ചെന്നൈ: നമ്മെ ഓരോരുത്തരെയുംഅയ്യന്റെ ലോകത്തേക്ക് കൊണ്ടുപോകാൻ ഉണ്ണിക്ക് കഴിഞ്ഞുവെന്ന് മാളികപ്പുറം സിനിമ കണ്ട അനുഭവം പങ്കുവെച്ച് ഗായിക അനുരാധ ശ്രീറാം. പ്രതിബന്ധങ്ങൾ തരണം ചെയ്ത് മുന്നോട്ട് പോകാൻ സഹായിക്കുന്നത് അചഞ്ചലമായ വിശ്വാസമാണെന്ന് കല്ലുവിലൂടെ മാളികപ്പുറം എന്ന സിനിമ കാണിച്ചുതരുന്നതെന്നും അനുരാധ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഗായികയുടെ പ്രതികരണം.
ഇംഗ്ലീഷിലാണ് അനുരാധ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ഒപ്പം ഉണ്ണി മുകുന്ദനുമായി ചേര്‍ന്നെടുത്ത ഒരു ഫോട്ടോയും ഫേസ്ബുക്കില്‍ കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
അനുരാധ ഇംഗ്ലീഷില്‍ പങ്കുവെച്ച കുറിപ്പ് വായിക്കാം:
അയ്യപ്പനോടുള്ള ഒരു കൊച്ചു പെൺകുട്ടിയുടെ സ്‌നേഹവും, സ്വാമിയുടെ ദർശത്തിന് വേണ്ടിയുള്ള അവളുടെ ആത്മാർത്ഥമായ ആഗ്രഹവും, ഒന്നിലും അടിപതറാത്ത അവളുടെ വിശ്വാസവും, ഓരോ പ്രതിബന്ധങ്ങളെയും തരണം ചെയ്യാൻ അവളെ എങ്ങനെയാണ് സഹായിക്കുന്നതെന്ന് മനോഹരമായി ചിത്രീകരിച്ച മാളികപ്പുറം എന്ന മലയാളം സിനിമ അടുത്തിടെ കാണാനിടയായി. തീർത്തും അനായാസമായാണ് നടൻ ഉണ്ണിമുകുന്ദൻ തന്റെ വേഷം അവതരിപ്പിച്ചിരിക്കുന്നത്.പർവതങ്ങളെ പോലും ചലിപ്പിക്കാൻ വിശ്വാസങ്ങൾക്ക് കഴിയുമെന്ന് അടിവരയിടുന്നതാണ് ഇത്തരം സിനിമകൾ. ചില നിമിഷങ്ങളിൽ കണ്ണുകളെ ഈറനണിയിപ്പിച്ചു. – അനുരാധ ശ്രീറാം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
ദൈവിക സാന്നിദ്ധ്യം അംഗീകരിച്ചുകൊണ്ട് സ്രഷ്ടാവിനായി നമ്മെത്തന്നെ സമർപ്പിക്കുക എന്നതാണ് സുരക്ഷിതത്വ ബോധം അനുഭവിക്കാനും ബാധ്യതകളുടെ ഭാരമേൽക്കാതെ ജീവിക്കാനുമുള്ള എളുപ്പമാർഗ്ഗമെന്ന സത്യമാണ് സംവിധായകൻ സിനിമയിലൂടെ പറയുന്നത്. ദൈവത്തെ സ്‌നേഹിക്കുന്ന ഏതൊരു വ്യക്തിയിലും, ദൈവികമായ ചൈതന്യം നമുക്ക് കാണാൻ സാധിക്കും. സിനിമയിൽ നിന്ന് വലിയ പ്രചോദനമാണ് ഉൾക്കൊള്ളാൻ കഴിഞ്ഞത്. ജീവിതത്തിൽ ഒരിക്കലെങ്കിലും അയ്യപ്പന്റെ ദർശനം ലഭിക്കാനും അതിനായി വ്രതം നോൽക്കാനും സ്വാമിയുടെ കൃപയുണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു. – അനുരാധ ശ്രീറാം കുറിപ്പില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: