കാസര്‍ഗോഡ്: കരിങ്കൊടി പ്രതിഷേധങ്ങള്‍ക്കിടെ മുഖ്യമന്ത്രി ഇന്ന് കാസര്‍കോട് അഞ്ച് പൊതുപരിപാടികളില്‍ പങ്കെടുക്കും. സുരക്ഷ ഉറപ്പുവരുത്തുന്നതിനായി 911 പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. കാസര്‍കോട് ജില്ലയ്‌ക്ക് പുറമേ നാല് ജില്ലകളില്‍ നിന്നുള്ള പൊലീസുകാരെ കൂടി സുരക്ഷയ്‌ക്കായി വിളിച്ചുവരുത്തി വിന്യസിച്ചിട്ടുണ്ട്.
14 ഡിവൈഎസ്പിമാരും സുരക്ഷ ചുമതലയില്‍ ഉണ്ട്. കാസര്‍കോഡ് ജില്ലാ പൊലീസ് മേധാവിയുടെ ചുമതലയിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. അതേസമയം മുഖ്യമന്ത്രിയുടെ പരിപാടികളില്‍ കറുപ്പിന് വിലക്കില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
എന്നാല്‍ കഴിഞ്ഞ ദിവസം പലയിടത്തും കറുപ്പിനെ വിലക്കി. കറുപ്പുനിറത്തോട് പേടി മൂര്‍ച്ഛിച്ച മുഖ്യമന്ത്രി പിണറായി വിജയന് കോളജ് കാമ്പസില്‍ വിദ്യാര്‍ഥികളേയും പേടി ആയിരുന്നു. കറുപ്പ് വസ്ത്രം ധരിച്ചോ മാസ്‌ക് ധരിച്ചോ മുഖ്യമന്ത്രിയുടെ പരിപാടിയില്‍ വിദ്യാര്‍ഥികളെ പങ്കെടുക്കാന്‍ അനുവദിക്കരുതെന്ന് പോലീസ് മീഞ്ചന്ത ഗവ. ആര്‍ട്‌സ് കോളജ് പ്രിന്‍സിപ്പലിന് നിര്‍ദേശം നല്കി.
സംസ്ഥാന ജൈവവൈവിധ്യ കോണ്‍ഗ്രസ് നടക്കുന്ന കോഴിക്കോട് മീഞ്ചന്ത ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ ചടങ്ങിനാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദേശപ്രകാരം കോളജ് അധികൃതര്‍ വിദ്യാര്‍ഥികള്‍ക്ക് കറുത്ത വസ്ത്രത്തിനും മാസ്‌കിനും പോലീസ് വിലക്ക് ഏര്‍പ്പെടുത്തിയത്. പോലീസ് നിര്‍ദേശിച്ചതനുസരിച്ച് പ്രിന്‍സിപ്പല്‍ എടക്കാട്ട് ഷാജി കറുപ്പു വസ്ത്രം കാമ്പസില്‍ വിലക്കി. രാവിലെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത് ചടങ്ങ് തുടങ്ങുന്നതിന് മുമ്പ് തന്നെ കോളജിന് ചുറ്റും കനത്ത സുരക്ഷാവലയം തീര്‍ത്തിരുന്നു. തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ചാണ് ഓരോരുത്തരെയും അകത്തേക്ക് കയറ്റിവിട്ടത്.
കോളജ് തിരിച്ചറിയല്‍ കാര്‍ഡോ, പ്രത്യേക കാര്‍ഡോ ഇല്ലാത്തവരെ കടത്തിവിട്ടില്ല. കോളജ് പരിസരത്ത് നിന്ന് യുവജന സംഘടനാ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. റോഡില്‍ നിന്ന തങ്ങളെ ഒരു കാരണവുമില്ലാതെ കസ്റ്റഡിയിലെടുക്കുകയായിരുന്നു എന്ന് ഇവര്‍ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ വ്യാപകമായ പ്രതിഷേധം തുടരുന്നതിനാല്‍ കനത്ത സുരക്ഷാക്രമീകരണങ്ങളാണ് പോലീസ് കഴിഞ്ഞ കുറേ ദിവസങ്ങളായി ഏര്‍പ്പെടുത്തുന്നത്.
നേരത്തെ ഉണ്ടായിരുന്നതിന്റെ ഇരട്ടിയാണ് ഇപ്പോള്‍ സുരക്ഷാസംവിധാനം. ആകെ ഏഴ് വാഹനങ്ങളുടെ നിരയും ഈ വാഹനങ്ങളിലായി നാല്‍പതിലേറെ പോലീസുകാരുമായാണ് മുഖ്യമന്ത്രിയുടെ യാത്ര. സെഡ് പഌസ് കാറ്റഗറി സുരക്ഷയാണ് അദ്ദേഹത്തിനുള്ളത്. തീവ്രവാദി-മാവോയിസ്റ്റ് ഭീഷണിയുള്ള സംസ്ഥാനങ്ങളില്‍ വിവിഐപികള്‍ക്ക് കേന്ദ്രം അനുവദിക്കുന്ന അവഞ്ചേഴ്‌സ് സുരക്ഷാ സംവിധാനം പിണറായി വിജയനും അനുവദിച്ചിരുന്നു. എന്നാല്‍ മാവോയിസ്റ്റ് ഭീഷണിയുള്ളത് പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണെങ്കിലും തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി മേഖലകളിലാണ് അവഞ്ചേഴ്‌സ് സംവിധാനം രൂപീകരിച്ചിട്ടുള്ളത്.
കഴിഞ്ഞദിവസം പാലക്കാടും തലശ്ശേരിയിലും മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചിരുന്നു. പ്രതിഷേധം ഭയന്ന് സംസ്ഥാനതല തദ്ദേശദിനാഘോഷം ഉദ്ഘാടനം ചെയ്യാന്‍ പാലക്കാട് ചാലിശ്ശേരിയില്‍ മുഖ്യമന്ത്രി എത്തിയതും മടങ്ങിയതും ഹെലികോപ്റ്ററിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: