കേരളത്തിന്റെ അറുപതുകള്‍ വിപ്ലവരാഷ്ട്രീയത്തിന്റെ അരുണദശകമായിരുന്നു. എഴുപതുകള്‍ ക്ഷുഭിത യൗവ്വനത്തിന്റെ സര്‍ഗാത്മകദശകവും. ഹൈന്ദവശാക്തീകരണത്തിന്റെ കാവിദശകമായിരുന്ന എണ്‍പതുകളുകളില്‍ കേരളത്തിലെ ഹിന്ദുധര്‍മ്മ സമരമുഖങ്ങളില്‍ തിളങ്ങി നിന്ന യുവ ആത്മീയാചാര്യനായിരുന്നു സ്വാമി നിര്‍മ്മലാനന്ദഗിരി.
സംഘടിത ന്യൂനപക്ഷ വോട്ട് ബാങ്കിന്റെ ശക്തിയില്‍ അസംഘടിത ഭൂരിപക്ഷം അവഗണിക്കപ്പെട്ടുപോയ ജനാധിപത്യവാഴ്ചയില്‍ സനാതന ഹിന്ദു നിലനില്ക്കണമെങ്കില് സംഘടിത ഹിന്ദുവായി മാറണമെന്ന ഹിന്ദു സംഘടനകളുടെയും ആചാര്യന്മാരുടെയും ആഹ്വാനം എണ്‍പതുകളുടെ തുടക്കത്തില്‍ ഹിന്ദു ജനതയെ അതീവ ജാഗരൂകരാക്കി. ഇന്ത്യന്‍ ഭരണഘടന നല്കുന്ന ന്യൂനപക്ഷ അവകാശ സംരക്ഷണത്തിന്റെ മറവില്‍ നടന്ന കൂട്ട മതപരിവര്‍ത്തനങ്ങളും അതിന്റെ ഫലമായി ഹിന്ദു ജനസംഖ്യ കുത്തനെ കുറഞ്ഞതും ഹൈന്ദവജനതയെ ആശങ്കാകുലരാക്കിയിരുന്നു. ജനാധിപത്യ വ്യവസ്ഥിതിയില്‍ ഹൈന്ദവ താല്പര്യങ്ങള് സംരക്ഷിക്കപ്പെടണമെങ്കില്‍ ഹിന്ദുവോട്ട് ബാങ്ക് ഉണ്ടാകണമെന്ന ധര്‍മ്മാചാര്യന്മാരുടെ ആഹ്വാനം ഹൈന്ദവ സംഘടനകളെ കര്‍മ്മോത്സുകരാക്കി. സംഘടിത ഹിന്ദുസമൂഹ സൃഷ്ടിക്കായി ധര്‍മ്മാചാര്യന്മാര്‍ രംഗത്തിറങ്ങി. എണ്‍പതുകളുടെ ആരംഭത്തില്‍ കേരളത്തിലെ ഹിന്ദു ഏകീകരണത്തിനും സംഘാടനത്തിനും നിയോഗിച്ച ധര്‍മ്മാചാര്യന്മാരില്‍ പ്രമുഖനായിരുന്നു വാരാണസി തിലകാണ്ഡേശ്വര്‍ മഠത്തിലെ സമര്‍ത്ഥനായ യുവസംന്യാസിയും ഉജ്വല വാഗ്മിയും മലയാളിയുമായ സ്വാമി നിര്‍മ്മലാനന്ദഗിരി. ഹിന്ദു ശാക്തീകരണത്തിന്റെ നിയോഗവുമായി 1983 ഫെബ്രുവരിയില്‍ നിര്‍മ്മലാനന്ദജി കേരളത്തിലെത്തുമ്പോള്‍ ഇവിടെ ഹിന്ദു സംഘടനകളുടെ ഏകാത്മതാരഥയാത്ര നടക്കുകയാണ്. സ്വാമി വേദാനന്ദ സരസ്വതി, സ്വാമി ദയാനന്ദതീര്‍ത്ഥ തുടങ്ങി ആറു സംന്യാസി ശ്രേഷ്ഠന്മാര് നയിച്ച ആ രഥയാത്രയില്‍ നിര്‍മ്മലാനന്ദ സ്വാമികള്‍ കൂടി ചേര്‍ന്നപ്പോള്‍ അത് സപ്തര്‍ഷി സംഗമമായി.
വാരാണസിയിലെ തിലകാണ്ഡേശ്വര്‍മഠത്തിലെ അച്യുതാനന്ദഗിരിയുടെ ശിഷ്യന് ശ്രീധരാനന്ദഗിരിയില്‍ നിന്നാണ് നിര്‍മ്മലാനന്ദഗിരി സംന്യാസം സ്വീകരിച്ചത്. ഇതോടൊപ്പം ആയുര്‍വേദ പഠനവും പൂര്‍ത്തിയാക്കി. 1983 ല്‍ നിലയ്ക്കല്‍ പ്രക്ഷോഭം ആരംഭിക്കുന്ന സമയത്ത് സംന്യാസി സമ്മേളനം വിളിച്ചു കൂട്ടി പ്രക്ഷോഭം ശക്തിപ്പെടുത്തുന്ന ചുമതല സ്വാമിയാണ് നിര്‍വഹിച്ചത്. നിലയ്ക്കല്‍ ക്ഷേത്രത്തിലേക്ക് സംന്യാസി യാത്ര നയിച്ചതും തുടര്‍ന്ന് നടന്ന ബഹുജന മുന്നേറ്റത്തിന് ആവേശമായ പ്രസംഗങ്ങള്‍ നടത്തിയതും സ്വാമികളായിരുന്നു. പിന്നീട് കുറിച്ചി ആതുരാശ്രമത്തിലും മൂലമറ്റം ആശ്രമത്തിലും സ്വാമികള്‍ ആദ്ധ്യാത്മിക പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. ഏതൊരു വിഷയവും ആഴത്തില്‍ പഠിക്കുക സ്വാമിജിയുടെ സ്വഭാവമായിരുന്നു. ഒരു പ്രാവശ്യം വായിച്ച കാര്യം എപ്പോള്‍ വേണമെങ്കിലും ഓര്‍ത്തു പറയാനുള്ള സ്വാമികളുടെ കഴിവ് അന്യാദൃശമായിരുന്നു. സംന്യാസിമാരിലെ ബുദ്ധിജീവിയും ബുദ്ധിജീവികളിലെ സംന്യാസിയുമായിരുന്നു നിര്‍മ്മലാനന്ദസ്വാമികള്‍.
സംന്യാസിമാരുടെ വേദിയായ മാര്‍ഗദര്‍ശകമണ്ഡലത്തില്‍ സജീവമായി നിന്നു കൊണ്ട് സ്വാമികള്‍ കേരളത്തിലെ ഹൈന്ദവ ശാക്തീകരണത്തിന് ആത്മീയ നേതൃത്വം നല്കി. സ്വാമികള്‍ ഗ്രാമങ്ങള്‍ തോറും നടത്തിയ ഗീതാജ്ഞാനയജ്ഞങ്ങള്‍ സാധാരണ ജനങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ജനകീയ സദസുകളായി മാറി. ഹിന്ദു ധര്‍മ്മത്തിനെതിരേ ഉയര്‍ന്നുവന്ന നിശിത വിമര്‍ശനങ്ങള്‍ക്ക് സ്വാമികള്‍ ചുട്ട മറുപടികള്‍ നല്കി. ക്ഷേത്രങ്ങളിലും കുടുംബ സദസുകളിലും സ്വാമികള്‍ നടത്തിയ ആദ്ധ്യാത്മിക സത്സംഗങ്ങളിലൂടെ അമ്മമാരും കുട്ടികളും ഭാരതീയ തത്ത്വചിന്തയുടെ പാഠങ്ങള്‍ ഗ്രഹിച്ചു. ഭക്തിയിലും ഭജനയിലും മുഴുകാതെ ഭാരതീയ വേദാന്തത്തെ ശാസ്ത്രീയവും യുക്തിപരമായും സമീപിച്ച് കാലഘട്ടത്തിന്റെ കാഴ്ചപ്പാടില്‍ ലളിതമായി വ്യാഖ്യാനിക്കുകയാണ് സ്വാമികള്‍ ചെയ്തത്. ജാതി മത രാഷ്ട്രീയഭേദമെന്യേ പണ്ഡിതനും പാമരനും ഒരുപോലെ പങ്കെടുന്ന തുറന്ന സംവാദങ്ങളിലൂടെയാണ് സ്വാമികള്‍ ജനങ്ങള്‍ക്ക് തത്ത്വബോധം പകര്‍ന്നത്. ഉപനിഷദ് സൂക്തങ്ങളിലെ സമത്വബോധം ചൂണ്ടിക്കാട്ടി ഉള്ളവന് ഇല്ലാത്തവനെ സഹായിക്കുന്നതാണ് ഹൈന്ദവ മാനവികത എന്ന് സ്വാമികള്‍ വ്യാഖ്യാനിച്ചു. സ്വാമികള്‍ രചിച്ച കേനോപനിഷത്ത്, ഭഗവത്ഗീതയ്ക്കു ഒരു ആമുഖം, തന്ത്ര, ക്ഷേത്ര രഹസ്യവും ദേവതകളും തുടങ്ങിയ പുസ്തകങ്ങള്‍ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
താളിയോലക്കെട്ടുകളില്‍ വിശ്രമം കൊള്ളുന്ന ആര്‍ഷഭാരതത്തിന്റെ ചികിത്സാ പാരമ്പര്യം അന്യംനിന്നു പോകാതെ പുനരുജ്ജീവിപ്പിക്കാനാണ് സ്വാമി നിര്‍മ്മലാനന്ദഗിരി തന്റെ സംന്യാസജീവിതത്തെ വിനിയോഗിച്ചത്. 1990 മുതല്‍ കവളപ്പാറയിലും 2003 ല്‍ ഷൊര്‍ണൂര്‍ ആറാണി കേന്ദ്രമാക്കിയും തുടങ്ങിയ ആതുര സേവനം പിന്നീട് ഒറ്റപ്പാലം പാലിയില്‍ മഠം വീട്ടിലേക്ക് മാറ്റി.
ജീവിത ശൈലിയെ ക്രമീകരിക്കുന്ന കണിശമായ പഥ്യങ്ങള്‍, ഭക്ഷണം പാകം ചെയ്യുന്ന പാത്രവും ശ്രദ്ധിക്കേണ്ടതാണെന്ന് കാര്യകാരണങ്ങള്‍ വിശദീകരിച്ചു കൊണ്ടുള്ള നിര്‍ദ്ദേശം… അങ്ങനെ ചിട്ടകള്‍ പാലിക്കാന്‍ തയ്യാറാണെങ്കില്‍ മാത്രം ചികിത്സിച്ചാല്‍ മതിയെന്ന നിബന്ധനയിലേ സ്വാമികള്‍ ചികിത്സ തുടങ്ങാറുള്ളൂ. അര്‍ബുദം ഉള്‍പ്പെടെയുള്ള മാരകരോഗങ്ങള്‍ക്ക് ചികിത്സ തേടി മുന്നിലെത്തിയവര്‍ക്ക് സ്വാമികള്‍ സംന്യാസത്തിന്റെ തപോബലം നല്കിയ കൈപ്പുണ്യം കൊണ്ട് രോഗശാന്തി നല്കി. ജീവിതം കൈവിട്ടു പോയവരെ കൈ പിടിച്ചുയര്‍ത്തിക്കൊണ്ട് മാറാരോഗങ്ങളെ പോലും നിശ്ശേഷം മാറ്റിക്കൊണ്ട് സ്വാമികള്‍ രോഗാര്‍ത്തരുടെ മനസില്‍ അഭയത്തിന്റെയും സാന്ത്വനത്തിന്റെയും അപരനാമമായി. സ്വാമികളുടെ കൈപുണ്യത്തിന് സംസ്ഥാനത്തിനകത്തും പുറത്തും പ്രചാരമേറി. ഔഷധസസ്യങ്ങളും വേരുകളും അതിലേക്കുള്ള കൂട്ടുകളുമൊക്കെ ശേഖരിച്ച് മരുന്നുണ്ടാക്കി കഴിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്ന സ്വാമികള്‍ ഇതു രോഗികള്‍ക്ക് സാധ്യമാകാതെ വന്നപ്പോള്‍ സ്വയം മരുന്നുണ്ടാക്കുവാന്‍ തുടങ്ങി. കേരളത്തിലുടനീളം സഞ്ചരിച്ച് പ്രഭാഷണവും ചികിത്സയും നടത്തി സംസ്ഥാനത്തിന്റെ ആരോഗ്യ മേഖലയില്‍ പാരമ്പര്യാവബോധം സൃഷ്ടിക്കാന്‍ സ്വാമികള്‍ക്കു കഴിഞ്ഞു. ചികിത്സയുടെ ആധുനിക സംവിധാനങ്ങളെ ഉപയോഗിച്ചു കൊണ്ട് തന്നെ രോഗികളെ പ്രകൃതിചികിത്സയുടെ ഗുണഭോക്താക്കളാക്കാന്‍ സ്വാമികള്‍ക്കു കഴിഞ്ഞു. ആരോഗ്യജീവനം എന്ന പേരില്‍ 12 വര്‍ഷത്തോളം സ്വാമികള്‍ ടെലിവിഷനില്‍ നടത്തിയ പ്രഭാഷണങ്ങള്‍ ഇപ്പോഴും സാമൂഹ്യമാധ്യമങ്ങളില്‍ ലഭ്യമാണ്.
ഏറ്റവും ചൂഷണഗ്രസ്തമായിരിക്കുന്ന കേരളത്തിന്റെ ആരോഗ്യരംഗത്ത് വേറിട്ട സാന്ത്വന സ്പര്ശമായിരുന്നു സ്വാമി നിര്‍മ്മലാനന്ദഗിരി. രോഗി, വൈദ്യന്, പരിചാരകന്, ഔഷധം എന്നിങ്ങനെ ആയുര്‍വേദത്തിന്റെ നാലു തൂണുകളില്‍ വൈദ്യന് എങ്ങിനെ ആവണമെന്നതിന് ഉദാഹരണമായിരുന്നു സ്വാമികള്‍. തന്റെ മുന്നിലെത്തുന്ന രോഗിയെ താനായി കണ്ടിരുന്ന സ്വാമികള്‍ക്ക് ഒറ്റ നോട്ടത്തില്‍ തന്നെ രോഗനിര്‍ണയം നടത്താനാകുമായിരുന്നു. സ്വാമികളുടെ ലളിതജീവിതം കാണുന്ന രോഗികളും ലളിതജീവിതത്തിലേക്കു തിരിയുന്നു. പാരമ്പര്യത്തിലെയും ആധുനികതയിലെയും നന്മകളെ ഒരുപോലെ ഉള്‍ക്കൊണ്ടിരുന്ന സ്വാമികള്‍ വൈദ്യന് പഠനവും അറിവും മാത്രം പോരാ, ഒപ്പം മനസും ധര്‍മ്മബോധവും അര്‍പ്പണവും വേണമെന്ന ജീവിതപാഠമാണ് ശിഷ്യന്മാര്ക്ക് പകര്‍ന്നു നല്‍കിയത്.
ആയുര്‍വേദ ചികിത്സാ പദ്ധതിക്കെതിരേ അലോപ്പതി ചികിത്സകരില്‍ ചിലര്‍ നടത്തിയിരുന്ന കുപ്രചരണങ്ങളോട് സ്വാമി നിര്‍മ്മലാനന്ദഗിരി സന്ധിയില്ലാതെ പോരാടി. ആയുസിന്റെ വേദമായ ആയുര്‍വേദത്തെ ജനകീയമാക്കുവാന്‍ അവസാന ശ്വാസം വരെ പോരാടിയ യതിവര്യനായിരുന്നു നിര്‍മ്മലാനന്ദജി. ആത്മീയതയ്ക്കും ആരോഗ്യ സേവനത്തിനും കാലാനുസൃതമായ പുത്തന്‍ മുഖം നല്കിയ സ്വാമി നിര്‍മ്മലാനന്ദജി മഹാരാജ് 2017 ഫെബ്രുവരി 16ന് സമാധിയായി. ഒറ്റപ്പാലം പാലപ്പുറം പാതിരിക്കോട്ടെ പാലിയില്‍ മീത്തിലാണ് സ്വാമികളെ സമാധിയിരുത്തിയത്. ഭാരതീയ സംസ്കൃതിയുടെ വക്താവും പ്രയോക്താവുമായിരുന്ന താപസ ശ്രേഷ്ഠന് ശ്രദ്ധാഞ്ജലികള്‍ അര്‍പ്പിക്കട്ടെ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: