കാഞ്ഞങ്ങാട്: കിഴൂര്‍ കടപ്പുറത്ത് ഉണ്ടായ തോണിയപകടത്തില്‍പ്പെട്ട മൂന്നു പേരെ സ്വന്തം ജീവന് പണയപ്പെടുത്തി അതിസാഹസികമായി രക്ഷിച്ചെടുത്ത് ഹിറോയായി മാറിയ യുവാവിനെ തേടി രാഷ്ട്രപതിയുടെ ജീവന് രക്ഷാപതക്. ബേക്കല്‍ കുറുംബാ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ ബി. ബബീഷ്(32) ഈ അപൂര്‍വ്വ ദേശീയ ബഹുമതി ലഭിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് കഴിഞ്ഞ മാസം 30ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ബല്ല ഐഎഎസ് ഒപ്പിട്ട ഉത്തരവ് ബബീഷിന് ലഭിച്ചിട്ടുണ്ട്.
2021 ആഗസ്റ്റ് 21ന് രാവിലെ എട്ട് മണിയോടെയാണ് കീഴൂര്‍ കടപ്പുറത്തുണ്ടായ അപകടത്തില്‍പ്പെട്ട മൂന്നുപേരെ ബബീഷ് രക്ഷപ്പെടുത്തിയത്. ശക്തമായ തിരമാലകളെ അതിജീവിച്ചായിരുന്നു ബബീഷ് അന്ന് സാഹസിക പ്രവൃത്തിക്കിറങ്ങിയത്. സംഭവം വാര്‍ത്താ മാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചയായി മാറിയിരുന്നു. നിരവധി ആദരം ബബീഷ് ഏറ്റുവാങ്ങിയിരുന്നു. ഇപ്പോള്‍ പള്ളിക്കര റെഡ്മൂണ്‍ ബീച്ചിലെ ബോട്ട് ജോലി ചെയ്തുവരികയാണ്. അവിവാഹിതനാണ് ബബീഷ്.
എ.ബാലകൃഷ്ണന്, എം.വിമല ദമ്പതികളുടെ മകനാണ്. സഹോദരന് ബനീഷ്. താന്‍ ഒന്നും പ്രതീക്ഷിക്കാതെയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയതെന്നും ഇപ്പോള്‍ രാഷ്ട്രപതിയുടെ ജീവന് രക്ഷാപതക്ക് ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ബബീഷ് ജന്മഭൂമിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: