സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍, മാഷാണ്. കായിക അധ്യാപകനായതാണ് മാഷെന്ന പേരുവീഴാന്‍ ഇടയാക്കിയത്. നില്പിലും നടപ്പിലും വാക്കിലും വാചാലതയിലുമെല്ലാം കായിക അധ്യാപകന്റെ ഗമയും ഗെറ്റപ്പുമുണ്ട്. എന്നുവച്ച് വഴിവിട്ട വായയൊന്നുമല്ല മാഷിന്റേത്. പാര്‍ട്ടിക്ലാസെടുത്താല്‍ കുടുങ്ങി. അളന്നുമുറിച്ച് ആദര്‍ശത്തിന്റെ മേലങ്കിയണിയിച്ചേ ഓരോ വാക്കും പുറത്തുവരൂ. ആ ശീലം വച്ച് മന്ത്രിപ്പണി പറ്റില്ലല്ലൊ. അതു മന്ത്രിക്കും ബോധ്യമായി. ഒപ്പമുള്ളവര്‍ക്ക് അതിലേറെ ബോധ്യമായി. ഇയാളെ എങ്ങിനെ സഹിക്കുമെന്ന് അടക്കം പറഞ്ഞ തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ അനവധി. മാഷ്‌ക്ക് മന്ത്രിപ്പണി ചേരില്ലെന്ന് പറഞ്ഞവര്‍ നിരവധി. അങ്ങിനെ തന്നെ സംഭവിച്ചു. മന്ത്രിപ്പണി മതിയാക്കി പാര്‍ട്ടിപ്പണി ഏല്പിച്ചു.
ഒപ്പവും അതിലല്പം മുകളിലുമുള്ള പലരേയും കടത്തിവെട്ടിയാണ് പാര്‍ട്ടി സെക്രട്ടറിയായത്. അതിനോടൊപ്പം കിട്ടി പിബി അംഗത്വവും. പോരെ പൂരം. അസൂയാലുക്കള്‍ക്ക് ഇതുതന്നെ ധാരാളമല്ലെ. കണ്ണൂര്‍ ജില്ലയിലെ ജയരാജത്രയങ്ങളുണ്ട്. അവരിലാരെങ്കിലും സെക്രട്ടറിയാകണമെന്ന് ആഗ്രഹിച്ചതാണ്. പ്രതീക്ഷിച്ചതാണ്. പക്ഷേ അതെല്ലാം തെറ്റി. മൂന്ന് മാസത്തോളം അതിലൊരു ജയരാജന്‍ പാര്‍ട്ടിപ്പണിതന്നെ നിര്‍ത്തിയോ എന്നൊരു സംശയം ജനിപ്പിച്ചു. പെട്ടെന്ന് ഒരു ബോധോദയം പോലെ പിന്നെ പൊങ്ങിവന്നു. മറ്റ് ജില്ലകളിലും സമാനമായ നേതാക്കളുണ്ടായിരുന്നു. പക്ഷേ ഒന്നും പരിഗണിക്കപ്പെട്ടില്ല. പാര്‍ട്ടി സെക്രട്ടറിയുടെ സാന്നിധ്യം അറിയിക്കാനായി പിന്നത്തെ ശ്രമം. മുസ്ലീംലീഗിനെ മുന്നണിയിലേക്ക് ക്ഷണിക്കുംവിധം ഒരഭിപ്രായപ്രകടനം ആദ്യം നടത്തിനോക്കി. അത് മുന്നണികക്ഷികളില്‍ തന്നെ ഭിന്നാഭിപ്രായവും എതിര്‍പ്പും പ്രകടമായി. വാക്കുമാറ്റിപ്പറഞ്ഞ് തടിയൂരി. പിന്നെയാണ് സംസ്ഥാന വ്യാപകമായി ഒരു യാത്രയ്‌ക്ക് പദ്ധതിയിട്ടത്. ജനകീയ പ്രതിരോധയാത്ര എന്ന പേരും നല്‍കി. ജനകീയ പ്രതിരോധയാത്രയില്‍ ഇടതുപക്ഷത്തെ ജനങ്ങള്‍ പോലുമില്ല.
കഴിഞ്ഞദിവസം കുമ്പളയിലാണ് യാത്ര തുടങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയനാണ് യാത്ര ഉദ്ഘാടനം ചെയ്തത്. ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ കുതിച്ചുമുന്നേറുന്ന സംസ്ഥാനം കേരളം മാത്രമെന്ന് സ്ഥാപിച്ചെടുക്കുവാനായിരുന്നു മുഖ്യമന്ത്രിയുടെ ശ്രമം. വഴിനീളെ പ്രതിഷേധം കണ്ടതുകൊണ്ടാണോ അതോ വിശ്വസ്തന്‍ ശിവശങ്കറിന്റെ കസ്റ്റഡി നീട്ടിയതറിഞ്ഞതുകൊണ്ടാണോ എന്നറിയില്ല. ഓരോ വാക്കിലും വിറളി നിഴലിക്കുന്നതായിതോന്നി. ഒന്നും പറയില്ലെന്ന പ്രതീക്ഷ അസ്തമിക്കുകയാണോ എല്ലാം തുറന്ന് പറയുമോ എന്നതാകുമോ ആ വിറളിക്കാധാരമെന്നറിയില്ല. അത് മറച്ചുവയ്‌ക്കാനായി പിന്നത്തെ ശ്രമം. ദല്‍ഹിയില്‍ ആര്‍എസ്എസ്-ജമാഅത്ത് ചര്‍ച്ചയാണ് എടുത്തിട്ടത്. ചര്‍ച്ചയ്‌ക്ക് കോണ്‍ഗ്രസ്-ലീഗ് വെല്‍ഫയല്‍ പാര്‍ട്ടി ത്രയത്തിന് പങ്കുണ്ടോ എന്ന സംശയവും പ്രകടിപ്പിച്ചു. ആര്‍എസ്എസ് ഇഷ്ടമില്ലാത്തവരെ കൊന്നുതള്ളുകയാണെന്നാക്ഷേപിച്ച മുഖ്യമന്ത്രി. ജമാഅത്തെ ഇസ്ലാമി എന്തിന് ചര്‍ച്ച നടത്തി എന്നറിയണം. ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി ആകാന്‍ ഇടയില്ലെന്ന കാര്യത്തില്‍ മുഖ്യമന്ത്രിക്ക് ഒട്ടും സംശയമില്ല. ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി സിപിഎം ഉള്ളപ്പോള്‍ മറ്റാരെങ്കിലും എന്തിന് സംസാരിക്കണം എന്ന സംശയമാണ് മുഖ്യമന്ത്രിക്ക്.
സിപിഎം ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടിയല്ല, മതഭീകരസംഘടനകളുടെ താല്പര്യസംരക്ഷകരാണെന്നതല്ലെ സത്യം. കേന്ദ്ര സര്‍ക്കാര്‍ മുത്തലാഖ് നിരോധിച്ചതിനെ മുസ്ലീം ന്യൂനപക്ഷം സര്‍വാത്മനാ സ്വാഗതം ചെയ്യുമ്പോള്‍ എതിര്‍പ്പുമായി നില്‍ക്കുന്നത് താലിബാനി സര്‍ക്കാരാണ്. അവരോടൊപ്പമാണ് സിപിഎം. പൗരത്വനിയമം രാജ്യത്തെ ഒരു പൗരനും എതിരല്ലെന്നിരിക്കെ അത് മുസ്ലീം വിരുദ്ധമെന്ന് വരുത്തിത്തീര്‍ക്കാനാണ് സിപിഎം ശ്രമിച്ചത്. പൗരത്വനിയമം കേരളത്തില്‍ നടപ്പാക്കാന്‍ മനസ്സില്ലെന്ന് ആവര്‍ത്തിച്ചു പറയാനും മുഖ്യമന്ത്രി മറന്നില്ല. കേരളമെന്നല്ല രാജ്യത്തെ ഒരു സംസ്ഥാനത്തിനും ഇന്ത്യന്‍ പൗരന്മാര്‍ക്കെതിരെ പൗരത്വനിയമപ്രകാരം നടപടി സ്വീകരിക്കാന്‍ കഴിയില്ലെന്ന സത്യം മറച്ചുപിടിച്ചു.
മുഖ്യമന്ത്രിയില്‍ നിന്നും പതാക ഏറ്റുവാങ്ങി ജാഥ തുടങ്ങിയ ഗോവിന്ദനും പിണറായി പറഞ്ഞത് ആവര്‍ത്തിച്ചു. ആര്‍എസ്എസ്-ജമാഅത്ത് ചര്‍ച്ച തന്നെ വിഷയം. വാര്‍ത്താസമ്മേളനത്തില്‍ ഇതാവര്‍ത്തിച്ച ഗോവിന്ദന്‍ ചോദ്യങ്ങളോട് മറുചോദ്യം ഉന്നയിച്ചു. ചോദ്യം മതിയാക്കാമെന്നാവര്‍ത്തിച്ചുമാണ് അവസാനിപ്പിച്ചത്. ഒന്നരലക്ഷം സംരംഭങ്ങള്‍ തുടങ്ങിയെന്നും ഏപ്രില്‍ ആകുമ്പോഴേക്കും അത് രണ്ടുലക്ഷമാകുമെന്നും 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നും തട്ടിവിട്ട ജാഥാ ക്യാപ്റ്റന്‍ കേന്ദ്രത്തില്‍ അത്രയും തൊഴില്‍ നല്‍കുന്നില്ലെന്നും ലോകത്തുതന്നെ ജീവിക്കാന്‍ പറ്റിയ അന്തരീക്ഷമുള്ളത് കേരളത്തില്‍ മാത്രമാണെന്നും ആവര്‍ത്തിച്ചു.
കേരളത്തെ ശ്വാസംമുട്ടിച്ച് കൊല്ലാന്‍ കേന്ദ്രം ശ്രമിക്കുന്നു. കേരളത്തിന് അവകാശപ്പെട്ടത് നല്‍കുന്നില്ല. കേരളം മറ്റൊരു രാജ്യമെന്നവകാശവാദമെന്ന പോലെയാണ് ഓരോ വിശദീകരണവും. 2025 നിര്‍ണായക വര്‍ഷമാണ്. ആര്‍എസ്എസിന് 100 വയസ് തികയുന്നവര്‍ഷമാണ്. അപ്പോഴേക്കും ഇന്ത്യയെ ഹിന്ദുരാഷ്‌ട്രമാക്കാനാണ് അവരുടെ ശ്രമമെന്നും ജാഥാക്യാപ്റ്റന്‍ പറയുമ്പോള്‍ അവരുടെ ജാള്യതയാണ് വെളിവാകുന്നത്. ഒരേസമയത്ത് രൂപംകൊണ്ട സംഘടനയാണ് കമ്യൂണിസ്റ്റുകാരും ആര്‍എസ്എസും. ഇന്ന് ആര്‍എസ്എസിന്റെ ആശയം ഉള്‍ക്കൊണ്ടവര്‍ രാജ്യംഭരിക്കുന്നു. ഭരണഘടനാപദവികളുടെ 90 ശതമാനവും വഹിക്കുന്നത് അവരാണ്. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിലും അതുതന്നെ ആവര്‍ത്തിക്കുമെന്നുറപ്പാണ്.
എന്നാല്‍ കമ്യൂണിസ്റ്റുകാരെ എങ്ങനെ വിശേഷിപ്പിക്കും. കേരളത്തില്‍ മാത്രമാണിപ്പോള്‍ അധികാരത്തിലുള്ളത്. മൂന്നുസംസ്ഥാനങ്ങള്‍ ഭരിച്ച പാര്‍ട്ടിയുടെ അവസ്ഥായാണിത്. ഇന്ത്യ ഹിന്ദുരാഷ്‌ട്രമാക്കാന്‍ ആരും പരിശ്രമിക്കേണ്ടതില്ല. ഇത് ഹിന്ദുരാഷ്‌ട്രമാണ്. അതുകൊണ്ടാണ് ഇവിടെ കമ്യൂണിസ്റ്റുകാര്‍ ജീവിക്കുന്നത്. ജാഥ നടത്തുന്നത്. അതെങ്കിലും ഓര്‍ക്കേണ്ടതല്ലെ. സഖാവേ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: