ബിജു അയ്യമ്പുഴ
ഗസല്‍ഛായയുള്ള സിനിമാ ഗാനങ്ങള്‍ മലയാളത്തില്‍ ഏറെയുണ്ടായിട്ടുണ്ട്, അറുപതുകളില്‍. പി.ഭാസ്കരന് രചിച്ച് ബാബുരാജ് സംഗീതം നിര്‍വഹിച്ചവയാണ് അവയിലേറെയും. കോഴിക്കോട് അബ്ദുള്‍ ഖാദറും ഏറെക്കുറെ ഈ സംഗീത ശൈലിയെ പിന്തുടര്ന്നു പാടി. ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ശ്രുതിധാരകള്ക്ക് ചെവിയോര്‍ത്തിരുന്ന നഗരങ്ങളാണ് കൊച്ചിയും കോഴിക്കോടും. ഈ നഗരങ്ങളില്‍നിന്നാണ് പ്രധാനമായും ഹിന്ദുസ്ഥാനി ആസ്വാദകര്‍ ഉയര്‍ന്നുവന്നത്. അവരിലേറെപ്പേരും സ്വയം ഗായകരോ, ഉപകരണങ്ങള്‍ വായിക്കുന്നതില്‍ സമര്‍ത്ഥരോ ആയിരുന്നു. മെഹമൂബിന്റെ പേര് അക്കൂട്ടത്തില്‍ ഒരു നക്ഷത്രമായി ജ്വലിക്കുന്നു.
മെഹബൂബിന്റെ തബലിസ്റ്റായാണ് ഉമ്പായി എന്നറിയപ്പെട്ട ഇബ്രാഹിം സംഗീതരംഗത്ത് പ്രത്യക്ഷപ്പെട്ടത്. ഹിന്ദുസ്ഥാനി സംഗീതത്തോടുള്ള അദമ്യമായ അഭിരതി തുടക്കംതൊട്ടേ അദ്ദേഹം പ്രകടിപ്പിച്ചു. ഒരു ഗായകനാവുക എന്നതായിരുന്നു ആ യുവാവിന്റെ മോഹം. പലതരം പ്രതിബന്ധങ്ങളെ മറികടന്നും ജീവിതത്തിലെ പല കഷ്ടകാണ്ഡങ്ങള്‍ നീന്തിക്കടന്ന് ഉമ്പായി മുംബൈയിലെത്തി. ഒരു ഗുരുവില്‍നിന്ന് ഏഴു വര്‍ഷത്തോളം സംഗീതമഭ്യസിച്ചു. ഇതിനിടെ ഉപജീവനത്തിനായി പല ജോലികളും ചെയ്തുവെങ്കിലും ഗായകനാകണമെന്ന മോഹം കൈവിട്ടില്ല.
‘ആദാബ്’ എന്ന ഉറുദു ഗസല്‍ ആല്‍ബമായിരുന്നു ഉമ്പായിയുടേതായി ആദ്യം പുറത്തുവന്നത്. മലയാളത്തില്‍ ഗസല്‍ ആലപിക്കുന്നതിലൂടെ മാത്രമേ ജനപ്രിയത നേടാനാവൂ എന്ന ഉപദേഷ്ടാക്കളുടെ നിര്‍ദ്ദേശം സ്വീകരിച്ച് ഉമ്പായി മലയാളത്തിലെ പല പ്രശസ്ത കവികളേയും സമീപിച്ചു. നിരാശയായിരുന്നു ഫലം.
തുടര്‍ന്ന് 1998 ല്‍ വേണു വി.ദേശം പന്ത്രണ്ടു ഗസലുകള്‍ ഉമ്പായിക്ക് എഴുതി നല്കി. അവയില്‍ ഒമ്പതെണ്ണം ‘പ്രണാമം’ എന്ന പേരില്‍ ഗസല്‍ ആല്‍ബമായി പുറത്തിറങ്ങി. അതോടെ മലയാളി സംഗീതാസ്വാദകര്‍ ഉമ്പായിയെ ഇരുകൈകളും നീട്ടി ഏറ്റുവാങ്ങി. മരണപര്യന്തം ഉമ്പായി മലയാളത്തിലെ ഗസല്‍ ചക്രവര്‍ത്തിയായി ജീവിച്ചു.
1998 ല്‍ പുറത്തിറങ്ങിയ ‘പ്രണാമ’ത്തിന്റെ രജതജൂബിലി മാര്‍ച്ച് 5 ന് ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാലയില്‍ വച്ച് സമുചിതമായി ആഘോഷിക്കപ്പെടുന്നു. യോഗാനന്തരം ‘പ്രണാമ’ത്തിലെ ഗസലുകള്‍ പ്രശസ്ത കലാകാരന്മാര് അവതരിപ്പിക്കുന്നുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: