തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ആഗ്രഹിക്കുന്നത് മതങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമായതുകൊണ്ടാണ് അദ്ദേഹം ഹിന്ദുമുസ്ലിം സംഘടനകളുടെ ചര്‍ച്ചക്കെതിരെ രംഗത്ത് വന്നിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. ഹിന്ദുക്കളും മുസ്ലിംങ്ങളും തമ്മിലടിച്ചാലേ സിപിഎമ്മിന് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാവുകയുള്ളൂവെന്ന് അറിയാവുന്നത് കൊണ്ടാണ് മുഖ്യമന്ത്രി ഇരുകൂട്ടരും തമ്മിലുള്ള സമന്വയത്തെയും സംവാദത്തെയും എതിര്‍ക്കുന്നത്. ആര്‍എസ്എസ്സുമായി മുസ്ലിം സംഘടനകള്‍ ചര്‍ച്ച ചെയ്യരുതെന്ന പിണറായി വിജയന്റെ നിലപാട് ജനാധിപത്യവിരുദ്ധമാണ്. രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അട്ടിപേറവകാശം ആരും പിണറായി വിജയനെ ഏല്‍പ്പിച്ചിട്ടില്ല. മുസ്ലിം സംരക്ഷകര്‍ ചമഞ്ഞ് ആ സമുദായത്തെ അപകടത്തിലാക്കാനാണ് സിപിഎം എന്നും ശ്രമിച്ചിട്ടുള്ളത്. സിപിഎമ്മിന്റെ മുസ്ലിം പ്രീണനം തീവ്രവാദശക്തികള്‍ക്ക് മാത്രമേ ഗുണം ചെയ്തിട്ടുള്ളൂവെന്ന് എല്ലാവര്ക്കും അറിയാം. മുസ്ലിം സമുദായത്തിന് സിപിഎമ്മിന്റെ ഇരട്ടത്താപ്പ് തിരിച്ചറിയാന്‍ സാധിക്കുമെന്ന് സുരേന്ദ്രന് പറഞ്ഞു.
രാജ്യത്ത് ഇല്ലാത്ത പ്രശ്നങ്ങള്‍ സൃഷ്ടിച്ച് മതസ്പര്‍ധയുണ്ടാക്കി കലക്ക് വെള്ളത്തില്‍ മീന്‍പിടിക്കുകയാണ് യെച്ചൂരിയും പിണറായിയും മറ്റ് ഇടത് നേതാക്കളും ചെയ്തുവരുന്നത്. സിഎഎ സമരക്കാലത്തെല്ലാം വലിയതോതിലുള്ള വിദ്വേഷ പ്രചരണങ്ങളാണ് സിപിഎമ്മിന്റെയും പിണറായിയുടേയും നേതൃത്വത്തില്‍ കേരളത്തില്‍ നടന്നത്. ഇപ്പോള്‍ മുസ്ലിം സമുദായത്തിന് കാര്യങ്ങള്‍ എല്ലാം മനസിലായിക്കഴിഞ്ഞു. പോപ്പുലര്‍ഫ്രണ്ടിന്റെ ഒഴിവ് നികത്താനാണ് മുഖ്യമന്ത്രിയും സിപിഎമ്മും ശ്രമിക്കുന്നതെന്ന് വ്യക്തമാണ്. നരേന്ദ്രമോദി ഭരണത്തില്‍ രാജ്യത്ത് വര്‍ഗീയ കലാപങ്ങളില്ലാത്തത് ഇടതുപക്ഷത്തെ കുറച്ചൊന്നുമല്ല അസ്വസ്ഥരാക്കുന്നത്. രാജ്യം ഐക്യത്തോടെയും ശാന്തിയോടെയും മുന്നോട്ട് പോകുന്നത് ഒരിക്കലും കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഇഷ്ടമല്ലായിരുന്നു. അയോധ്യ പ്രക്ഷോഭകാലത്ത് എരിതീയില്‍ എണ്ണ ഒഴിക്കാനായിരുന്നു കമ്മ്യൂണിസ്റ്റുകാര്‍ ശ്രമിച്ചത്. എംജിഎസ് നാരായണനും കെകെ മുഹമ്മദുമെല്ലാം ഈ കാര്യങ്ങള്‍ അവരുടെ പുസ്തകത്തില്‍ എഴുതിയിരുന്നുവെന്നും കെ.സുരേന്ദ്രന് ചൂണ്ടിക്കാണിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: