തിരുവനന്തപുരം: ചിന്ത ജെറോമിനെ ചുറ്റിപ്പറ്റിയുള്ള വിവാദം സിപിഎമ്മിനും ഡിവൈഎഫ് ഐയ്ക്കും തലവേദനയാവുകയാണെന്ന് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നും ചില സൂചനകള്‍ പുറത്തുവരുന്നു. പാര്‍ട്ടി അര്‍ഹമായതിനേക്കാള്‍ കൂടുതല്‍ പരിഗണന ചിന്തയുടെ കാര്യത്തില്‍ നല്‍കിയെന്നാണ് പാര്‍ട്ടിയില്‍ തന്നെ ഒരു വിഭാഗം പറയുന്നത്. സംഘടനയിലും അധികാരത്തിലും ഒരു പോലെ അംഗീകാരം ലഭിച്ച ചുരുക്കം ചില നേതാക്കളില്‍ ഒരാളാണ് ചിന്ത.
കഴിഞ്ഞ സമ്മേളനത്തില്‍ ഡിവൈഎഫ് ഐയുടെ അഖിലേന്ത്യാ നേതൃത്വത്തിലേക്ക് ചിന്ത ഉയര്‍ന്നതോടെ പാര്‍ട്ടിയില്‍ ചിന്തയെ ആരും ചോദ്യം ചെയ്യാനില്ലാത്ത നില വന്നു. എന്നാല്‍ ചിന്തയുടെ പ്രസംഗത്തിലെ പോരായ്മകള്‍ പലപ്പോഴും സമൂഹമാധ്യമങ്ങള്‍ ഉയര്‍ത്തിയെങ്കിലും അതൊക്കെ പാര്‍ട്ടി സധൈര്യം നേരിട്ടു. പക്ഷെ വാഴക്കുല എഴുതിയത് വൈലോപ്പിള്ളിയാണെന്നും വൈലോപ്പിള്ളിയുടെ സ്പെല്ലിംഗ് ഇംഗ്ലീഷ് പിഎച്ച് ഡി എടുക്കാനുള്ള പ്രബന്ധത്തില്‍ തെറ്റിച്ചെഴുതിയതും ചില്ലറ നാണക്കേടല്ല പാര്‍ട്ടിക്കുണ്ടാക്കിയത്. പിന്നീട് ബോധി കോമണ്‍സ് എന്ന വെബ് സൈറ്റില്‍ അതേ അക്ഷരപ്പിശകോടുകൂടിയ ലേഖന ഭാഗം കണ്ടെത്തിയതോടെ ചിന്തയ്ക്ക് പ്രതിരോധിക്കാന്‍ കഴിയാതെ വന്നു. .
പാര്‍ട്ടി സഖാക്കളെ അച്ചടക്കവും പൊളിറ്റിക്കല്‍ കറക്ട്നെസ്സും പഠിപ്പിക്കുന്ന ചുമതല ചിന്തയ്ക്ക് പാര്‍ട്ടി ഏല്പിച്ച ഉത്തരവാദിത്വങ്ങളില്‍ ഒന്നാണ്. പി.കെ. ഗുരുദാസനെപ്പോലുള്ളവര്‍ ഉയര്‍ന്നുവന്ന കൊല്ലം ജില്ലയിലെ നേതാവായ ചിന്ത യാതൊരു കുറ്റബോധവുമില്ലാതെ ആഡംബര റിസോര്‍ട്ടിന്റെ ആനുകൂല്യം പറ്റിയതും വലിയ അസ്വാസ്ഥ്യം പാര്‍ട്ടിതലത്തില്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇത് പാര്‍ട്ടി നയത്തില്‍ നിന്നുള്ള മധ്യവര്‍ഗ്ഗ ചാഞ്ചാട്ടമാണെന്നാണ് ചില സഖാക്കള്‍ പറയുന്നത്. എം.എ. ബേബി ഉള്‍പ്പെടെ ഒട്ടേറെ നേതാക്കള്‍ ചിന്തയെ സംരക്ഷിക്കാന്‍ കൂടെയുണ്ടെന്നുള്ളതാണ് ചിന്തയുടെ ബലം. കഴിഞ്ഞ ദിവസം ചിന്തയെ പിന്തുണച്ച് വിധു വിന്‍സന്റ് എന്ന ഇടത്പക്ഷ ചലച്ചിത്ര സംവിധായിക കുറിപ്പെഴുതിയതും ചിന്തയെ സംരക്ഷിക്കാന്‍ പാര്‍ട്ടിയ്ക്കും പാര്‍ട്ടിയുടെ സാംസ്കാരിക മേഖലയിലും ചിന്തയ്ക്ക് അനുകൂലമായ അധികാരസംഘം സജീവമാണെന്നതിന്റെ സൂചനയാണ്.
ഒരു നല്ല സഖാവെങ്ങിനെ ആകണം, എന്തൊക്കെ ജാഗ്രത പുലര്‍ത്തണം എന്നൊക്കെ ക്ലാസെടുക്കുന്ന നേതാവാണ് ചിന്ത. ഇനി എങ്ങിനെ ചിന്തയെക്കൊണ്ട് ഇത്തരം ക്ലാസുകള്‍ എടുപ്പിക്കും എന്ന സംശയവും പാര്‍ട്ടിക്കുള്ളില്‍ ഇല്ലാതില്ല. കാരണം സ്വന്തം കാര്യത്തില്‍ പാര്‍ട്ടി നയങ്ങളില്‍ നിന്നും ചിന്ത വ്യതിചലിച്ചു. ഇപ്പോഴത്തെ റിസോര്‍ട്ട് വിവാദത്തില്‍ നിന്നും അമ്മയുടെ ചികിത്സയുടെ പേര് പറഞ്ഞാണ് ചിന്ത തലയൂരിയത്. മാത്രമല്ല, മുമ്പുള്ള റിസോര്‍ട്ട് ഉടമയ്ക്ക് കിട്ടാത്ത തീരദേശപരിപാലന നിയമം ലംഘിച്ചിട്ടില്ലെന്ന സര്‍ട്ടിഫിക്കറ്റ് എങ്ങിനെ പുതിയ ഉടമസ്ഥന് ഡാര്വിന് സംഘടിപ്പിച്ചു എന്നതും സംശയത്തിനിടയാക്കുന്നു. ഇതില്‍ ചിന്തയുടെ അധികാരവും ഉപയോഗിക്കപ്പെട്ടിട്ടുണ്ടോ എന്നും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. റിസോര്‍ട്ട് ഉടമയും ഭാര്യയും ചിന്തയും എല്ലാം ബോട്ട് യാത്ര നടത്തുന്ന ചിത്രവും ഇവരുടെ അടുപ്പം സൂചിപ്പിക്കുന്ന തെളിവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: