തിരുവനന്തപുരം: മാധ്യമങ്ങള്‍ മൂല്യങ്ങളുടെ കാവല്‍ക്കാരാകണമെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു. കുമാരപുരം കലാകൗമുദി അങ്കണത്തില്‍ കലാകൗമുദി സ്ഥാപക പത്രാധിപര്‍ എം.എസ്. മണിയുടെ മൂന്നാം ചരമവാര്‍ഷികദിനത്തില്‍ സംഘടിപ്പിച്ച അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാധ്യമങ്ങള്‍ക്ക് ആരെയും വിമര്‍ശിക്കാം. കാഴ്ചപ്പാട് പറയാം. എന്നാല്‍ വാര്‍ത്തകളെ സംബന്ധിച്ചിടത്തോളം നിര്‍ഭയതയും നിഷ്പക്ഷതയും ഉറപ്പുവരുത്തണം. നിലനില്‍പ്പിനുവേണ്ടിയുള്ള നെട്ടോട്ടത്തിനിടയില്‍ പരസ്യമെന്ന പാപിയുടെ പുറകെ പോയി ആത്മാവ് നഷ്ടപ്പെടുന്ന മേഖലയായി മാധ്യമങ്ങള്‍ മാറുന്നോ എന്ന് സംശയിക്കേണ്ടിവരുന്നു. ശ്രീധരന്‍പിള്ള പറഞ്ഞു.
തല്ലിക്കെടുത്താനുള്ള വ്യഗ്രത ഭാരതത്തിലെ മറ്റുപ്രദേശങ്ങളെ അപേക്ഷിച്ച് മലയാളിക്ക് കൂടുതലാണ്. ഒരാളെ നശിപ്പിക്കാന്‍ എന്തും ചെയ്യും. എം.കെ.കെ. നായര്‍, രാജന്‍ പിള്ള, വര്‍ഗീസ് കുര്യന്‍ എന്നിവര്‍ക്ക് സംഭവിച്ചതെല്ലാം ഉദാഹരണങ്ങളാണ്. രാജന്‍പിള്ളയ്‌ക്ക് സിംഗപ്പൂരില്‍ കിട്ടുമായിരുന്നത് 12 വര്‍ഷത്തെ ശിക്ഷയാണ്. എന്നാല്‍ ഇവിടെ കൊടുത്തത് വധശിക്ഷയാണ്.
ജയിലില്‍ മരുന്നുകൊടുക്കേണ്ട എന്ന് ന്യായാധിപന്‍ ഉള്‍പ്പെടെ തീരുമാനിച്ചു. രാഷ്‌ട്രനൈതിക സംവിധാനത്തില്‍ ശത്രു എന്ന പദത്തിന് പ്രസക്തിയില്ല. നെഗറ്റീവ് മാത്രമാണ് ഇന്ന് വാര്‍ത്തയാകുന്നത്. എന്നാല്‍ എം.എസ്. മണി മാനവികതയുള്ള പത്രാധിപരായിരുന്നു. കേരളത്തിന്റെ സമസ്തമേഖലയിലും തന്റേതായ ഒരു സ്പര്‍ശം രേഖപ്പെടുത്തിയ ആളാണ് എം.എസ്. മണിയെന്നും പി.എസ്. ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.
മന്ത്രി ആന്റണിരാജു അധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എംപി, കവി ശ്രീകുമാരന്‍ തമ്പി, സാഹിത്യകാരന്‍ ഡോ. ജോര്‍ജ് ഓണക്കൂര്‍, മുന്‍ കേന്ദ്രമന്ത്രി കെ.വി. തോമസ്, മുന്‍മന്ത്രി സി. ദിവാകരന്‍ മുതലായവര്‍ സംസാരിച്ചു. ചടങ്ങില്‍ എം.എസ്. മണി രചിച്ച അഞ്ചു പുസ്തകങ്ങളുടെ പുതിയ പതിപ്പ് പി.എസ്. ശ്രീധരന്‍പിള്ള ശ്രീകുമാരന്‍തമ്പിക്കും ഡോ. ജോര്‍ജ് ഓണക്കൂറിനും നല്കി പ്രകാശനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: