ന്യൂദല്‍ഹി: വേദങ്ങളിലേക്ക് മടങ്ങാന്‍ ആഹ്വാനം ചെയ്യുകയും ഹിന്ദു ധര്‍മ്മത്തിലെ അനാചാരങ്ങളെ ഉന്മൂലനം ചെയ്യാന്‍ നിരന്തരം പരിശ്രമിക്കുകയും ചെയ്ത മഹര്‍ഷി ദയാനന്ദ സരസ്വതി നമ്മെ നമ്മുടെ പാരമ്പര്യത്തില്‍ അഭിമാനിക്കാന്‍ പഠിപ്പിച്ച ആചാര്യനായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആര്യസമാജം സ്ഥാപിച്ച, സത്യാര്‍ഥപ്രകാശം രചിച്ച, ഭാരതത്തിന്റെ നവോത്ഥാനത്തിന് അശ്രാന്തം ശ്രമിച്ച മഹര്‍ഷി ദയാനന്ദ സരസ്വതിയുടെ ഒരു വര്‍ഷം നീളുന്ന 200-ാം ജന്മവാര്ഷികാഘോഷങ്ങള് ഉദ്ഘാടനം ചെയ്യുകയായിരുന്നു മോദി.
ലോകത്തിനു മുഴുവന്‍ പ്രചോദനവും വഴികാട്ടിയുമായിരുന്ന അദ്ദേഹം, ഇന്ത്യയെ ദുര്‍ബലപ്പെടുത്താനും നമ്മുടെ സംസ്കാരത്തെ അപഹസിക്കാനും ശ്രമം നടന്നിരുന്ന കാലത്താണ് ജീവിച്ചിരുന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നൂറ്റാണ്ടുകളുടെ അടിമത്തംപേറി നമ്മുടെ ആത്മവിശ്വാസം പോലും തകര്‍ന്നുപോയ, സാംസ്കാരിക വേരുകള്‍ പോലും നശിപ്പിക്കാന്‍ നീക്കങ്ങളുണ്ടായ കാലം. നമ്മുടെ പാരമ്പര്യവും വേദങ്ങളും ഇതര ധര്‍മ്മഗ്രന്ഥങ്ങളും അപാകതകള്‍ നിറഞ്ഞതാണെന്ന ധാരണയും പ്രചാരണങ്ങളും അദ്ദേഹം തച്ചുടച്ചു. അയിത്തത്തിനും വിവേചനങ്ങള്‍ക്കുമെതിരെ അദ്ദേഹം പൊരുതി. ഹിന്ദുമതത്തിലേതെന്ന് കളവു പറഞ്ഞ് അടിച്ചേല്‍പ്പിച്ചിരുന്ന ദുരാചാരങ്ങളെ അദ്ദേഹം അതേ മതത്തിന്റെ പ്രകാശം ചൊരിഞ്ഞ് സത്യം എന്തെന്ന് കാട്ടിക്കൊടുത്തു. അയിത്തത്തിനെതിരായ പോരാട്ടമാണ് ദയാനന്ദ സരസ്വതിയുടെ ഏറ്റവും വലിയ സംഭാവനയും.
സ്ത്രീകള്‍ക്കെതിരായ വിവേചനങ്ങള്‍ക്കെതിരെ ശക്തമായി പോരാടിയ അദ്ദേഹം, അവരുടെ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയും നിലകൊണ്ടു. സ്ത്രീകള്‍ക്ക് തുല്യാവകാശം പാശ്ചാത്യ രാജ്യങ്ങളില്‍ പോലുമില്ലാതിരുന്ന കാലത്താണ് അദ്ദേഹം അതിനു വേണ്ടി പോരാടിയത്. സ്വാതന്ത്ര്യത്തിന്റെ അമൃത കാലത്ത് അദ്ദേഹം നമുക്ക് വിശുദ്ധമായ പ്രചോദനമാണ്. നമ്മുടെ പാരമ്പര്യം പുനരുദ്ധരിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്ന വ്യക്തിത്വമാണ് ദയാനന്ദ സരസ്വതി. അതിനുവേണ്ടി അദ്ദേഹം നിരവധി സ്ഥാപനങ്ങളും കെട്ടിപ്പടുത്തു. തന്നെ കാണാന്‍ വന്ന ബ്രിട്ടീഷ് ഓഫീസറോട് ധൈര്യത്തോടെ, എന്റെ ആത്മാവും ഇന്ത്യയുടെ ശബ്ദവും സ്വതന്ത്രമാണെന്ന് തുറന്നടിച്ച വ്യക്തിയായിരുന്നു അദ്ദേഹം. ലോകമാന്യ തിലകനും നേതാജിയും വീരസവര്‍ക്കറും ലാലാ ലജ്പതി റായിയും ലാലാ ഹര്‍ദയാലും ചന്ദ്രശേഖര്‍ ആസാദും രാമപ്രസാദ് ബിസ്മിലും അടക്കമുള്ള അസംഖ്യം സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് അദ്ദേഹമായിരുന്നു പ്രചോദനം, മോദി പറഞ്ഞു.
ദയാനന്ദ സരസ്വതി സ്ഥാപിച്ച ആര്യ സമാജത്തിന് 2024ല്‍ 150 വര്‍ഷം തികയുകയാണ്. വാര്‍ഷികത്തിന്റെ ലോഗോ പ്രകാശനം ചെയ്ത മോദി ദല്‍ഹി ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയില്‍ ഒരുക്കിയ പ്രദര്‍ശിനി കണ്ടു, യജ്ഞത്തില്‍ ആഹുതിയര്പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: