പാലക്കാട്: ഒരു കാലഘട്ടത്തിന്റെ പ്രൗഢിയുടെ അടയാളമായ ചരിത്രസ്മാരകം ഇനിയില്ല… കൊല്ലങ്കോട് രാജചരിത്രത്തിന്റെ അവശേഷിക്കുന്ന കൊട്ടാരങ്ങളില്‍ ഒന്നുകൂടി പൊളിച്ചുനീക്കിയപ്പോള്‍ തകര്‍ന്നടിഞ്ഞത് നമ്മുടെ സാംസ്‌കാരിക പൈതൃകത്തിന്റെ ഒരുഭാഗമാണ്.
അപകടാവസ്ഥയിലായ ഒരു കെട്ടിടം പൊളിച്ചുനീക്കുകതന്നെ വേണം, പക്ഷെ അതൊരു ചരിത്ര സ്മാരകം ആകുമ്പോള്‍ എങ്ങനെയാണ് പൊളിച്ചുനീക്കാന്‍ കഴിയുക, അതിന് കൂടുതല്‍ ബലമേകി പുനര്‍നിര്‍മിച്ച് നിലനിര്‍ത്തുകയാണ് വേണ്ടത്. എന്നാല്‍ അതുണ്ടായില്ല, കേവലം ഒരു പഴയ കെട്ടിടം കണക്കെ ആ കൊട്ടാരത്തെ പൊളിച്ചു,
ചരിത്രാവിഷ്ടങ്ങള്‍ അതൊരു മണ്‍ഭിത്തിയാണെങ്കില്‍പ്പോലും സംരക്ഷിച്ച് നിലനിര്‍ത്തേണ്ടതാണ്. വരും തലമുറയ്‌ക്ക് വേണ്ടി, ചരിത്ര വിദ്യാര്‍ത്ഥികള്‍ക്കായി, ചരിത്രാന്വേഷകര്‍ക്കായി.
മറ്റ് സംസ്ഥാനങ്ങളില്‍ എങ്ങനെയാണ് ഓരോ ചരിത്രാവശിഷ്ടങ്ങളും സംരക്ഷിക്കപ്പെടുന്നതെന്ന് കേരളം പഠിക്കേണ്ടതുണ്ട്. തമിഴ്‌നാട്ടില്‍പോലും പഴയ കൊട്ടാരങ്ങള്‍ എത്ര മനോഹരമായാണ് സംരക്ഷിക്കുന്നത്. കന്യാകുമാരിയിലെ ഇരണിയല്‍ കൊട്ടാരം തകര്‍ന്നടിഞ്ഞ നിലയിലായതിനെ പുനരുദ്ധാരണം നടത്തി ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ പാതയിലാണ്.
നാളത്തെ തലമുറയ്‌ക്കായി ചരിത്ര ശേഷിപ്പുകള്‍ നിലനിര്‍ത്തണമെന്ന ബോധം അവര്‍ക്കുണ്ടായി, എന്തുകൊണ്ട് കേരള സര്‍ക്കാരിന് ആ ബോധമുണ്ടായില്ല? സംസ്ഥാനം ഭരിക്കുന്ന ഭരണകക്ഷിതന്നെയാണ് കെട്ടിടം ഇല്ലാതാക്കുന്നതിന് പിന്നില്‍പ്രവര്‍ത്തിച്ചതെന്ന് കരുതുന്നു. അവരുടെ പാര്‍ട്ടി ഓഫീസിന്റെ ഉദ്ഘാടനത്തിനായി പൊതുപരിപാടി നടത്തുന്നതിനാണ് ദിവസങ്ങള്‍ക്കുള്ളില്‍ മരങ്ങള്‍ മുറിച്ചുമാറ്റി കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റിയത്.
കൊല്ലങ്കോട് രാജവംശത്തിന്റെ അവശേഷിക്കുന്ന കൊട്ടാരങ്ങളില്‍ ഒന്നായിരുന്നു ഇത്. ഇത് നിലനിര്‍ത്തണമെന്ന ചിന്ത കൊട്ടാരംകാര്‍ക്കും ഉണ്ടായില്ല. ഈ കെട്ടിടം ‘കളരികോവിലകം’ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. കോളേജ് റോഡിലെ ‘ദേവിവിലാസം കൊട്ടാര’ത്തില്‍ പല പ്രമുഖരും എത്തിയിരുന്നു. എന്നാല്‍ കേസുകള്‍ വന്നതോടെ ഇത് നോക്കാന്‍ ആളില്ലാതായി. മരങ്ങള്‍ തിങ്ങിനിറഞ്ഞു. ലക്ഷക്കണക്കിന് രൂപ വിലയുള്ള സാധനങ്ങളാണ് ഇതിനകത്തുണ്ടായിരുന്നത്. ഇവയെല്ലാം പലരും പലസമയങ്ങളിലായി കടത്തുകയായിരുന്നു.
1966ല്‍ ഒലവക്കോട് സായ് മന്ദിരത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിനെത്തിയ സത്യസായി ബാബ രണ്ടുദിവസം ഈ കൊട്ടാരത്തില്‍ താമസിച്ചിട്ടുണ്ട്. ഇന്ദിര ഗാന്ധിയും, സ്വാമി ചിന്മയാനന്ദനും ഇവിടം സന്ദര്‍ശിച്ചിട്ടുണ്ട്. കൊല്ലങ്കോട് കൊട്ടാരത്തിലേക്കെത്തുന്ന അതിഥികള്‍ താമസിച്ചിരുന്നതും ഇവിടെയാണ്.
1904ല്‍ കൊല്ലങ്കോട് രാജാവ് വാസുദേവരാജ തന്റെ മകള്‍ക്ക് തൃശൂരില്‍ ഒരു കൊട്ടാരം പണികഴിപ്പിച്ച് കൊടുത്തു. അതും കൊല്ലങ്കോട് കൊട്ടാരം എന്നാണ് അറിയപ്പെടുന്നത്. മ്യൂറല്‍ ആര്‍ട്ട് മ്യൂസിയമായാണ് ഈ കൊട്ടാരം ഇന്നും പ്രവര്‍ത്തിക്കുന്നത്. ദേവിവിലാസം കൊട്ടാരം നിലനിന്നിരുന്ന സ്ഥലത്തെ കിണറുകള്‍പോലും മൂടുകയുണ്ടായി. പരിസ്ഥിതി സംരക്ഷണവും മറ്റും തങ്ങളുടെ അവകാശമാണെന്ന് കരുതുന്ന സംഘടനയാണ് ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് വിരോധാഭാസമെന്നല്ലാതെ എന്തുപറയാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: