മുംബൈ: ഒടുവില്‍ എല്ലാ അര്‍ത്ഥത്തിലും മുഖം നഷ്ടപ്പെട്ട് ഉദ്ധവ് താക്കറെയുടെ ശിവസേന. ശിവസേന എന്ന പേരും അമ്പും വില്ലും എന്ന ചിഹ്നവും ഏക്നാഥ് ഷിന്‍ഡേ വിഭാഗത്തിന് നല്കി തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവായതോടെയാണ്.
ഇതോടെ ശിവസേനയുടെ ഔദ്യോഗിക പക്ഷമായി ഏക് നാഥ് ഷിന്‍ഡേ പക്ഷം അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. 780 പേജുള്ള ഉത്തരവിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ശിവസേന എന്ന പേരും അമ്പും വില്ലും ഏക്നാഥ് ഷിന്‍ഡേ പക്ഷത്തിന് നല്‍കിയതായി പ്രഖ്യാപിച്ചിരിക്കുന്നത്.
ഉദ്ധവ് താക്കറെ മഹാവികാസ് അഘാഡി സഖ്യത്തിന്റെ മുഖ്യമന്ത്രിയായിരിക്കേയാണ് ഏക് നാഥ് ഷിന്‍ഡേയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം ബിജെപിയിലേക്ക് കൂറുമാറുന്നത്. പിന്നീട് നടന്ന വിശ്വാസവോട്ടെടുപ്പില്‍ ഷിന്‍ഡേ പക്ഷത്തിന് പിന്തുണയുള്ള എംഎല്‍എ മാരുടെ വോട്ട് കണക്കാക്കിയാല്‍ 2019ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ശിവസേനയ്ക്ക് ലഭിച്ച വോട്ടുകളുടെ 76 ശതമാനത്തോളം വരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പറയുന്നു. ഇനി ഉദ്ധവ് താക്കറെ കഴിഞ്ഞ വര്‍ഷം തെരഞ്ഞെടുപ്പ് കമ്മീഷന് അനുവദിച്ച തീപ്പന്തം എന്ന ചിഹ്നം കൊണ്ട് തൃപ്തിപ്പെടേണ്ടി വരും.
അച്ഛന് ബാല്‍താക്കറെ സൃഷ്ടിച്ച പാര്‍ട്ടിയാണ് ശിവസേന. അതാണ് അധികാര ദുരയും രാഷ്ട്രീയ ചാഞ്ചാട്ടവും മൂലം ഇപ്പോള്‍ നഷ്ടപ്പെട്ടത്. 1966ലാണ് ബാല്‍ താക്കറെ ശിവസേന സ്ഥാപിച്ചത്. മഹാരാഷ്ട്ര മഹാരാഷ്ട്രക്കാര്‍ക്ക് എന്ന മണ്ണിന്റെ മക്കള്‍ വാദം ഉയര്‍ത്തിക്കൊണ്ടുള്ള ബാല്‍ താക്കറെയുടെ മുന്നേറ്റം ഒടുവില്‍ മഹാരാഷ്ട്രയുടെ അധികാരക്കടിഞ്ഞാണ് കയ്യിലേന്തുന്നതിലേക്ക് പിന്നീട് വളര്‍ന്നു. തനിക്ക് ശേഷം തന്റെ മകന് എന്ന കുടുംബാധിപത്യം സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് അരുമശിഷ്യനെ മാറ്റി മകന് ഉദ്ധവ് താക്കറെയെ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നത്. പക്ഷെ ഇപ്പോള്‍ പാര്‍ട്ടിയുടെ പേരും ചിഹ്നവും നഷ്ടപ്പെട്ട നാണക്കേടിലേക്ക് പാര്‍ട്ടിയെ കൊണ്ടെത്തിച്ചിരിക്കുകയാണ് രാഷ്ട്രീയഅധികാര ദുര മൂത്ത മകന്റെ ചെയ്തികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: