തിരുവനന്തപുരം: തിരുവനന്തപുരം: സ്കൂള്‍ കലോത്സവത്തില്‍ 16 വര്‍ഷമായി പഴയിടം മോഹനന്‍ നമ്പൂതിരി സദ്യ വിളമ്പിയത് ബ്രാഹ്മണിക്കല്‍ ഹെജിമണിയാണെന്നാണ് ഡോ. അരുണ്‍കുമാര്‍ കണ്ടുപിടിച്ചത്. അല്ലാതെ കുറഞ്ഞ ക്വട്ടേഷന്‍ നല്‍കിയതുകൊണ്ടല്ലത്രെ.
ഇപ്പോഴിതാ കോഴിക്കോട് ആദിവാസി യുവാവ് വിശ്വനാഥന്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടതും ബ്രാഹ്മണിക്കല്‍ ഹെജിമണിയാണെന്ന വിചിത്ര വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് സിപിഎമ്മിന്റെ കലാസാംസ്കാരിക സംഘടനയായ പുരോഗമന കലാസാഹിത്യ സംഘം (പുകസ). വിശ്വനാഥന്റെ മരണവുമായി ബന്ധപ്പെട്ട് പുകസ പുറത്തിറക്കിയ പ്രസ്താവനയിലാണ് ബ്രാഹ്മണിക്കല്‍ അധീശത്വമാണ് വിശ്വനാഥന്റെ മരണത്തിന് കാരണമായതെന്ന് ചൂണ്ടിക്കാണിക്കുന്നത്.
മോഷണക്കുറ്റം ആരോപിച്ച് അട്ടപ്പാടിയിലെ മധുവിനെ ആൾക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയതും ബ്രാഹ്മണിക്കല്‍ ഹൈന്ദവ അധീശത്വത്തിന് ചാര്‍ത്തിക്കൊടുക്കുകയാണ് പുകസ. . മനുഷ്യന്റെ ജാതിയും മതവും നിറവും രൂപവും വസ്ത്രവും നോക്കി കുറ്റക്കാരെന്ന് വിധിക്കുന്ന പ്രാകൃതനീതി ബ്രാഹ്മണിക്കല്‍ ഹെജിമണിയുടെ ഭാഗമായിരുന്നു എന്നും പുകസ പറയുന്നു.
ഇനി കുറ്റപത്രം വരെ സമര്‍പ്പിക്കപ്പെട്ട മധുവിന്റെ മരണത്തെ സംബന്ധിച്ച് പരിശോധിക്കാം. ആദിവാസി ഊരിലെ മല്ലെന്റെ മകന്‍ മധുവിനെ തല്ലിക്കൊന്നത് ആള്‍ക്കൂട്ടമാണ്. കടയില്‍ നിന്നും സാധനങ്ങള്‍ മോഷ്ടിക്കുന്നു എന്ന് ആരോപിച്ചാണ് കൊന്നത്. മധുവിനെ ഉടുമുണ്ട് അഴിച്ച് കയ്യില്‍കെട്ടിയ ശേഷം മര്‍ദ്ദിക്കുകയായിരുന്നു. പീന്നീട് മുക്കാലി എന്ന കവലയിലേക്ക് കൊണ്ടുവന്ന് വീണ്ടും മര്‍ദ്ദിച്ചു. ഒന്നാം പ്രതി ഹുസൈൻ, മൂന്നാം പ്രതി ഷംഷുദ്ദീൻ, പതിനാറാം പ്രതി മുനീർ എന്നിവരാണ് മധുവിനെ ക്രൂരമായി മർദ്ദിച്ചതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
മധുവിനെ പിടികൂടിയ അജമുടി ഭാഗത്ത് വച്ച് മര്‍ദനത്തിന് നേതൃത്വം നല്‍കിയത് ആറു പ്രതികളാണ്. അതില്‍ സിഐടിയു നേതാവും ടാക്സി ഡ്രൈവറുമായ മൂന്നാം പ്രതി ഷംഷുദ്ദീന്‍ വടികൊണ്ട് അടിച്ചതിനാല്‍ ഇടതു ഭാഗത്തെ വാരിയെല്ല് പൊട്ടി. പതിനാറാം പ്രതി മുനീര്‍ കാല്‍മുട്ടുകൊണ്ട് നടുവിന് ഇടിച്ചു. ഉച്ചയ്‌ക്ക് ഒന്നരയോടെ മുക്കാലിയിലെത്തിയ ഒന്നാം പ്രതി ഹുസൈന്റെ ചവിട്ടേറ്റ് വീണ മധുവിന്റെ തല ക്ഷേത്ര ഭണ്ഡാരച്ചുവരിലിടിച്ച് പരിക്കേറ്റെന്നും കുറ്റപത്രം പറയുന്നു. മധുവിന്റെ ശരീരത്തിലേറ്റ പതിനഞ്ചിലേറെ പരിക്കുകളാണ് മരണത്തിലേക്ക് നയിച്ചതെന്നായിരുന്നു പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടുകളിലൊന്നും ഒരു ബ്രാഹ്മണനും ഇല്ല. പിന്നെ എങ്ങിനെയാണ് ബ്രാഹ്മണമേധാവിത്വം കേരളത്തില്‍ നില നിന്ന കാലത്തെ ബ്രാഹ്മണന്റെ അധീശത്വത്തെ ഇപ്പോഴും പുകസയും ഡോ. അരുണ്‍ കുമാറും സിപിഎമ്മും കൂട്ടുപിടിക്കുന്നത് എന്നറിയുന്നില്ല.
മധുവിനെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത് ഉബൈദാണെന്ന് പറയുന്നു. മുസ്ലിം ലീഗ് നേതാവ് ഷംസുദ്ദീനെ അനുയായിയാണ് ഉബൈദ്. മുക്കാലി പാക്കുളത്തെ വ്യാപാരി കെ.ഹുസൈന്‍, സംഘത്തിലുണ്ടായിരുന്നു പി.പി. കരിം എന്നിവരെ മധുവിന്റെ മരണം സംഭവിച്ച ഉടന്‍ അഗളി പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.. എന്നിട്ടും മധുവിന്റെ മരണത്തിലും ഇപ്പോള്‍ കോഴിക്കോട് ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തിലും വില്ലന്‍ ബ്രാഹ്മണിക്കല്‍ ഹെജിമണിയെന്ന് പുരോഗമനകലാ സാഹിത്യ സംഘം പറയുന്നത് എന്തടിസ്ഥാനത്തിലാണ് എന്ന് മനസ്സിലാകുന്നില്ല. എന്തിന് മധുവിനെതിരെ സാക്ഷികളായ 21 പേരെ ഒന്നൊന്നായി കൂറുമാറ്റുമ്പോള്‍ ഒരക്ഷരം മിണ്ടാത്തവരാണ് ഈ പുരോഗമന കലാസാഹിത്യ സംഘം എന്നോര്‍ക്കണം.
ആദിവാസി യുവാവ് വിശ്വനാഥന്റെ അസ്വാഭാവിക മരണത്തിന് കാരണം രാജ്യം ഭരിക്കുന്ന ബ്രാഹ്മണിക്കൽ ഹിന്ദുത്വമേധാവിത്തത്തിന് കേരളീയസമൂഹവും കീഴ്പ്പെടുന്നതിന്റെ സൂചനയാണെന്നാണ് പുകസ പ്രസ്താവനയില്‍ വാദിക്കുന്നത്. ഭരണാധികാരത്തിന്റെ മറവിൽ പ്രചരിക്കുന്ന ബ്രാന്മണിക് ഹിന്ദുത്വ മേധാവിത്ത മൂല്യങ്ങൾക്കെതിരായ സാംസ്കാരിക പ്രതിരോധം കേരളത്തിലും നടത്തേണ്ടതുണ്ടെന്ന് സംസ്ഥാന പ്രസിഡന്‍റ് ഷാജി എൻ കരുണും, ജനറൽ സെക്രട്ടറി അശോകൻ ചരുവിലും പറയുന്നു. മോദി ഭരണത്തെക്കുറിച്ച് ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്താനാണ് ഈ ബ്രാഹ്മണിക്കല്‍ ഹൈന്ദവ അധീശത്വപ്രയോഗമെന്ന് കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: