തിരുവനന്തപുരം: ഉപ്പു തൊട്ടു കര്‍പ്പൂരം വരെ വിലക്കയറ്റം സൃഷ്ടിക്കുന്ന സെസ് പിരിവുകളും വെള്ളം, വൈദ്യുതി, കെട്ടിടം, വസ്തു തുടങ്ങി സര്‍വമേഖലകളിലും നികുതി ഭാരം അടിച്ചേല്പിച്ച് സാധാരണക്കാരനെ കൊള്ളയടിക്കുകയും സാമ്പത്തിക പ്രതിസന്ധിക്ക് കേന്ദ്രത്തെ പഴി പറയുകയും ചെയ്യുന്ന സംസ്ഥാന സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി നികുതി പിരിക്കാതെ സര്‍ക്കാര്‍ ഖജനാവിന് പാഴാക്കിയത് ആയിരക്കണക്കിന് കോടികള്‍. സംസ്ഥാനത്തെ വന്‍കിട തോട്ടഉടമകള്‍ സര്‍ക്കാരിന് നല്‍കേണ്ട പാട്ടതുകയാണ് വര്‍ഷങ്ങളായി ഈടാക്കാന്‍ യാതൊരു നടപടിയും സ്വീകരിക്കാതെ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ പാഴാക്കിയത്.
1963 ലെ ഭൂപരിഷ്കരണ നിയമം നിലവില്‍ വന്നശേഷം 15 ഏക്കര്‍ സീലീംഗ് പരിധിയില്‍ കവിഞ്ഞുള്ള ഭൂമി സര്‍ക്കാരിന്റെ മിച്ചഭൂമിയായി ഏറ്റെടുക്കാം. ജന്മിയുടെ കൈവശമുള്ള തോട്ടഭൂമിയാണെങ്കില്‍ 15 ഏക്കറിനുമുകളില്‍ ഇളവു നേടി കൃഷി ചെയ്യാം. ഈ ഭൂമി തരംമാറ്റിയാല്‍ ഉടന്‍ സര്‍ക്കാരിന് തിരിച്ചെടുക്കാം. ഭൂപരിഷ്കരണനിയമം നിലവില്‍ വരുന്നതിന് മുമ്പ് ജന്മി പാട്ടത്തിനു കൊടുത്ത ഭൂമിയാണെങ്കില് പാട്ടക്കാരന് കുടിയാനായി മാറും.
നിയമം നിലവില്‍ വരുന്നതിന് മുമ്പ് ജന്മിയാണ് പാട്ടതുക പിരിക്കാന്‍ അധികാരിയായിരുന്നുവെങ്കില്‍ നിയമമനുസരിച്ച് ആ അധികാരം സര്‍ക്കാരില്‍ നിക്ഷിപ്തമായി. ഭൂപരിഷ്കരണനിയമത്തിലെ സെക്ഷന്‍ 72 ഇയില്‍ പാട്ടക്കാരന്റെ കൈവശമുള്ള ഇത്തരം ഭൂമിയുടെ പാട്ടതുക സര്‍ക്കാര്‍ കുടിയാനില്‍ നിന്നും ഈടാക്കണമെന്ന് വ്യക്തമായി പറയുന്നു.
പണ്ട് രാജ്യത്തെ പല രാജകുടുംബങ്ങളുടെയും കൈവശമുണ്ടായിരുന്ന ഏക്കര്‍ കണക്കിന് ഭൂമി ഇങ്ങനെ സ്വദേശിക്കും വിദേശിക്കുമായി പാട്ടത്തിന് നല്‍കിയത്. വിദേശികള്‍ക്ക് പാട്ടത്തിന് നല്കിയ ഭൂമികള്‍ സ്വാഭാവികമായും സര്‍ക്കാരില്‍ നിക്ഷിപ്തമാവണമായിരുന്നു. എന്നാല്‍ പല വിദേശകമ്പനികളും വ്യാജരേഖകള്‍ ചമച്ചും അനധികൃതമായി കൈമാറ്റം ചെയ്തും സര്‍ക്കാര്‍ ഭൂമി സ്വന്തമാക്കി.
ഇതു പിടിച്ചെടുക്കാനും സര്‍ക്കാരുകള്‍ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഇതിനു പുറമെയാണ് രാജ്യത്തെ വന്‍കിടതോട്ടഉടമകള്‍ ഇന്നു കൈവശം വച്ചിരിക്കുന്ന പാട്ടഭൂമിയില്‍ നിന്നും പാട്ടതുക ഈടാക്കാന്‍ നാളിതുവരെ ഒരു സര്‍ക്കാരും നടപടി സ്വീകരിക്കാതിരിക്കുന്നത്. രണ്ട് ലക്ഷം ഏക്കറിലധികം ഭൂമിയാണ് ഇത്തരം തോട്ടമുടമകളുടെ കൈവശം ഉള്ളത്. ഭൂ പരിഷ്കരണ നിയമത്തിലെ വ്യവസ്ഥകള്‍ നിലവില്‍ വന്നു തുടങ്ങിയ 1970 മുതല്‍ നാളിതുവരെ പാട്ടതുക നിശ്ചയിച്ച് വന്‍കിട തോട്ടമുടമകളില്‍ നിന്നും തുക ഈടാക്കിയിരുന്നുവെങ്കില്‍ ഖജനാവില്‍ കോടികളുടെ വരുമാനമുണ്ടായേനെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: