ന്യൂദല്‍ഹി: ഹിന്‍ഡന്‍ബര്‍ഗ് അദാനി ഗ്രൂപ്പിനെതിരെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇന്ത്യയിലെ മ്യൂച്വല്‍ ഫണ്ടുകള്‍ അദാനി ഓഹരികള്‍ വിറ്റഴിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അദാനി ഓഹരികളില്‍ പലതും മികച്ച നേട്ടങ്ങള്‍ കൈവരിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ഇന്ത്യയിലെ മ്യൂച്വല്‍ ഫണ്ടുകള്‍ ചില അദാനി ഓഹരികള്‍ വന്‍തോതില്‍ വാരിക്കൂട്ടാന്‍ തുടങ്ങിയിട്ടുണ്ട്.
പല ഓഹരിവിലകളും 50 ശതമാനത്തില്‍ അധികം ഇടിഞ്ഞതോടെ ഇനി ഈ ഓഹരികളില്‍ നിക്ഷേപിക്കുന്നത് വന്‍ ലാഭസാധ്യതയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രധാനമായും അദാനി പോര്‍ട്ട്, എസിസി, അംബുജ സിമന്റ് എന്നീ അദാനി കമ്പനികളടെ ഓഹരികളാണ് മ്യൂച്വല്‍ ഫണ്ടുകള്‍ വാരിക്കൂട്ടുന്നത്. ഇതിന്റെ ഭാഗമായി അദാനി പോര്‍ട്ടിന്റെ ഓഹരി വില ബുധനാഴ്ച നേരിയ തോതില്‍ ഉയര്‍ന്നു. നാല് രൂപയോളം കയറി 569 രൂപയില്‍ എത്തി. ഒരു ഘട്ടത്തില്‍ 958 രൂപ വിലയുണ്ടായിരുന്ന ഓഹരിയാണിത്.
അതുപോലെ എസിസി സിമന്റ് ഓഹരി വില ബുധനാഴ്ച 23 രൂപ കയറി 1853 രൂപയില്‍ എത്തി. ഹോള്‍സിം എന്ന വിദേശ കമ്പനിയില്‍ നിന്നും എസിസി സിമന്റ്സിനെയും അംബുജ സിമന്റ്സിനെയും വിലയ്ക്കെടുത്തതോടെ ഇന്ത്യയിലെ രണ്ടാമത്തെ വലിയ സിമന്റ് കമ്പനിയായി അദാനി ഗ്രൂപ്പ് മാറിയത് ഈയിടെയാണ്.
അംബുജ സിമന്റ്സിന്റെ ഓഹരി വിലയില്‍ ബുധനാഴ്ച 8 രൂപ 30 പൈസ കയറി. വില ഇപ്പോള്‍ 344 രൂപ 80 പൈസയില്‍ എത്തിനില്‍ക്കുകയാണ്.
ഹിന്‍ഡന്‍ബര്‍ഗിനെതിരെ യുഎസിലെ പ്രമുഖ നിയമസ്ഥാപനമായ വാക് ടെലിനെ അദാനി ഇറക്കിയതും മ്യൂച്വല്‍ ഫണ്ടുകളില്‍ വലിയ ആത്മവിശ്വാസം ഉണര്‍ത്തിയിട്ടുണ്ട്. നിശ്ശബ്ദമായ പ്രതിരോധപ്രവര്‍ത്തനമാണ് അദാനി നടത്തുന്നത്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് അദാനി ഓഹരികളെ ഇപ്പോള്‍ തളര്‍ത്തിയെന്നത് നേരാണ്. പക്ഷെ അധികം വൈകാതെ അദാനി കളം തിരിച്ചുപിടിക്കുമെന്നത് തന്നെയാണ് കരുതപ്പെടുന്നത്.
അദാനി എന്റര്‍പ്രൈസസിന്റെ അനുബന്ധ ഓഹരി വില്പന നടക്കുന്ന സമയത്ത് തന്നെ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത് ഒരു ഗൂഢാലോചനയുടെ ഭാഗം തന്നെയാണെന്നാണ് കരുതുന്നത്. മാത്രമല്ല, ഹിന്‍ഡന്‍ബരര്‍ഗ് അത്ര പരിശുദ്ധരൊന്നുമല്ല. അമേരിക്കയില്‍ ഹിന്‍ഡന്‍ബര്‍ഗും അന്വേഷണം നേരിടുന്ന കമ്പനിയാണെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: