കാസര്‍കോട്: നഗരമധ്യത്തില്‍ ഒമ്പത് വൈദ്യുതി തൂണുകള്‍ തകര്‍ന്നുവീണു. ഒരെണ്ണം പൂര്‍ണമായും തകര്‍ന്ന് വീഴുകയും ബാക്കിയുള്ളവ ഭാഗികമായും തകര്‍ന്നനിലയിലുമാണ്.
കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് മുതല്‍ നുള്ളിപ്പാടി വരെയുള്ള ഹൈടെന്‍ഷന്‍ ലൈന്‍ ഉൾപ്പടെയുള്ള വൈദ്യുതി തൂണുകളാണ് തകര്‍ന്നത്. ദേശീയപാത നവീകരണത്തിന്റെ ഭാഗമായി നുള്ളിപ്പാടി മസ്ജിദിലെ മുന്‍ ഭാഗം തകര്‍ക്കുന്നതിനിടെ ഒരുഭാഗം സമീപത്തെ വൈദ്യുതി ലൈനിലേക്ക് തകര്‍ന്ന് വീണതാണ് പോസ്റ്റുകള്‍ തകരാന്‍ കാരണമായത്.
ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് അപകടമുണ്ടായത്. ഭാഗ്യം കൊണ്ടാണ് വന്‍ദുരന്തം ഒഴിവായത്. ദേശീയ പാതയിലേക്കടക്കം വൈദ്യുതി തൂണുകള്‍ തകര്‍ന്നുവീണതിനാല്‍ കാസര്‍കോട് നിന്ന് ചെര്‍ക്കള ഭാഗത്തേക്കുള്ള ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. പോലീസ് സ്ഥലത്തെത്തി വാഹനങ്ങള്‍ വഴി തിരിച്ചുവിട്ടു. ദേശീയ പാത നിര്‍മാണ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് നേരത്തെ തന്നെ നഗരത്തില്‍ റോഡുകളില്‍ സ്ഥലപരിമിതി നേരിടുന്നുണ്ട്. അതിനിടെ ഒരു ഭാഗത്തേക്കുള്ള ഗതാഗതം കൂടി നിലച്ചതോടെ വാഹനങ്ങള്‍ കടന്നുപോകാന്‍ ഏറെ ബുദ്ധിമുട്ടി.
ആളുകളുടെ മേലിലോ വാഹനങ്ങളിലോ തൂണുകള്‍ പതിക്കാത്തത് മൂലം വലിയ ദുരന്തം വഴിമാറുകയായിരുന്നു. അപകടം നടന്നയുടന്‍ കെഎസ്ഇബി ഈ ലൈനിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. വൈദ്യുതി മുടങ്ങിയത് നഗരത്തിലെ കടകളില്‍ വ്യാപാരത്തെ ബാധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: