ഡോ.വി. സുജാത
പാശ്ചാത്യരുടെ ആധുനിക സംസ്കാരത്തില്‍ തുടങ്ങി ആധുനികോത്തര കലാ സാഹിത്യത്തില്‍ തഴച്ചുവളര്‍ന്ന ഒരു ചിന്താഗതിയെ ആസ്പദമാക്കിയുള്ളതാണ് ഇലവരമ്പ് എന്ന ചലച്ചിത്രം. മനസ്സിന്റെ യുക്ത്യധിഷ്ഠിത തലവും, യുക്തിരഹിതവും പ്രാകൃതവുമായിട്ടുള്ള അതിന്റെ അടിയൊഴുക്കുകളും തമ്മില്‍ വേര്‍തിരിക്കുന്നത് നേര്‍ത്ത ഒരു അതിര് (ഇലവരമ്പ്) കൊണ്ടാണെന്ന കാഴ്ചപ്പാടാണ് ഈ സിനിമയുടെ പ്രമേയം.
തിരക്കഥാകൃത്തും സംവിധായകനും നിര്‍മാതാവും പ്രധാന നടനും ഒരാള്‍ തന്നെയെന്നതുമാത്രമല്ല, ഗാനങ്ങളും സംഗീതവും നിര്‍വഹിച്ചിരിക്കുന്നതും ഇയാള്‍ തന്നെ-ബിശ്വജിത്ത് ശ്രീനിവാസന്. ലക്ഷ്യബോധമില്ലാതെയും, സ്വത്വം തിരിച്ചറിയനാവാതെ അസ്തിത്വ ദുഃഖം പേറിയും എങ്ങോട്ടോ ഒഴുകിയിറങ്ങുന്നവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാകുന്ന രഘു-സുമ ദമ്പതികള്‍. കാടിനു സമീപമുള്ള ഒരു വീട്ടില്‍ മദ്യപിച്ചു രസിക്കാന്‍ ഒത്തുചേരുന്ന മൂന്നു കൂട്ടുകാരില്‍ ഒരുവനാണ് രഘു. രഘു അടുത്തിടെയാണ് സുമയെ വിവാഹം ചെയ്തത്. അവര്‍ യഥാര്‍ത്ഥത്തില്‍ വിവാഹിതരാണോ എന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്. രഘുവിന്റെ വേഷമാണ് ബിശ്വജിത്ത് ചെയ്യുന്നത്. സുമയുടെ വേഷം ബിനുഷയും.
ആ വീടു വിട്ടിറങ്ങിയാല്‍ കാണുന്ന നിബിഡ വനവും സ്വച്ഛന്ദമായൊഴുകുന്ന പുഴയും ഉപരിതല മനസ്സിന്റെ അടിത്തട്ടാകുന്ന പ്രാകൃത ഊര്ജ്ജതലങ്ങളുടെ പ്രതീകങ്ങളാകുന്നു. ബോധമനസ്സിനും അവ്യക്ത മനസ്സിനും ഇടയിലുള്ള വരമ്പ് നേര്‍ത്തതാണെന്ന് പറയുകയാണ് കഥാകൃത്ത്. യുക്തിയുടെ മതില്‍ക്കെട്ടു ഭേദിച്ചും വികാരങ്ങളെ കെട്ടഴിച്ചുവിട്ടും ലക്ഷ്യമില്ലാതൊഴുകുന്ന മനസ്സുകള്‍ക്ക് യുക്തിരഹിതമായ മറ്റുതലങ്ങളിലേക്കാഴ്ന്നിറങ്ങാന് ‘ബുദ്ധിമുട്ടു’ണ്ടാകില്ലല്ലോ.
‘ഇലവരമ്പി’നെ മനസ്സിലാക്കാന്‍ ദാര്‍ശനികമായ ചില ഉള്‍ക്കാഴ്ചകള്‍ വേണം. പ്രപഞ്ച ശക്തി സദാ പരിണാമ വിധേയമായിക്കൊണ്ടിരിക്കുന്ന അനന്തസാഗരമാണ്. ആനുഭാവിക ലോകം ഉപരിതലം മാത്രം. ഈ പ്രപഞ്ച ശക്തിയുടെ ഉറവിടം ആദ്യമായി അന്വേഷിച്ചതും അനുഭവിച്ചറിഞ്ഞതും ഭാരതത്തിലെ ഋഷിവര്യന്മാരാണ്. മനുഷ്യന്റെ അസ്തിത്വ സ്വഭാവത്തെയായിരുന്നു ഋഷിമാര്‍ അന്വേഷണവിധേയമാക്കിയത്. അവരുടെ നിഗമനത്തില്‍ നമുക്ക് പരിചിതമായിട്ടുള്ള അന്തരംഗം അഥവാ ബോധമണ്ഡലം കേവല ബോധത്തിന്റെ പ്രതിബിംബം മാത്രമാകുന്നു. സംസാര സാഗരത്തില്‍പ്പെട്ട് ഇത് ആടിയുലഞ്ഞുകൊണ്ടിരിക്കുന്നു. ഈ അനിശ്ചിതാവസ്ഥകളാണ് നമ്മുടെ വിചാരവികാരങ്ങളാകുന്ന മാനസികാവസ്ഥകള്‍. ഈ അവസ്ഥകള്‍ക്ക് ഉറവിടമായിട്ടുള്ളതും നിശ്ചലവും അനശ്വരവുമായ കേവലബോധമാണ് മനുഷ്യന്റെ സ്വത്വം എന്നതായിരുന്നു ഋഷികളുടെ കണ്ടുപിടിത്തം.
പാശ്ചാത്യരുടെ ഇടയില്‍ ഗ്രീക്കുചിന്തകര്‍ തുടങ്ങി ഉത്തരാധുനിക ചിന്തകന്മാര് വരെയുള്ളവരാരും ഈ കേവലബോധത്തിലെത്തിയിട്ടില്ല. അവര്‍ അന്തരംഗത്തിന്റെ അനിശ്ചിതാവസ്ഥകളിലാണ് മനുഷ്യന്റെ അസ്തിത്വം തേടിയത്. പാശ്ചാത്യ സംസ്കാരത്തിന് അടിസ്ഥാനമേകിയ ഗ്രീക്കു ചിന്തകന്മാര് അനശ്വരമായ ആത്മതത്ത്വത്തില്‍ വിശ്വസിച്ചിരുന്നുവെങ്കിലും സോക്രട്ടീസ്, പ്ലേറ്റോ, അരിസ്റ്റോട്ടില്‍ തുടങ്ങിയ പ്രധാന തത്ത്വജ്ഞാനികള്‍ പോലും അന്തരംഗത്തിന്റെ പിന്നിലുള്ള യഥാര്‍ത്ഥ ബിംബത്തെ കാണാതെ പ്രതിബിംബത്തില്‍ ആത്മാവിനെത്തിരഞ്ഞവരാണ്. ആധുനിക പാശ്ചാത്യ ചിന്തകരില്‍ പ്രധാനികളായ ദെക്കാര്‍ത്ത്, ഇമാനുവല്‍ കാന്ററ്, ഹെഗല്‍ മുതലായവരും ഏതാണ്ടിതു തന്നെയാവര്‍ത്തിച്ചു. എന്നാല്‍ ആധുനിക സാഹിത്യകാരന്മാര്ക്കിടയില് അനശ്വരതയെ അംഗീകരിക്കാത്ത ഒരു കൂട്ടര് ഉണ്ടായിരുന്നു. ഇവര്‍ക്കാണ് മനുഷ്യന്റെ സ്വത്വം പ്രശ്നമായത്. ഇവര്‍ മനസ്സിന്റെ അനിശ്ചതത്വം മാത്രം അംഗീകരിച്ചവരാകയാല് സ്വത്വം അന്വേഷിച്ചു കണ്ടെത്താനാവാതെ തീവ്രമായ അസ്തിത്വദുഃഖമനുഭവിക്കുന്നവരായി. കാഫ്കയുടെയും കമ്യുവിന്റെയും എഴുത്തുകളില്‍ ഉത്തരമില്ലാത്ത ഈ പ്രശ്നമാണ് പ്രമേയമാകുന്നത്.
ഭാരതത്തിലെ ഋഷിമാര്‍ ബോധസാക്ഷാത്കാരം നേടിയവരായിരുന്നെങ്കിലും, പില്ക്കാലത്തെ ശാക്തേയന്മാര് വേദത്തിലെ ഉപാസനയുടെ തുടര്‍ച്ചയെന്നോണം പ്രപഞ്ച ശക്തിയെ ആരാധിക്കുന്നവരായി. അവരുടെ ലക്ഷ്യം തങ്ങളുടെ അന്തരംഗ ഊര്‍ജ്ജത്തെ അതിന്റെ മൂലസ്രോതസ്സായിട്ടുള്ള ആദിശക്തിയോടു ചേര്ക്കുകയെന്നതായി. അവരും ഉത്തരാധുനിക ചിന്തകരെപ്പോലെ മനസ്സിന്റെ ആഴങ്ങളിലേക്കു സഞ്ചരിച്ചെങ്കിലും എത്തിച്ചേര്‍ന്നത് സിഗ്മണ്ട് ഫ്രോയിഡിന്റെ ഉപബോധ മനസ്സിലല്ല. അതും കടന്ന് മഹാപ്രാണനെന്ന പ്രപഞ്ചത്തിന്റെ മൂലകാരണ ശക്തിയിലേക്കായിരുന്നു. ഈ അടിത്തട്ട് എല്ലാ ജീവജാലങ്ങളിലും സമാനാവസ്ഥയിലുള്ളതാകുന്നു. ഈ ഏകശക്തിയാണ് വിവിധ തരം ശക്തികളുടെയും പ്രപഞ്ചഘടനയുടെയുമെല്ലാം സമാനമായിട്ടുള്ള സ്രോതസ്സ്. ഇതിനെയാണ് പ്രശസ്ത പാശ്ചാത്യ മനഃശാസ്ത്രജ്ഞനായ കാള്‍ യൂങ് ‘അബോധ മനസ്സ്’ എന്നു വിളിച്ചത്. ഫ്രോയിഡിന്റെ ഭ്രാന്തമായ ‘ഉപബോധ’ മനസ്സ് പാശ്ചാത്യ ഗവേഷണഫലമായിരുന്നു. എന്നാല്‍ യൂങ്ങിന്റെ കേവലമായിട്ടുള്ളതും സര്വ്വസമാനമായിട്ടുള്ളതുമായ ‘അബോധമനസ്സ്’ ഭാരതീയരുടെ വൈദിക താന്ത്രിക സമ്പ്രദായങ്ങളില്‍ നിന്നും കടംകൊണ്ടതാണ്. ആദി ഊര്‍ജ്ജത്തെ തേടിയുള്ള യാത്രയില്‍ അഭൗമമായിട്ടുള്ള പല അത്ഭുത സിദ്ധികളും സാധകനു ലഭ്യമാകാറുണ്ട്. എന്നാല്‍ യഥാര്‍ത്ഥ സാധകന് ഇവയെ ഒന്നും പ്രദര്‍ശിപ്പിക്കാതെ അവഗണിച്ച് ആത്യന്തിക ലക്ഷ്യപ്രാ
പ്തിയിലേക്ക് നീങ്ങുന്നു. ചിലരാവട്ടെ ഉപബോധ മനസ്സിന്റെ തലമെത്തുമ്പോള്‍ തന്നെ അത്ഭുത സിദ്ധികളില്‍ ആകൃഷ്ടരായി വഴിതെറ്റുന്നു. അവരാണ് അന്ധവിശ്വാസത്തിന്റെയും അജ്ഞാനത്തിന്റെയും അതിമോഹത്തിന്റെയും ചുഴികളിലകപ്പെട്ട് ജനത്തെ ആഭിചാരകര്മ്മങ്ങളിലേക്കും മറ്റും വലിച്ചിഴക്കുന്നത്. ഇലവരമ്പ് എന്ന ചിത്രത്തിന്റെ ആസ്വാദനം ഗാഢമായ അനുഭവമാകുന്നത് ഈയൊരു പശ്ചാത്തലത്തിലാണ്.
‘ഇല വരമ്പി’ലെ നായികയായ സുമ ഒന്നില്‍ കൂടുതല്‍ പുരുഷന്മാരെ വരിച്ചവളും ഭ്രാന്തമായ ചിന്തകള്ക്കടിമയുമാണ്. ഇങ്ങനെയൊരുത്തിയോടുള്ള സമ്പര്‍ക്കം കൊണ്ടായിരിക്കാം വിഭ്രാന്തിയിലേക്ക് വഴുതിവീണുകൊണ്ടിരിക്കുന്ന രഘു ജീവിതത്തില്‍ വിശ്വാസം നഷ്ടപ്പെട്ട് നൈരാശ്യം പിടിപെട്ടവനെപ്പോലെ ഒടുവില്‍ പുഴയിലൂടെ നീന്തിയകലുന്നു. ആദിയും മധ്യവും അവസാനവുമുള്ള ഒരു കഥാതന്തു ഈ ചിത്രത്തിനില്ല. ജീവന്റെ അനിശ്ചിതാവസ്ഥ മാത്രം ദര്‍ശിക്കയാല്‍ ജീവിതം നിരര്‍ത്ഥകവും നിരാശാജനകവുമായിത്തീര്ന്ന് ഒടുവില്‍ പൂര്‍ണ്ണമായി അവ്യക്തതയെ പുല്കുന്നു.
ഫ്രോയിഡിന്റെ ഉപബോധ മനസ്സിനെയും, ഭാരതീയ ശാക്തേയ പാരമ്പര്യത്തെയും സ്പര്‍ശിക്കുന്ന ചില ചിന്തകളുണര്ത്തുന്നുവെന്നത് സിനിമയെ ശ്രദ്ധേയമാക്കുന്നുണ്ട്. എന്നാല്‍ അവ അവ്യക്തമായാണ് അവതരിപ്പിച്ചിട്ടുള്ളത്. സിനിമയുടെ അവസാനം തെയ്യത്തിന്റെ രൂപം കാട്ടുന്നതിലൂടെ കാലസ്രോതസ്സു സൂചിപ്പിക്കുക മാത്രമല്ല ചെയ്യുന്നത്. ഭാരതീയ താന്ത്രിക സമ്പ്രദായെത്ത ഇതിലേക്ക് സന്നിവേശിപ്പിക്കാനുള്ള ശ്രമവുമുണ്ട്. അതായത് അടയ്ക്കാനും തുറക്കാനും ജനാലകളും വാതിലുകളുമുള്ളതും, കാടിന്റെ അതിരില്ത്തന്നെയുള്ളതുമായ വീട് യുക്തിബന്ധിതമായ മനസ്സിന്റെ പ്രതീകം. പ്രാകൃത രാഗദ്വേഷങ്ങളുടെ കലവറയാകുന്ന ഉപബോധമനസ്സിന്റെ പ്രതീകമാകുന്ന കാട്. പി
ന്നെ യുക്തിയുടേയോ രാഗദ്വേഷങ്ങളുടെയോ കെട്ടുകളില്ലാതെ സ്വച്ഛന്ദമായി ഒഴുകിക്കൊണ്ടിരിക്കുന്ന കേവല ശക്തിയുടെ പ്രതീകമായ പുഴ എന്നിങ്ങനെ വായിച്ചെടുക്കാന്‍ സാധിക്കുമെങ്കിലും ഇവയൊക്കെ പ്രേക്ഷകനിലേക്ക് സംക്രമിപ്പിക്കുന്നതില്‍ സിനിമ വിമുഖത കാട്ടുന്നു.
ലക്ഷ്യബോധമില്ലാത്തതിനാലുള്ള അവ്യക്തമായ കാഴ്ചപ്പാട് ഉത്തരാധുനികതയുടെ മുഖമുദ്രതന്നെയാണല്ലോ. സിനിമയിലും അത്തരം അവ്യക്തതയുടെ നിഴല്‍ പരന്നതാണെന്നു വിചാരിക്കാം. പക്ഷേ ഇവിടെ പ്രശ്നം സാധാരണ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ ഈ ചിത്രത്തിനാവുന്നില്ല എന്നതാണ്. ഒരു കാട്, വീട്, പുഴ – ഇവയില്‍ അവ്യക്തമായ ചില ഉത്തരാധുനിക ചിന്തകള്‍ അങ്ങുമിങ്ങും വിതറിയിരിക്കുന്നു. എന്നാല്‍ ഉത്തരാധുനികതയുടെ സവിശേഷതകളെ ചൂണ്ടിക്കാട്ടുന്ന ഒരു ചിത്രീകരണമെന്ന നിലയ്ക്ക് ഇതിന് കാലിക പ്രാധാന്യമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: