പാലക്കാട്: വര്‍ഷങ്ങളായുള്ള കാട്ടാന പ്രശ്നത്തിനു പരിഹാരമായി കൊമ്പനെ പിടിച്ചെങ്കിലും ധോണിക്കാര്‍ അനുഭവിക്കുന്ന വന്യമൃഗശല്യത്തിന് പരിഹാരമായില്ല. ധോണി മേഖലയില്‍ വര്‍ഷങ്ങളായി ഭീതി പരത്തിയിരുന്ന കൊമ്പനെ മാസങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ കഴിഞ്ഞ 22നാണ് വനംവകുപ്പ് പിടികൂടിയത്. പിടി-7 നെ പിടികൂടി ധോണിയെന്നു നാമകരണം ചെയ്ത് കുങ്കിയാനയാക്കി മാറ്റുന്നതിനുള്ള പരിശ്രമത്തിലാണ്. എന്നാല്‍ പിടി-7 നെ പിടികൂടുന്നതിന് മുമ്പ് ഇതേ കൊമ്പന് മറ്റു കുറെ കാട്ടാനകളെയും കൂട്ടിയാണ് ജനവാസ മേഖലകളിലെത്തിയിരുന്നത്. എന്നല്‍ ധോണിയെ കാണാതായതോടെ ധോണിക്കൊപ്പം കറങ്ങിയിരുന്ന മറ്റു കൊമ്പന്മാരാണ് ഇപ്പോള്‍ ധോണിക്കാരുടെ ഉറക്കം കെടുത്തുന്നത്.
പിടി – 7 നെ പിടിച്ചതോടെ കാട്ടാനശല്യത്തിന് പരിഹാരമായെന്ന് കരുതിയ ധോണിക്കാര്‍ക്കിപ്പോള്‍ ഇരട്ടഭീതിയാണ്. കഴിഞ്ഞ ദിവസമാണ് ധോണിക്കു സമീപം കാട്ടാന പശുവിനെ കുത്തിക്കൊന്നത്. ധോണി, മായപുരം, പയറ്റാംകുന്ന്, പെരുന്തുരുത്തികളം തുടങ്ങിയ ഏഴോളം മേഖലകളില്‍ ഇപ്പോഴും വന്യമൃഗശല്യം തുടരുകയാണ്. ഇതിനിടെ മലമ്പുഴ, അകത്തേത്തറ മേഖലകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുലിയുടെ സാന്നിദ്ധ്യവും ജനങ്ങളെ ഭിതിയിലാക്കുന്നുണ്ട്. മലമ്പുഴ, അകമലവാരം, കരടിച്ചോലയില് സുകുമാരന്റെ ആടിനെയാണ് കഴിഞ്ഞ ദിവസം പുലി കടിച്ചു കൊന്നത്. മലമ്പുഴ റിങ് റോഡ് പരിസരത്തും പുലിയെ കണ്ടതിനു പുറമെ അകത്തേത്തറ, ചെറാട്, മേലെ ചെറാട് ഭാഗങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ കാട്ടാനകളിറങ്ങി ഭീതി പരത്തിയിരുന്നു. അകത്തേത്തറ, മുണ്ടൂര്‍, പുതുപ്പരിയാരം പഞ്ചായത്തുകളില്‍പ്പെട്ട അതിര്‍ത്തികളോടു ചേര്‍ന്ന പ്രദേശങ്ങളിലാണ് കാട്ടാനശല്യം രൂക്ഷമായിട്ടുള്ളത്.
വാളയാര്‍ മുതല്‍ മുണ്ടൂര്‍ വരെയുള്ള 35 കിലോമീറ്റര്‍ ദൂരത്തില്‍ ഉള്‍പ്പെടുന്ന അഞ്ച് പഞ്ചായത്തുകളില്‍ കാലങ്ങളായി വന്യമൃഗശല്യം കൂടുതലാണ്. ഇതില്‍ കൂടുതലായും മുണ്ടൂര്‍, പുതുപ്പരിയാരം, അകത്തേത്തറ പഞ്ചായത്തുകളിലാണ് കാട്ടാനയടക്കമുള്ള വന്യമൃഗശല്യം രൂക്ഷമാകുന്നത്. ധോണി മുതല്‍ മലമ്പുഴ വരെയുള്ള 12 കിലോമീറ്റര്‍ ദൂരത്തില്‍ തൂക്കുവേലി നിര്‍മിക്കുന്നതിനായി നബാര്‍ഡ് ഫണ്ടനുവദിച്ചിട്ടുണ്ടെങ്കിലും ഇത് എന്ന് പൂര്‍ത്തിയാകുമെന്നത് കണ്ടറിയണം. ധോണി, പയറ്റാംകുന്ന്, മായപുരം മേഖലകളില്‍ കഴിഞ്ഞ കുറെ ദിവസങ്ങലായി മൂന്ന് കാട്ടാനകളാണ് ജനവാസ മേഖലകളില്‍ വിഹരിക്കുന്നത്. വനത്തിനകത്ത് വെള്ളമില്ലാത്തതിനാല്‍ ജനവാസമേഖലകളില്‍ ജലലഭ്യതയുള്ള ആഴം കുറഞ്ഞ കിണറുകളിലും കുളങ്ങളിലും ആനകള്‍ വെള്ളം കുടിക്കാനെത്തുന്നത് പതിവാണ്.
കഴിഞ്ഞ ഒരുമാസത്തിനിടെ മാത്രം മുണ്ടൂര്‍, പുതുപ്പരിയാരം പഞ്ചായത്തുകളില്‍ ഏകദേശം ഒരു കോടിയോളം രൂപയുടെ നാശനഷ്ടമാണുണ്ടായത്. മാസങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ കാലങ്ങളായി ഭീതി പരത്തിയ കൊലയാളി കൊമ്പനെ കൂട്ടിലാക്കി മെരുക്കുമ്പോഴും ധോണിക്കാരുടെ ഉറക്കം കെട്ടുത്തുന്ന കാട്ടാന ശല്യത്തിന് അറുതിയില്ലാത്ത സ്ഥിതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: