കൊച്ചി: ഷുഹൈബ് വധക്കേസില്‍ ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരിക്ക് കോടതി നോട്ടീസ് അയച്ചു. മാര്‍ച്ച് ഒന്നിന് തലശേരി സെഷന്‍സ് കോടതിയില്‍ ഹാജരാകാനാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മട്ടന്നൂർ പോലീസ് പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ അജിത്ത് കുമാര്‍ മുഖേന നല്കിയ ഹര്‍ജിയിലാണ് നോട്ടീസ്.
ക്വട്ടേഷന്‍ തലവന്‍ ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കാനായി ഇന്നലെയാണ് പോലീസ് തലശേരി സെഷന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ആകാശ് തില്ലങ്കേരി ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചതായിട്ടാണ് പോലീസിന്റെ റിപ്പോര്‍ട്ട്. മറ്റ് കേസുകളിൽ ഉൾപ്പെടരുത്, മട്ടന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുത് തുടങ്ങിയ ജാമ്യവ്യവസ്ഥകൾ ലംഘിച്ചുവെന്ന് പോലീസ് അപേക്ഷയിൽ പറയുന്നു.
കണ്ണൂരിലെ സിപി എം നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന ആകാശ് തില്ലങ്കേരിയെ കഴിഞ്ഞ ദിവസം സിപി എം തള്ളിപ്പറഞ്ഞിരുന്നു. ഇതോടെ ജാമ്യം റദ്ദാക്കി ആകാശ് തില്ലങ്കരിയെ അകത്താക്കാനുള്ള നീക്കമാണ് പോലീസ് നടത്തുന്നത്. 2018 ഫെബ്രുവരി 12നാണ് രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായുണ്ടായ ആക്രമണത്തില്‍ ഷുഹൈബ് കൊല്ലപ്പെട്ടത്. അര്‍ദ്ധരാത്രി കണ്ണൂര്‍ തെരുവിലെ തട്ടുകടയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ഷുഹൈബിനെ അക്രമിസംഘം വെട്ടിക്കൊന്നത്.
ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു ആക്രമണം. ഷുഹൈബിനെയും കൂടെയുള്ളവരെയും ആശുപത്രിയിലെത്തിക്കുന്നതും ആക്രമികള്‍ വൈകിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിക്കുന്നതിന് മുമ്പ് രക്തം വാര്‍ന്നായിരുന്നു ഷുഹൈബിന്റെ മരണം. കേസില്‍ പ്രതികളായ ആകാശ് തില്ലങ്കേരിയെയും ദീപ് ചന്ദിനെയും പിന്നീട് സിപിഎമ്മില്‍ നിന്നും പുറത്താക്കിയിരുന്നു. കേസില്‍ കൊലപാതകം, ഗൂഢാലോചന എന്നിങ്ങനെ രണ്ട് കുറ്റപത്രങ്ങളാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: