പാരിസ്: ചരിത്ര നേട്ടവുമായി ഇതിഹാസ ടെന്നീസ് താരവും ലോക ഒന്നാം നമ്പറുമായ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച്. ഏറ്റവുമധികം ആഴ്ചകള്‍ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് നിന്ന ടെന്നീസ് താരമെന്ന റിക്കോര്ഡിനൊപ്പമെത്തിയാണ് ജോക്കോവിച്ച് ചരിത്രം സ്വന്തമാക്കിയത്. 377 ആഴ്ചകളാണ് ജോക്കോവിച്ച് ഒന്നാം റാങ്കില്‍ തുടര്‍ന്നത്. വനിതാ ഇതിഹാസം സ്റ്റെഫി ഗ്രാഫിന്റെ റിക്കോര്‍ഡിനൊപ്പമാണ് ജോക്കോവിച്ച് എത്തിയിരിക്കുന്നത്.
അടുത്ത ആഴ്ചയോടെ ഈ റിക്കോര്‍ഡ് ജോക്കോ ഒറ്റയ്ക്ക് സ്വന്തമാക്കും. 35 കാരനായ ജോക്കോവിച്ച് ഓസ്ട്രേലിയന്‍ ഓപ്പണില്‍ കിരീടം നേടിയതോടെയാണ് വീണ്ടും ഒന്നാം റാങ്കിലേക്കെത്തിയത്. കിരീടത്തില്‍ മുത്തമിട്ടതോടെ ജോക്കോവിച്ചിന്റെ ഗ്രാന്‍ഡ്സ്ലാം നേട്ടം 22 ആയി ഉയര്‍ന്നു. റാഫേല്‍ നദാല്‍ സ്ഥാപിച്ച റിക്കോര്ഡിനൊപ്പമെത്താനും താരത്തിന് സാധിച്ചു.
നിലവില്‍ 7070 പോയിന്റാണ് ഒന്നാം റാങ്കിലുള്ള ജോക്കോയ്ക്കുള്ളത്. 6480 പോയിന്റുമായി സ്പെയിനിന്റെ കാര്‍ലോസ് അല്‍ക്കാരസ് രണ്ടാമതും 5940 പോയിന്റ് നേടി ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസ് മൂന്നാം സ്ഥാനത്തും നില്ക്കുന്നു. കാസ്പര്‍ റൂഡ്, ആന്ദ്രെ റുബലേവ് എന്നിവരാണ് നാല്, അഞ്ച് സ്ഥാനങ്ങളില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: