കൊച്ചി: ആര്‍എസ്എസിനോട് സംസാരിക്കാന്‍ താത്പര്യപ്പെട്ട് രാജ്യത്തെ നിരവധി മുസ്ലിം സംഘടനകള്‍ മുന്നോട്ടുവരുന്നുണ്ടെന്നും അത്തരം സംഭാഷണങ്ങള്‍ പുതിയ കാര്യമല്ലെന്നും ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി അംഗം ഇന്ദ്രേഷ് കുമാര്‍. പരസ്പരമുള്ള ധാരണപ്പിശകുകള്‍ തിരുത്തുന്നതിന് മുസ്ലിം രാഷ്ട്രീയ മഞ്ച് ഇത്തരം സംഘടനകളില്പ്പെട്ടവരുമായി സംഭാഷണം നടത്തിയിട്ടുണ്ട്. അതിന് ശേഷം ആര്‍എസ്എസുമായി ദേശീയതലത്തില്‍തന്നെ സംഭാഷണം നടത്തണമെന്ന് അവര്‍ ആവശ്യമുന്നയിക്കുകയും അതിനായി ആര്‍എസ്എസിനെ ക്ഷണിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഇന്ദ്രേഷ്കുമാര് ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഇത്തരം സംഭാഷണങ്ങള്‍ ആര്‍എസ്എസിനെ സംബന്ധിച്ച് പുതിയ കാര്യമല്ല. കെ.എസ്. സുദര്ശന് സര്‍സംഘചാലകായിരുന്ന കാലത്തുതന്നെ ഇതുണ്ട്. ഇപ്പോള്‍ സംഭാഷണങ്ങള്‍ വ്യത്യസ്ത തലങ്ങളില്‍ പുരോഗമിക്കുന്നുവെന്ന് മാത്രം. മുസ്ലിം നേതാക്കളായ വൈ.എസ്. ഖുറേഷി, നജീബ് ജങ് തുടങ്ങിയവര്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ഭാഗവതുമായി നടത്തിയ സംഭാഷണം ഇതിന്റെ ഭാഗമാണ്. കശ്മീര്‍ മുതല്‍ കേരളം വരെയും ഗുജറാത്ത് മുതല്‍ മണിപ്പൂര്‍ വരെയും നൂറ് കേന്ദ്രങ്ങളില്‍ മുസ്ലിം രാഷ്ട്രീയ മഞ്ച് ഇത്തരം സംഭാഷണങ്ങള്‍ നടത്തും. മുസ്ലിം-ഹിന്ദു വിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുകയാണ് ഉന്നം. മധ്യേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ആര്‍എസ്എസുമായി ജനുവരി 30, 31 തീയതികളില്‍ ജെഎന്‍യു കാമ്പസില്‍ യോഗം ചേര്‍ന്നിരുന്നു. പതിനൊന്ന് രാജ്യങ്ങളില്‍ നിന്ന് അമ്പത് പ്രതിനിധികളാണ് അതില്‍ പങ്കെടുത്തതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത്തരം ചര്‍ച്ചകളില്‍ ഇരുവിഭാഗത്തെയും ബാധിക്കുന്ന എല്ലാ വിഷയങ്ങളിലും തുറന്ന സംഭാഷണം നടന്നിട്ടുണ്ട്. ലോകത്തുള്ള എല്ലാവരും വിശ്വാസികളാണ്. അവരെ കാഫിറെന്ന് വിളിക്കുന്നത് തെറ്റാണ്. ബോംബുകളുമായി നടക്കുന്നവരെ മനുഷ്യരായി എങ്ങനെ കാണാനാകുമെന്ന ചോദ്യം അത്തരം സംഭാഷണങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്. അത്തരക്കാര്‍ ഭീകരരാണ്. അവര്‍ ശിക്ഷിക്കപ്പെടേണ്ടവരാണ്. എല്ലാ മതങ്ങളോടും ബഹുമാനമാണ് വേണ്ടത്. ലൗ ജിഹാദിലൂടെയോ മറ്റെന്തെങ്കിലും വഴിയോ മതം മാറ്റം നടത്തില്ലെന്ന് അവര്‍ പ്രതിജ്ഞ ചെയ്യേണ്ടതുണ്ട്. ഇന്ത്യയുടെ വഴി എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നതാണ്. എന്തിനാണ് ചിലര്‍ ഭാരത് മാതാ കി ജയ് എന്ന മുദ്രാവാക്യത്തെ വെറുക്കുന്നത്. ഗോഹത്യയും ഇത്തരം സംഭാഷണങ്ങളില്‍ വിഷയമായിട്ടുണ്ട്. ഈ വിഷയങ്ങളിലെല്ലാം മുസ്ലിം സംഘടനകള്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് ഇന്ദ്രേഷ്കുമാര് പറഞ്ഞു. പശുക്കളെ കശാപ്പ് ചെയ്യണമെന്ന ഒരു വരി പോലും ഖുറാനിലില്ലെന്ന് അവര്‍ സമ്മതിച്ചിട്ടുണ്ട്. പ്രവാചകനായ മുഹമ്മദ് പാലും നെയ്യും മനുഷ്യ സൗന്ദര്യത്തിന്റെയും ആരോഗ്യത്തിന്റെയും പ്രതീകമായാണ് പറഞ്ഞിട്ടുള്ളത്, ഇന്ദ്രേഷ്കുമാര് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: