മുംബൈ: പ്രഥമ വനിത പ്രീമിയര്‍ ലീഗില്‍ (ഡബ്ല്യു.പി.എല്‍) മലയാളി താരം മിന്നു മണിയും. ആവേശകരമായ താരലേലത്തില്‍ 30 ലക്ഷം രൂപക്കാണ് വയനാട്ടുകാരിയെ ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കിയത്. വനിത ഐ.പി.എല്ലിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളി താരമാണ് മിന്നു.കേരള ടീമില്‍ സ്ഥിര സാന്നിധ്യമായ മിന്നു ബംഗ്ലാദേശ് പര്യടനം നടത്തിയ ഇന്ത്യ എ ടീം അംഗമായിരുന്നു.
പത്ത് ലക്ഷം രൂപയായിരുന്നു ഓള് റൗണ്ടറായ മിന്നുവിന്റെ അടിസ്ഥാന വില. റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍, മുംബൈ ഇന്ത്യന്‍സ് ടീമുകളും ഇടംകൈ ബാറ്ററും വലംകൈ ഓഫ് സ്പിന്നറുമായ മിന്നുവിനായി രംഗത്തുണ്ടായിരുന്നു.
മാനന്തവാടി ജിവിഎച്ച്എസ്എസില്‍ എട്ടില്‍ പഠിക്കുമ്പോള്‍ കായിക അധ്യാപിക എത്സമ്മയാണ് മിന്നുവിലെ കായിക താരത്തെ കണ്ടെത്തിയത്. അനുമോള്‍ ബേബി, ഷാനവാസ് എന്നിവരായിരുന്നു ആദ്യ പരിശീലകര്‍. തൊടുപുഴയിലെ ജൂനിയര്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനം ആരംഭിച്ചതോടെയാണ് അവസരങ്ങള്‍ തേടി കണ്ടെത്തിയത്.
ചരിത്രത്തിലാദ്യമായി കേരളം അണ്ടര്‍ 23 ചാംപ്യന്മാരായപ്പോള് ടൂര്‍ണമെന്റിലെ ടോപ് സ്കോറര്‍ ആയി. ആഭ്യന്തര ക്രിക്കറ്റിലെ മിന്നുന്ന പ്രകടനം ചാലഞ്ചര്‍ ട്രോഫിയില്‍ ഇന്ത്യ ബ്ലൂ ടീമിലും ബോര്‍ഡ് പ്രസിഡന്റ്സ് ഇലവനിലും ഇന്ത്യ എ ടീമിലുമെത്തിച്ചു.
കേരളത്തില്‍നിന്ന് ഇന്ത്യന്‍ വനിത എ ടീമിലെത്തുന്ന ആദ്യ വനവാസി പെണ്‍കുട്ടിയാണ് മിന്നു മണി. കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെ.സി.എ) ജൂനിയര്‍ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം, യൂത്ത് പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം, പ്രോമിസിങ് പ്ലെയര്‍ പുരസ്കാരം തുടങ്ങിയവ നേടിയിട്ടുണ്ട്.
.മാനന്തവാടി ഒണ്ടയങ്ങാടി മണി-വസന്ത ദമ്പതികളുടെ മകളാണ് മിന്നു മണി. പിതാവ് കൈപ്പാട്ട് മാവുംകണ്ട മണി കൂലിപ്പണിക്കാരനാണ്. അമ്മ വസന്ത. സഹോദരി നിമിത.രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥി.
സീനിയര്‍ വനിതാ ക്രിക്കറ്റിനായി ഹൈദരാബാദിലാണിപ്പോള്‍ മിന്നു മണി. ഒട്ടും പ്രതീക്ഷിച്ചതല്ല, ഐപിഎല്ലില്‍ കളിക്കാനുള്ള അവസരം സന്തോഷമുള്ളതാണെന്ന് സീനിയര്‍ വനിതാ ക്രിക്കറ്റില്‍ ദക്ഷിണമേഖലയ്ക്കായി കളിക്കാനെത്തിയ മിന്നു പറഞ്ഞു. ആദ്യകളിയില്‍ പശ്ചിമ മേഖലയ്ക്കെതിരെ 73 റണ്ണെടുത്ത് തിളങ്ങി. കിഴക്കന്‍ മേഖലയുടെ രണ്ട് വിക്കറ്റും സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: