് സയന്‍സസിന് അടുത്തുതന്നെ ‘സൂപ്പര്‍ സ്‌പെഷ്യാലിറ്റി’ ആശുപത്രിയും ഉണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ അലുമിനിയം കമ്പനികളില്‍ ഒന്നായ ‘ജിന്‍ഡാല്‍ അലുമിനിയം’ നടത്തുന്ന സ്ഥാപനമാണ് അത്.
ഇനി കുറെ പേര്‍ ഇതെല്ലം ‘ഹൈന്ദവ വല്‍ക്കരണമാണ്’ എന്ന് പറഞ്ഞു വരും. മര്‍മ വിദഗ്ധനായ പൂമുള്ളി നീലകണ്ഠന്‍ നമ്പൂതിരിയാണ് പല സ്ഥലത്തും ചികിത്സിച്ചിട്ടും മാറാതിരുന്ന നടന്‍ മോഹന്‍ലാലിന്റ്റെ നടുവ് വേദന മാറ്റിയതും. ഈ പറഞ്ഞ പ്രശസ്തരായ രണ്ടു പേരും അതിനെ കുറിച്ച് ദീര്‍ഘമായി എഴുതിയിട്ടുള്ളതിനാല്‍, ഞാന്‍ അതിനെ കുറിച്ച് എഴുതുന്നില്ലാ.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആയുര്‍വേദ ചികിത്സാ കേന്ദ്രങ്ങളുള്ള കേരളത്തിലിരുന്ന് ”ആയുര്‍വേദ ചികിത്സകൊണ്ട് ഒരു പ്രായോജനവുമില്ലാ” എന്നൊക്കെ എഴുതി മറിക്കാന്‍ നിസാര ഉളുപ്പൊന്നും പോരാ. ഒന്നുമില്ലെങ്കിലും കോട്ടക്കല്‍ ആര്യ വൈദ്യ ശാലയില്‍ ഓരോ വര്‍ഷവും ചികിത്സക്ക് വരുന്ന ധനാഢ്യരായ അറബികളേയും, സായപ്പന്‍മാരേയും, മാദാമ്മമാരേയും നോക്ക്. മാസങ്ങള്‍ക്ക് മുമ്പേ ബുക്ക് ചെയ്തു അവിടെ ചികിത്സക്ക് വരുന്നവരുടെ തലക്ക് യാതൊരു ഓളവുമില്ലാ. സ്വന്തം നാടിന്റെ എല്ലാ മഹനീയമായ പാരമ്പര്യങ്ങളേയും നിഷേധിക്കുന്നവരുടെ തലയ്‌ക്കാണ് സത്യത്തില്‍ ‘നെല്ലിക്കാ തളം’ വെക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: