കൊച്ചി : ജഡ്ജിമാരെ സ്വാധീനിക്കാനെന്ന പേരില്‍ കോഴ വാങ്ങിയെന്ന പരാതിയില്‍ അഭിഭാഷകനായ സൈബി ജോസിനെതിരായ അന്വേഷണം പ്രാഥമിക ഘട്ടത്തില്‍. സൈബിയെ ഉടന്‍ അറസ്റ്റ് ചെയ്യില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. കോഴ വാങ്ങിയതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേ ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.
തനിക്കെതിരെയുള്ള കേസിനു പിന്നില്‍ ഗൂഢാലോചനയാണെന്നും, ഇതുവരെയുള്ള പോലീസ് അന്വേഷണത്തില്‍ തനിക്കെതിരെ കണ്ടെത്തലുകള്‍ ഒന്നുമില്ലെന്നും സൈബി ജോസ് കോടതിയില്‍ അറിയിച്ചു. കേസ് അന്വേഷണവുമായി സഹകരിക്കുമെന്നും പറഞ്ഞു. എന്നാല്‍ പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെങ്കില്‍ അന്വേഷിക്കട്ടെ എന്ന് പറഞ്ഞ കോടതി കേസില്‍ എപ്പോള്‍ ആവശ്യപ്പെട്ടാലും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ സൈബി ജോസിന് നിര്‍ദ്ദേശം നല്കി. രണ്ടാഴ്ചയ്ക്ക് ശേഷം ഹര്‍ജി ഹൈക്കോടതി വീണ്ടും പരിഗണിക്കും.
ജഡ്ജിമാരെ സ്വാധീനിക്കാനെന്ന പേരില്‍ ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ കൊച്ചി സെന്‍ട്രല്‍ പോലീസാണ് സൈബി ജോസിനെതിരെ കേസെടുത്തത്. ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ ഡിജിപിക്ക് നല്കിയ പരാതിയിലാണ് അന്വേഷണം തുടങ്ങിയത്. ഐപിസി 420, അഴിമതി നിരോധനം സെക്ഷന്‍ 7 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുന്നതിനാലാണ് സൈബി ജോസിനെതിരായ വിജിലന്‍സ് കോടതിയില്‍ എഫ്ഐആര്‍ നല്‍കിയത്. അഭിഭാഷകനായ സൈബി ജോസ് 2019 ജൂലൈ 19 മുതല്‍ കൈക്കൂലി വാങ്ങിയെന്നാണ് എഫ്ഐആറില്‍ പറയുന്നത്.
അതേസമയം തനിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ വീടിനടുത്ത് താമസിക്കുന്ന വ്യക്തിയാണ്. ജഡ്ജിമാരുടെ പേരില്‍ പണം വാങ്ങിയിട്ടില്ല. ഗൂഢാലോചന പുറത്തുകൊണ്ടുവരണം. താന്‍ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണെന്നും സൈബി ജോസ് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: