കണ്ണൂര്‍: ഡിവൈഎഫ്ഐ സംസ്ഥാന ജോ.സെക്രട്ടറി എം.ഷാജറിനെതിരെ പാര്‍ട്ടി അന്വേഷണം. പാര്‍ട്ടി രഹസ്യങ്ങള്‍ ആകാശിന് ചോര്‍ത്തി നല്കുന്നതിനു പാരിതോഷികമായ ഷാജറിന് പൊട്ടിക്കുന്ന സ്വര്‍ണത്തിന്റെ വിഹിതം നല്‍കുന്നെന്ന ആരോപണമാണ് പ്രധാനമായും അന്വേഷിക്കുന്നത്. സിപിഎം ജില്ലാ കമ്മിറ്റി അംഗം മനു തോമസാണ് ഷാജറിനെതിരെ പരാതി നല്‍കിയത്.സ്വര്‍ണ്ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന പരാതിയും അന്വേഷിക്കും. കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.സുരേന്ദ്രനാണ് പരാതി അന്വേഷിക്കുന്നത്.
ആകാശും ഷാജറും തമ്മില്‍ സംസാരിക്കുന്നതിന്റെ ഓഡിയോ സഹിതമാണ് മനു തോമസ് പരാതി നല്‍കിയിരിക്കുന്നത്. മനു തോമസില്‍ നിന്ന് അന്വേഷണ കമ്മീഷന് മൊഴിയെടുത്തിട്ടുണ്ട്. സംഘടനയ്ക്കുള്ളില്‍ മാത്രം നടക്കുന്ന അന്വേഷണം ആയതിനാല്‍ പാര്‍ട്ടിയുടെ അനുമതിയില്ലാതെ പ്രതികരണത്തിനില്ലെന്ന് മനു തോമസ് പറയുന്നു. ആകാശ് തില്ലങ്കേരിക്കെതിരെ സിപിഎം നിലപാട് വ്യക്തമാക്കിയതാണെന്നും, മാദ്ധ്യമങ്ങള്‍ ഈ വിഷയം ഇവിടെ അവസാനിപ്പിക്കണമെന്നുമായിരുന്നു തില്ലങ്കേരിയില്‍ നടന്ന പൊതുയോഗത്തില്‍ ഷാജറിന്റെ താക്കീത്.
ആകാശിന്റെ നേതൃത്വത്തിലുള്ള സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ സംഘത്തെ അടിച്ചമര്‍ത്താന്‍ ഡിവൈഎഫ്ഐയില്‍ നിന്ന് മുന്‍കയ്യെടുത്തത് മനു തോമസായിരുന്നു. ഇതോടെ മനു തോമസിനെതിരെ ആകാശും കൂട്ടാളികളും കടുത്ത സൈബര്‍ ആക്രമണം തുടങ്ങി. ഇതിനെല്ലാം പിന്നില്‍ ഷാജര്‍ ആണെന്ന് വ്യക്തമായതോടെയാണ് മനു തോമസ് തെളിവടക്കം ജില്ലാ നേതൃത്വത്തിന് പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: