കാബൂൾ: ഗര്‍ഭനിരോധന മാർഗങ്ങള്‍ മുസ്ലിം ജനസംഖ്യ കുറയ്‌ക്കാനുള്ള പാശ്ചാത്യ രാജ്യങ്ങളുടെ ഗൂഢാലോചനയാണെന്നും ഗര്‍ഭനിരോധനം അഫ്ഗാനില്‍ വേണ്ടെന്നും താലിബാന്‍. അഫ്ഗാനിസ്ഥാനില്‍ ഗര്‍ഭനിരോധന ഉത്പന്നങ്ങളുടെ വില്‍പ്പനയ്‌ക്ക് താലിബാന്‍ വിലക്കേര്‍പ്പെടുത്തിയതായി ഉത്തരവിട്ടു. ജനനനിരക്ക് നിയന്ത്രിക്കുന്ന ഒരു നടപടികളും പാടില്ലെന്നാണ് താലിബാന്റെ ഉത്തരവ്.
അഫ്ഗാനിസ്ഥാനിലെ രണ്ട് പ്രധാന നഗരങ്ങളിലാണ് ഇപ്പോള്‍ താലിബാന്റെ വിലക്ക്. കാബൂളിലെയും മസാര്‍ ഇ ഷെറീഫിലെയും മരുന്ന് കടക്കാര്‍ ഗര്‍ഭനിരോധന മരുന്നുകള്‍ വില്‍ക്കരുതെന്ന് താലിബാന്‍ വിലക്കിയ കാര്യം സ്ഥിരീകരിച്ചു. ഫെബ്രുവരി ഒന്ന് മുതല്‍ ഗര്‍ഭനിരോധന ഗുളികകളും ഡെപോ പ്രൊവേറ പോലെ ഗര്‍ഭം തടയാനുള്ള ഇഞ്ചക്ഷനുകളും നിരോധിച്ചുകഴിഞ്ഞു.
ഉത്തരവിന് പിന്നാലെ രാജ്യത്തെ എല്ലാ ഫാര്‍മസികളിലും മെഡിക്കല്‍ കടകളിലും താലിബാന്‍ പ്രതിനിധികള്‍ എത്തി ഗര്‍ഭനിരോധന ഉത്പന്നങ്ങള്‍ അലമാരകളില്‍ നിന്നും എടുത്തുമാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഗര്‍ഭമെടുക്കുന്ന വയറ്റാട്ടികളോടും ഗര്‍ഭനിരോധന ഉല്‍പന്നങ്ങള്‍ ഉപയോഗിക്കരുതെന്ന് വിലക്കിയിരിക്കുകയാണ്.
ഗര്‍ഭ നിരോധന സാമഗ്രികള്‍ വില്‍ക്കുന്ന കടകളില്‍ തോക്കുകളുമായി എത്തിയാണ് താലിബാന്‍ ഗര്‍ഭനിരോധന ഉല്‍പന്നങ്ങള്‍ കടകളില്‍ നിന്നും മാറ്റിയ ശേഷം നശിപ്പിക്കാന്‍ കടക്കാരോട് ആവശ്യപ്പെടുന്നത്. ഇതൊക്കെ പാശ്ചാത്യ സംസ്‌കാരമാണെന്നും അവയൊന്നും അഫ്ഗാനിസ്ഥാനില്‍ പ്രചരിപ്പിക്കരുതെന്നുമാണ് താലിബാന്‍ പ്രതിനിധികള്‍ കടയുടമകള്‍ക്ക് നല്‍കുന്ന താക്കീത്.
2021 ആഗസ്തിൽ അധികാരത്തിലെത്തിയ താലിബാൻ സ്ത്രീകളുടെ അവകാശങ്ങൾക്ക് മേൽ ഏർപ്പെടുത്തുന്ന ഏറ്റവും പുതിയ നിയന്ത്രണമാണിത്. നേരത്തെ സ്ത്രീകളുടെ ഉന്നതവിദ്യാഭ്യാസം തടഞ്ഞ് താലിബാന്‍ പുറത്തിറക്കിയ ഉത്തരവും ഏറെ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഉത്തരവ്. വനിതാ തൊഴിലാളികള്‍ക്കും താലിബാന്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: