തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിന് കടന്നുപോകാനുള്ള സുരക്ഷാ നിയന്ത്രണത്തിനിടയില്‍ പിഞ്ചു കുഞ്ഞിനു മരുന്നു വാങ്ങാനെത്തിയ അച്ഛനെ പൊലീസ് തിരിച്ചയച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന് സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിര്‍ദേശിച്ചു. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഞായാറാഴ്ച വൈകിട്ടാണ് സംഭവം. കുഞ്ഞിന്റെ അമ്മയെ വിമാനത്താവളത്തില്‍ എത്തിച്ച ശേഷം മടങ്ങുന്ന വഴി കുഞ്ഞിന് കടുത്ത പനി അനുഭവപ്പെട്ടു. വരുന്നവഴി കാലടി മറ്റൂരിലെ മെഡിക്കല്‍ സ്റ്റോറിനു സമീപം കാര്‍ നിര്‍ത്തി. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം എത്തുന്നതിനാല്‍ കാര്‍ പാര്‍ക്ക് ചെയ്യരുതെന്ന് പൊലീസ് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇത് ചോദ്യംചെയ്ത മെഡിക്കല്‍ഷോപ്പ് ഉടമയോട് കട അടപ്പിക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തി. ഉടന്‍ തന്നെ എസ്ഐ എത്തി വണ്ടി മാറ്റാന്‍ ആവശ്യപ്പെട്ടുവെന്ന് കടയുടമ പറഞ്ഞു. തുടര്‍ന്ന് കാര്‍ മറ്റൊരു ഭാഗത്തേക്ക് മാറ്റിയിട്ട ശേഷം കുഞ്ഞിനെയും എടുത്ത് കടയിലെത്തി മരുന്നു വാങ്ങുകയായിരുന്നു. മരുന്നു വാങ്ങി മടങ്ങുമ്പോള്‍ എസ്ഐ വീണ്ടും തട്ടിക്കയറി. ഇതുകണ്ട് ചോദ്യം ചെയ്ത് കടയുടമയോടും എസ്ഐ തട്ടിക്കയറിയെന്ന് ഇവര്‍ പരാതിപ്പെടുന്നു. കുഞ്ഞ് പനിച്ചുകിടക്കുന്നത് കണ്ടില്ലേ എന്ന് ചോദിച്ചപ്പോള്‍ നീ കൂടുതല്‍ ജാഡയൊന്നും എടുക്കേണ്ട എന്നായിരുന്നു എസ്ഐയുടെ മറുപടി. കടയുടമ ചോദ്യംചെയ്തപ്പോള്‍ നിന്റെ കടയടപ്പിക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തി. എന്നാല്‍ ധൈര്യമുണ്ടെങ്കില്‍ അടപ്പിക്ക് എന്ന് കടയുടമയും വെല്ലുവിളിച്ചിട്ടുണ്ട്. എസ്ഐ സതീശ് എന്നയാളാണ് ഭീഷണിപ്പെടുത്തിയതെന്നും മുഖ്യമന്ത്രിക്കും പൊലീസ് ഉന്നതര്‍ക്കും പരാതി നല്‍കിയെന്നും കുടുംബം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: