കാസര്‍ഗോഡ്: ന്യൂനപക്ഷങ്ങള്‍ക്കാണ് ഈ രാജ്യത്തെ വിഭവങ്ങളുടെ മേല്‍ പ്രാഥമിക അവകാശമെന്ന് പ്രഖ്യാപിച്ച യുപിഎ സര്‍ക്കാരില്‍ നിന്നും വ്യത്യസ്തമായി എല്ലാ ജനവിഭാഗങ്ങളുടെയും ക്ഷേമം ഉറപ്പാക്കുന്ന സര്‍ക്കാരാണ് ഇന്ന് ഭാരതം ഭരിക്കുന്നതെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ദുഷ്യന്ത് കുമാര്‍ ഗൗതം പറഞ്ഞു. ബിജെപി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സമുദായ സംഘടനാ പ്രതിനിധികളുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്രം ചെലവാക്കുന്ന പ്രതി രൂപയില്‍ കേവലം 15 പൈസ മാത്രമാണ് ജനങ്ങളിലേക്ക് എത്തുന്നതെന്ന് കോണ്‍ഗ്രസ്സിന്റെ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് തുറന്നു സമ്മതിക്കേണ്ടി വന്നു. സര്‍ക്കാരും ഭരണ സംവിധാനങ്ങളും ഒരു പോലെ അഴിമതിയില്‍ മുങ്ങിയിരുന്നു. എന്നാല്‍ ഇന്ന് നരേന്ദ്ര മോദി സര്‍ക്കാര്‍ അഴിമതി തുടച്ചു നീക്കി. വാക്സിനേഷന് ലഭ്യമാകാന്‍ വിദേശ രാജ്യങ്ങളുടെ മുന്നില്‍ കൈ നീട്ടേണ്ട സാഹചര്യം ഇന്ന് മാറിയിരിക്കുന്നു. കോവിഡ് കാലത്ത് 3 വാക്സിനുകളാണ് ഭാരതം തദ്ദേശീയമായി നിര്‍മ്മിക്കുകയും ഒട്ടേറെ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുകയും ചെയ്തത്. അയോധ്യയില്‍ എന്നാണ് രാമക്ഷേത്രം നിര്‍മ്മിക്കുന്നതെന്ന് ചോദിച്ചവരോട് പുതുക്കി പണിയുന്ന രാമക്ഷേത്രം തുറന്നു കൊടുക്കുന്ന തീയ്യതി പ്രഖ്യാപിച്ചാണ് മോദി സര്‍ക്കാര്‍ മറുപടി പറഞ്ഞത്. കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴിയുടെ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്നു. അങ്ങനെ എല്ലാ മേഖലയിലും വലിയ മാറ്റങ്ങളാണ് ബിജെപി സര്‍ക്കാര്‍ കൊണ്ട് വന്നിരിക്കുന്നത്.
ജമ്മുകാശ്മീരില്‍ ഒരു ദേശീയ പതാക പോലും ഉയര്‍ത്താന്‍ സാധിക്കാത്ത കാലത്ത് ജമ്മു കാശ്മീരിലേക്ക് യാത്ര നടത്തിയവരാണ് മുരളീ മനോഹര്‍ ജോഷിയും ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ഇന്ന് ഏതൊരു ഭാരതീയനും ജമ്മു കശ്മീരില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്താനുള്ള സാഹചര്യം ഒരുങ്ങിക്കഴിഞ്ഞു. സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെടുമ്പോള്‍ പ്രതികരിക്കാന്‍ പോലും സാധിക്കാതെ കൈയ്യും കെട്ടി നോക്കി നില്‍ക്കേണ്ട ഗതികേടില്‍ നിന്നും മാറി ഒന്നിന് പത്തെന്ന കണക്കില്‍ തീവ്രവാദികളെയും ശത്രു സൈനികരെയും ഇല്ലായ്മ ചെയ്യാനുള്ള ആത്മവിശ്വാസവും ആര്‍ജ്ജവും നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണത്തില്‍ ഇന്ത്യന്‍ സൈന്യത്തിന് ഇന്ന് കൈവന്നിരിക്കുന്നു. കേരളത്തിന്റെ അഭിവൃദ്ധി സാധ്യമാകണമെങ്കില്‍ ദേശീയത ഉയര്‍ത്തിപ്പിടിക്കുന്ന, വികസനവും ജനക്ഷേമ നയങ്ങളും ഒരു പോലെ തങ്ങളുടെ നയമായി സ്വീകരിച്ചിട്ടുള്ള ഭാരതീയ ജനതാ പാര്‍ട്ടിയെ പിന്തുണയ്ക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ബിജെപി കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാര്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്, സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. പ്രകാശ് ബാബു, അഡ്വ. കെ. ശ്രീകാന്ത്, എന്നിവര്‍ സംബന്ധിച്ചു.ബിജെപി ജില്ലാ സെക്രട്ടറി മനുലാല്‍ മേലോത്ത് സ്വാഗതവും ജില്ലാ ജനറല്‍ സെക്രട്ടറി വിജയ് കുമാര്‍ റൈ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: