എരുമേലി: ഹിന്ദു സമൂഹം രാഷ്ട്രീയമായി ഭിന്നിപ്പിക്കപ്പെട്ടതുകൊണ്ട് ഹിന്ദു തന്നെ ഹിന്ദുവിന്റെ എതിര് ശബ്ദമായി വരുന്നെന്ന് ചെറുകോല്‍ ശുഭാനന്ദാശ്രമം സെക്രട്ടറി സ്വാമി ഗീതാനന്ദ. മാര്‍ഗദര്‍ശക് മണ്ഡലത്തിന്റെ നേതൃത്വത്തില്‍ എരുമേലിയില്‍ സംന്യാസിമാരുടെ ത്രിദിന ശിബിരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിഭാഗീയതയ്ക്കപ്പുറമുള്ള ധര്മ്മവ്യവസ്ഥയാണ്് ആചാര്യന്മാര് പഠിപ്പിച്ചിട്ടുള്ളത്. വിശ്വാസത്തിന്റെയും ആചാരത്തിന്റെയും ധര്‍മ്മത്തിന്റെയും പേരില്‍ ഹിന്ദു സമൂഹം ഒന്നായി പ്രവര്‍ത്തിക്കണം. വിശ്വാസിയെ നല്ല വിശ്വാസിയായി മാറ്റേണ്ട ഉത്തരവാദിത്വം സംന്യാസിമാര്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
അന്ധവിശ്വാസ നിരോധന നിയമം സംബന്ധിച്ച് മാതാ അമൃതാനന്ദമയീ മഠത്തിലെ സ്വാമി വേദാമൃതാനന്ദപുരി പ്രമേയം അവതരിപ്പിച്ചു. കേരളത്തിലെ ക്ഷേത്രങ്ങളേയും വിശ്വാസങ്ങളേയും ആചാരനുഷ്ഠാനങ്ങളേയും നിയന്ത്രിക്കാനുള്ള അന്ധവിശ്വ അനാചാര നിര്‍മാര്‍ജന ബില്ല് ഹിന്ദു സമൂഹത്തെ വളരെ ആശങ്കപ്പെടുത്തുന്നതാണെന്ന് പ്രമേയത്തില്‍ പറയുന്നു.
എല്ലാ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളാണെന്നും വിശ്വാസങ്ങളുടെ പേരിലുള്ള ചൂഷണങ്ങള്‍ മറ്റ് മതങ്ങളില്‍ ഉണ്ടെന്നുള്ളതും ഒരു യാഥാര്‍ത്ഥ്യമാണ്. ഹിന്ദു മതാചാരങ്ങളെ ഇല്ലാതാക്കുന്നതിന് ലക്ഷ്യമിട്ടുള്ള ബില്ലില്‍ നിന്ന് പിന്തിരിയണമെന്നും സംസ്ഥാന മാര്‍ഗദര്‍ശക മണ്ഡല് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
മൂന്ന് ദിവസമായി എരുമേലി കെടിഡിസി പില്‍ഗ്രിം സെന്ററില്‍ നടന്ന സംന്യാസി സംഗമത്തിന്റെ സമാപന ദിനത്തില്‍ മതപരിവര്‍ത്തനം, അന്ധവിശ്വാസ നിരോധന നിയമം തുടങ്ങിയ സമകാലീന വിഷയങ്ങള്‍ സംബന്ധിച്ച് നടന്ന ചര്‍ച്ച മാര്‍ഗ ദര്‍ശക് മണ്ഡലം അധ്യക്ഷന്‍ ചിദാനന്ദപുരി സ്വാമി നയിച്ചു.
കൊളത്തൂര്‍ അദൈ്വതാശ്രമത്തിലെ ചിദാനന്ദപുരി അധ്യക്ഷനായി. വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍, ചെങ്കോട്ടുകോണം ശ്രീരാമദാസ മിഷനിലെ ബ്രഹ്മപാദാനന്ദ സരസ്വതി, മാതാ അമൃതാനന്ദമയീ മഠത്തിലെ വേദാമൃതാനന്ദപുരി എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. വിഎച്ച്പി സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ആര്. രാജശേഖരന് സമാപന സന്ദേശം നല്കി. ബുധനാഴ്ച വൈകിട്ട് സംന്യാസിമാര്‍ എരുമേലി ധര്‍മ്മശാസ്താ ക്ഷേത്രാങ്കണത്തില്‍ നിന്ന് ശിബിരം നടക്കുന്ന പി.സി. സെന്ററിലേക്ക് രണ്ട് കിലോമീറ്റര്‍ നാമജപവുമായി പദയാത്ര നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: